X

തടിച്ചിയെന്നു വിളിച്ച് പരിഹാസം; ശരദ് യാദവിനെതിരേ പരാതിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ

യാദവിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ബിജെപി പരാതി നല്‍കിയിട്ടുണ്ട്

ജനതാദള്‍(യു) നേതാവ് ശരദ് യാദവിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ബോഡി ഷെയ്മിംഗ് നടത്തി യാദവ് തന്നെ അപമാനിച്ചെന്നാണ് വസുന്ധരയുടെ പരാതി.

രാജസ്ഥാന്‍ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വസുന്ധര രാജെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ശരദ് യാദവിന്റെ വാക്കള്‍ തന്നെ മാത്രമല്ല മൊത്തം സ്ത്രീകളെയും അപമാനിക്കുന്നതാണെന്നാണ് മുഖ്യമന്ത്രി ആരോപിച്ചു. ഝല്‍വാറിലെ ഝല്‍റപ്താന്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വസുന്ധര രാജെ ശരദ് യാദവിനെതിരേ സംസാരിച്ചത്.

ആല്‍വാറില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു യാദവ് രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് സംസാരിച്ചത്. വസുന്ധരയ്ക്ക് ഇനി കുറച്ച് വിശ്രമം കൊടുക്കൂ. അവര്‍ വളരെയധികം ക്ഷീണിതയാണ്. ഒരുപാട് തടിച്ചിരിക്കുന്നു. അവര്‍ ഒന്നു മെലിയേണ്ടതുണ്ട്. അവര്‍ നമ്മുടെ മധ്യപ്രദേശിന്റെ മകളാണ്; ഇതായിരുന്നു ശരദ് യാദവിന്റെ വാക്കുകള്‍.
യാദവിന്റെ ഈ പരാമര്‍ശത്തെ അപലപിച്ച് ബിജെപി ഉടന്‍ രംഗത്ത് എത്തി. യാദവിനെതിരേ തെരഞ്ഞെടുപ്പ് കമ്മിിഷന് പരാതി നല്‍കിയ ബിജെപി ഉടനടി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബിജെപി ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്ഷേപങ്ങള്‍ നടത്താറില്ല. അത് സംസ്‌കാരത്തിന് ചേര്‍ന്ന രീതിയുമല്ല. ഭാവിയില്‍ ഇത്തരം ആക്ഷേപങ്ങള്‍ ആരില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉചിതമായ നടപടി സ്വീകരിക്കണം; എന്നായിരുന്നു വസുന്ധര രാജെയും അഭിപ്രായപ്പെട്ടത്.

Related Post
Leave a Comment