X

ബിഷപ്പുമാരും മൊയില്യാക്കന്‍മാരും സര്‍ക്കാരിന്റെ നവോത്ഥാന സമിതിയില്‍ കയറിയിട്ടും എന്തുകൊണ്ടാണ് സഹോദരന്‍ അയ്യപ്പന്റെ പിന്‍മുറക്കാര്‍ക്ക് ഇടം കിട്ടാത്തത്?

നവോത്ഥാന പാരമ്പര്യം എന്നത് മത നവീകരണ ജാതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല

നവോത്ഥാന സമിതിയിലേക്ക് ബിഷപ്പുമാരും മുസ്ലീം പണ്ഡിതരും. വര്‍ഗീയ നവോത്ഥാന സമിതിയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന പ്രതിപക്ഷ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ് സര്‍ക്കാര്‍ എന്നാണ് ഈ നീക്കം നല്‍കുന്ന സൂചന. നാല് ക്രിസ്ത്യന്‍ പുരോഹിതന്‍മാരെയും 6 മുസ്ലീം പണ്ഡിതന്‍മാരെയുമാണ് സമിതിയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

178 സാമൂഹിക സംഘടനകളാണ് സമിതിയുടെ ഭാഗമായി ഇപ്പോള്‍ ഉള്ളത്. പുതിയ ആളുകളെ കൂടി ചേര്‍ത്ത് സമിതി വിപുലീകരിച്ചു മാര്‍ച്ച് പതിനഞ്ചിനകം എല്ലാ ജില്ലകളിലും ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കാനാണ് സര്‍ക്കാരിന്റെ ആലോചന. നവോത്ഥാന സമിതിയിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാമെന്നാണ് ഇടതുമുന്നണിയുടെ സ്വപ്നം.

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റും നവോത്ഥാനത്തില്‍ ഊന്നിയ നവകേരള നിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്കിയത്. ശ്രീനാരായണ ഗുരുവില്‍ തുടങ്ങി കുമാരനാശാന്റെ ദുരവസ്ഥയിലെ ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളേ താന്‍’ എന്ന വരി ഉദ്ധരിച്ചുകൊണ്ടാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. എന്തുകൊണ്ടാണ് കവിയായ കുമാരനാശാനോട് ഓട്ടു ഫാക്ടറി തുടങ്ങാന്‍ ആവശ്യപ്പെട്ടത്? എന്ന ചോദ്യമായിരുന്നു ഐസകിന്റെ ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ സുപ്രധാനമായ ഒരുചോദ്യം. പി എസ് ജലജ വരച്ച അയ്യങ്കാളിയുടെയും പഞ്ചമിയുടെയും ചിത്രമായിരുന്നു ബജറ്റ് ഡോകുമെന്റിന്റെ കവര്‍ ചിത്രം.

സ്ത്രീ ശാക്തീകരണ മികവിന് പുലയ സമുദായത്തില്‍ ജനിച്ച ഇന്ത്യയിലെ പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദധാരിണി ആയ ദാക്ഷായണി വേലായുധന്റെ പേരിലുള്ള പുരസ്കാരം നവോത്ഥാന സ്ത്രീപക്ഷ ദര്‍ശനങ്ങളില്‍ ഈ സര്‍ക്കാര്‍ കൊടുക്കുന്ന ഊന്നല്‍ എന്തെന്ന് വ്യക്തമാക്കുന്നു. ശ്രീനായണ ഗുരുവിന്റെ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ നടത്തിയ മിശ്രഭോജനത്തില്‍ പങ്കെടുത്ത കെ പി വള്ളോന്‍റെ സഹോദരിയാണ് ദാക്ഷായണി.

1917ല്‍ ചെറായിയില്‍ മിശ്രഭോജനം അഥവാ പന്തിഭോജനം സംഘടിപ്പിച്ച നവോത്ഥാന നായകനാണ് സഹോദരന്‍ അയ്യപ്പന്‍. ശ്രീനാരായണ ഗുരുവിന്റെ ഈ ശിഷ്യന്‍റെ പ്രവര്‍ത്തന മണ്ഡലം ജാതി നശീകരണമായിരുന്നു. അങ്ങനെയാണ് ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി അദ്ദേഹം മിശ്രഭോജനം സംഘടിപ്പിച്ചത്. സഹോദരന്‍ അയ്യപ്പന്റെ മറ്റൊരു പ്രമുഖ സംഭാവന യുക്തിവാദി മാസികയുടെ ആദ്യ പത്രാധിയപരായിരുന്നു അദ്ദേഹം എന്നതാണ്. അതായത് നവോത്ഥാന നായകരില്‍ ഒയാരാളായ സഹോദരന്‍ അയ്യപ്പന്‍ നിരീശ്വര വാദിയായിരുന്നു എന്നര്‍ത്ഥം.

നാസ്തികനായ നവോത്ഥാന നായകരില്‍ പ്രമുഖനാണ് സന്യാസി വാര്യനായ ബ്രഹ്മാനന്ദ ശിവയോഗി. പരമ്പരാഗത മതങ്ങള്‍ കൊണ്ടുനടന്നിരുന്ന ഈശ്വര സങ്കല്‍പ്പത്തെ തിരസ്ക്കരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ആനന്ദമതം സ്ഥാപിച്ചത്. ആര്‍ഷ ഭാരത സംസ്കാരത്തെ കുറിച്ച് തട്ടിമൂളിക്കുന്നവരോട് നാസ്തികവും ഭൌതികവുമായ ചിന്താധാരയായ ചാര്‍വാക ദര്‍ശനത്തെ കുറിച്ചും ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്.

പറഞ്ഞുവരുന്നത് ഇതാണ്. നവോത്ഥാന പാരമ്പര്യം എന്നത് മത നവീകരണ ജാതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. ശ്രീനാരായണ ഗുരുവിന്റെ പിന്‍മുറക്കാരനായ വെള്ളാപ്പള്ളി നടേശനും പുലയ മഹാസഭാ നേതാവ് പുന്നല ശ്രീകുമാറും അടക്കമുള്ള ജാതി സംഘടനകളുടെ വക്താക്കള്‍ മാത്രം നയിക്കേണ്ട പ്രസ്ഥാനമായിരിക്കരുത് നവോത്ഥാന സമിതി. സുകുമാരന്‍ നായര്‍ വരാത്തതുകൊണ്ട് നവോത്ഥാനത്തിന്റെ എന്തോ ഒരു വലിയ കഷണം അടര്‍ന്ന് പോയി എന്നു വിലപിക്കുന്നവര്‍ നാസ്തിക-ജാതി നശീകരണ-അന്ധവിശ്വാസ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്കും മിശ്ര വിവാഹമടക്കമുള്ളവ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ സംഘടനകള്‍ക്കും ഇടം കൊടുക്കാന്‍ ആവശ്യപ്പെടാത്തത് എന്താണ്?

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on February 4, 2019 5:08 pm