ശബരിമലയിലെ നിലവിലുള്ള നിരോധനാജ്ഞ ബുധനാഴ്ച അർധരാത്രി വരെ നീട്ടാൻ പത്തനംതിട്ട ജില്ലാ കളക്ടർ പിയു നൂഹ് ഉത്തരവിട്ടു. നിലവിൽ സംഘർഷത്തിന് സാധ്യതയില്ലെങ്കിലും നിരോധനാജ്ഞ ലംഘിക്കാൻ സംഘം ചേർന്ന പലരും എത്തിച്ചേരുന്നുണ്ടെന്ന് പൊലീസ് നൽകിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞദിവസമാണ് നിരോധനാജ്ഞ നീട്ടണമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാൻ ബിജെപി സംഘം എത്തിച്ചേർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇവരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. അക്രമം സൃഷ്ടിക്കാൻ സാധ്യത നിലനിൽക്കുന്നത് മുന്നിൽക്കണ്ടാണ് നിരോധനാജ്ഞ നീട്ടിയത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ശിവരാജന്റെ നേതൃത്വത്തിൽ 9 പേരാണ് നിരോധനാജ്ഞ ലംഘിക്കാനെത്തിയത്.
അറസ്റ്റ് ചെയ്ത് നീക്കിയ ഇവരെ പെരിനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യമുയർന്നത്.
Leave a Comment