X

വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തത് ജീവിതം മടുത്തതിനാലെന്ന് മരണമൊഴി; ഹർത്താലാഹ്വാനം നടത്തിയ ബിജെപി വെട്ടിലായി

ഡോക്ടറും മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി

സെക്രട്ടേറ്റ് നടയ്ക്കലുള്ള ബിജെപി ശബരിമല സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്. ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ ഇതിൽ പരാമർശമില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജീവിതം മടുത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് ഇദ്ദേഹം നൽകിയ മരണമൊഴിയിൽ പറയുന്നു. ഡോക്ടറും മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തി.

തിരുവനന്തപുരം പേരൂർക്കട മുട്ടട സ്വദേശിയായ വേണുഗോപാലൻ നായരുടെ ആത്മഹത്യക്കു പിന്നാലെ സംസ്ഥാനത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

പുലർച്ചെയാണ് വേണുഗോപാലൻ നായർ സ്വയം തീക്കൊളുത്തിയത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു. തീ കൊളുത്തിയതിനു പിന്നാലെ റോഡ് മുറിച്ചു കടന്ന് സമരപ്പന്തലിലേക്ക് കയറാൻ ഇദ്ദേഹം ശ്രമിക്കുകയുണ്ടായി. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും പൊലീസും ചേർന്ന് തീയണച്ചെങ്കിലും 90 ശതമാനം പൊള്ളലേറ്റിരുന്നു. വേണുഗോപാലൻ നായർ അയ്യപ്പഭക്തനാണെന്ന് സഹോദരങ്ങൾ പറഞ്ഞതിനു പിന്നാലെ ബിജെപിയുടെ ഹർത്താലാഹ്വാനം വരികയായിരുന്നു. ഭക്തരുടെ വികാരം സര്‍ക്കാര്‍ മാനിക്കണമെന്നും സര്‍ക്കാര്‍ തീക്കളി നടത്തുകയാണെന്നും സി.കെ.പത്മനാഭന്‍ പറയുകയുണ്ടായി.

ഇതിനിടെ വേണുഗോപാലൻ നായരുടേത് കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും സഹോദരങ്ങൾ സജീവ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും ചൂണ്ടിക്കാട്ടി ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രസ്താവന നടത്തിയിരുന്നു.

This post was last modified on December 14, 2018 7:03 am