X

“സിപിഐ മന്ത്രിമാരുടെ യോഗ്യത: അഞ്ചടിയില്‍ താഴെ പൊക്കം, 90% കഷണ്ടി”; അത്ര തമാശയല്ല, കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ശരീര അവഹേളന പ്രസംഗം

കുന്നത്തുനാട് എം എല്‍ എ വി പി സജീന്ദ്രനാണ് അവഹേളന പ്രസംഗം നടത്തിയത്

കഷണ്ടിയുള്ള 30കാരന്‍ നായകനും തടിയുള്ള 25കാരി നായികയുമായ തമാശ അത്യാവശ്യം പ്രേക്ഷക ശ്രദ്ധ നേടി തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. കഷണ്ടി കാരണം പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് കോളേജ് അദ്ധ്യാപകനായ നായകന്റെ പ്രശ്നം. വിവാഹ മാര്‍ക്കറ്റില്‍ വലിയ റേറ്റിംഗ് ഇല്ല എന്നത് വലിയ അസ്ഥിത്വ പ്രശ്നമായി നായകനെ അലട്ടുന്നു. എന്നാല്‍ ഈ അസ്ഥിത്വ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത നായിക നല്‍കുന്ന പോസിറ്റീവ് എനര്‍ജിയില്‍ സൈബര്‍ ഗുണ്ടകളുടെ ആക്രമണങ്ങളെ അതിജീവിച്ച് സിനിമ ശുഭാന്ത്യത്തിലേക്ക് എത്തുന്നു.

എന്നാല്‍ സിനിമയല്ല പലപ്പോഴും ജീവിതം. നാട്ടുകാരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് തീരുമാനം എടുക്കുന്ന നിയമസഭയും.

ഇന്നലെ കോണ്‍ഗ്രസ്സ് എം എല്‍ എ വി പി സജീന്ദ്രനാണ് കടുത്ത ബോഡി ഷെയ്മിംഗ് കമന്റുമായി രംഗത്ത് വന്നത്. വെറുക്കപ്പെട്ടവന്റെ ബിനാമി കുന്നത്തുനാട്ടില്‍ 15 ഏക്കര്‍ നികത്തിയതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു സജീന്ദ്രന്‍. “റവന്യൂ മന്ത്രിയുടെ ഓഫീസിന് മുകളില്‍ മറ്റൊരു ഓഫീസ് ഉണ്ടെന്നും അത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും” സജീന്ദ്രന്‍ പറഞ്ഞു. അങ്ങനെ സി പി ഐ മന്ത്രിമാര്‍ ഒന്നിന്നും കൊള്ളാത്തവര്‍ ആണെന്ന് സ്ഥാപിക്കുന്നതിനിടയില്‍ ആണ് എം എല്‍ എയുടെ ശരീര അവഹേളന കമന്‍റ്. “സി പി ഐയില്‍ മന്ത്രിമാരാകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കം, 90% കഷണ്ടി” എന്നായിരുന്നു സജീന്ദ്രന്റെ കണ്ടെത്തല്‍.

എന്തായാലും സജീന്ദ്രന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭാരേഖയില്‍ നിന്നും നീക്കി കാര്യം പരിഹരിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രശ്നം പരിഹരിക്കപ്പെട്ടോ?

നമ്മുടെ പ്രാദേശിക, ദേശീയ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍ പലപ്പോഴും ഇത്തരം ശരീര അവഹേളന കമന്റുകള്‍ കൊണ്ട് സമൃദ്ധമാകാറുണ്ട്. ഇപ്പോള്‍ സൈബര്‍ ലോകം ബോഡി ഷെയ്മിംഗിന്റെ കൂത്തരങ്ങാണ്. ഒട്ടുമിക്കപ്പോഴും വനിതാ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും നടികളുമാണ് ഇതിന് വിധേയമാകാറുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നിറത്തിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ ഏറെ അപഹസിക്കപ്പെടുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രമ്യയെ ആക്രി സാധനം പെറുക്കാനെത്തുന്ന തമിഴ് നാടോടി സ്ത്രീയായി ചിത്രീകരിച്ചാണ് അവഹേളന കമന്‍റ് പോസ്റ്റ് ചെയ്തത്.

ബോളിവുഡ് നടി കരീന കപൂറാണ് കഴിഞ്ഞ ദിവസം അധിക്ഷേപത്തിന് പാത്രമായത്. കുടുംബത്തോടൊപ്പം നടത്തിയ അവധിക്കാല യാത്രയ്ക്കിടയില്‍ പോസ്റ്റ് ചെയ്ത സെല്‍ഫിക്കായിരുന്നു കമന്‍റ്. മേയ്ക്ക് അപ്പ് ഇല്ലാതെ നില്‍ക്കുന്ന കരീനയുടെ ചിത്രത്തിന് ആന്‍റി, മുത്തശി, വയസ്സി എന്നിങ്ങനെയൊക്കെയാണ് കമന്‍റ് ചെയ്തിരിക്കുന്നത്.

കേരളത്തിലെ മന്ത്രിമാരില്‍ ഏറെ അധിക്ഷേപത്തിന് പലപ്പോഴും പാത്രമാകാറുള്ളത് വൈദ്യുത മന്ത്രി എം എം മണിയാണ്. അദ്ദേഹത്തിന്റെ നിറം പലപ്പോഴും അധിക്ഷേപകരുടെ ഇഷ്ട വിഷയമായിരുന്നു.

എകെ ആന്റണിയെ ആറാട്ട് മുണ്ടന്‍ എന്നു വി എസ് വിളിച്ചതും ഉയരക്കുറവിനെ കളിയാക്കിയാണ് എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ഇടതു സരക്കാരിനെ വലിച്ചു താഴെ ഇടുമെന്ന് പറഞ്ഞ അമിത് ഷായ്ക്ക് മറുപടിയായി പിണറായി നടത്തിയ പ്രസംഗത്തില്‍ ‘അതിനു ഈ തടി പോര’ എന്ന പരാമര്‍ശം ഏറെ വിവാദമായി.

15 കോടി ആസ്തിയുള്ള 48 കാരിയെ 25 കാരൻ വിവാഹം കഴിച്ചെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തെ തുടര്‍ന്ന് യുവ ദമ്പതികള്‍ നിയമനടപടിക്ക് ഒരുങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. പത്രത്തിൽ നൽകിയ കണ്ണൂർ ചെറുപുഴ സ്വദേശികൾ അനൂപ്.പി. സെബാസ്റ്റ്യൻറേയും ജൂബി ജോസഫിൻറേയും വിവാഹ പരസ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പരിഹാസമായി മാറിയത്.

പണം മോഹിച്ചാണ് സുന്ദരനായ വരൻ പ്രായം കൂടിയ വധുവിനെ വിവാഹം കഴിച്ചതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ ഒരു വിഭാഗം വാർത്ത ചമച്ചുവിട്ടത്. മോശം വാക്കുകൾ ഉപയോഗിച്ചുള്ള അധിക്ഷേപങ്ങളാണ് വാട്സാപിലും ഫെയ്സ്ബുക്കിലും മറ്റും ഇവര്‍ക്കെതിരെ പ്രചരിച്ചത്. ‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന് ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഒന്നായിരുന്നു ഇത്.

പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനായ 29 കാരനായ അനൂപും ടൂറിസത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയാണ് ജൂബിയും കോളേജ് കാലത്തെ ആരംഭിച്ച പ്രണയത്തെ തുടര്‍ന്നാണ് വിവാഹിതരായത്.

നവമാധ്യമ കാലത്ത് ശരീര അവഹേളനം ഒരു കാന്‍സര്‍ പോലെ പടരുമ്പോള്‍ ജനതയെ പ്രതിനിധീകരിക്കുന്നവര്‍ എന്നു അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ ഇത്തരം പ്രയോഗങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതുണ്ട്. നിയമസഭപോലുള്ള വേദികള്‍ ഇത്തരം പ്രയോഗങ്ങള്‍ക്ക് ഇടം നല്കുക വഴി ബോഡി ഷെയ്മിംഗിനെ സ്വാഭാവികവത്ക്കരിക്കുന്നതിന് തങ്ങളുടെ സംഭാവന നല്‍കുകയാണ് ഈ നേതാക്കള്‍.

കഷണ്ടി മറക്കാന്‍ ക്വിക്ക് ഫിക്സും ഉയരം കൂട്ടാന്‍ കോംപ്ലാനുമല്ല നല്ല കട്ടന്‍ ചായയും പരിപ്പ് വടയും കഴിച്ചാണ് ഇവിടംവരെ എത്തിയതെന്ന് സി പി ഐ നേതാക്കള്‍ക്ക് സജീന്ദ്രനെ ഇന്നലെ ഓര്‍മ്മിപ്പിക്കാമായിരുന്നു. ഒപ്പം സമയമുണ്ടെങ്കില്‍ തമാശ സിനിമ ഒന്നു പോയി കാണാനും.

Read More: 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on June 13, 2019 12:23 pm