X

ജോസ് മോന്‍റെ ചതി: ഒരു രാഷ്ട്രീയ അപസര്‍പ്പകകഥ; ഒരു കോട്ടയം ത്രില്ലര്‍

ചതിക്കപ്പെട്ട കോട്ടയം ദീര്‍ഘനിശ്വാസം ഉതിര്‍ക്കുകയാണ്. കോട്ടയത്തെ മത്തായിക്കുട്ടിമാരുടെയും റബ്ബറിന്റെയും വേദനകള്‍ ആര് ലോകസഭയില്‍ അറിയിക്കും?

രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പിനൊപ്പം നേരത്തെ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രം നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി കൈക്കൊണ്ടില്ലെങ്കില്‍ കോട്ടയവും റബ്ബറും ഒരു വര്‍ഷത്തോളം ലോക്സഭയില്‍ അനാഥരാവും. നാലാം വര്‍ഷം ലോക്സഭാ എം പി സ്ഥാനം ഒഴിവാക്കിയാണ് മറ്റൊരു ആറു വര്‍ഷം എന്ന ടേം പിന്‍വാതിലിലൂടെ ജോസ് മോന്‍ സ്വന്തമാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ പത്തായം ലീഗിന്റെ സഹായത്തോടെ കുത്തിത്തുറന്ന് എം.പി സ്ഥാനം മോഷ്ടിച്ച ഒരു രാഷ്ട്രീയ അപസര്‍പ്പകഥയാണ് ഇന്നലെയും ഇന്നത്തേയും പത്രങ്ങളായ പത്രങ്ങള്‍ മുഴുവന്‍. കോട്ടയം പുഷ്പനാഥ് മരിച്ചിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന് കൈവെയ്ക്കാവുന്ന ഒരു ഏരിയ. രാഷ്ട്രീയ അപസര്‍പ്പക നോവല്‍. മലയാള മനോരമയിലൂടെ കേരളക്കാരയാകെ വായിച്ചു ത്രില്ലടിക്കുകയും ചെയ്യും.

ജോസ് മോന്‍ ആരെയാണ് ചതിച്ചത്?

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു തങ്ങളെയാണ് എന്ന്. ഓപ്പറേഷന്‍ കുകുകു ആണ് പിന്നില്‍. യു ഡി എഫ് രാഷ്ട്രീയത്തിലെ ത്രിമൂര്‍ത്തികളായ വില്ലന്‍മാര്‍. മാമാപ്പണിക്കാരായ (ക്ഷമിക്കണം കോട്ടയം പുഷ്പനാഥ് നോവല്‍ ഹാംഗ് ഓവറില്‍ എഴുതിപ്പോയതാണ്) രണ്ടു പേര്‍. അവരാണ് ഇതിന് പിന്നില്‍. അണികള്‍ ആക്രോശിക്കൂന്നു. കേരള ഹൌസിലെ ഇടനാഴികളില്‍ കറങ്ങി നടന്ന് ഈ ഉപജാപക സംഘം നിഷ്കളങ്കനായ രാഹുല്‍ മോനെ പറഞ്ഞുപറ്റിച്ചു എന്നാണ് സുധീരനമ്മാവന്‍ പറയുന്നത്. കുര്യനങ്കിളും ചതി ചതി എന്നു നിലവിളിച്ചു. അതില്‍ കോണ്‍ഗ്രസ്സിന്റെ ആസ്ഥാന മന്ദിരം പ്രകമ്പനം കൊണ്ടു.

കേരള കോണ്‍ഗ്രസ്സുകാര്‍ അടക്കം പറയുന്നത് ചതിച്ചത് തങ്ങളെയാണ് എന്നാണ്. ശരിയാണ്. പക്ഷേ ചതി അവര്‍ക്കൊരു ശീലമായതുകൊണ്ട് വലിയ പരാതിയൊന്നും ഉണ്ടാവാന്‍ ഇടയില്ല. കേരള കോണ്‍ഗ്രസ്സ് എന്നു പറഞ്ഞാല്‍ കരിങ്കോഴിക്കല്‍ തറവാടിന്റെ ഉമ്മറത്തെ കാര്യസ്ഥ സദസ്സസാണല്ലോ. അങ്ങനെയല്ലെന്ന് തെളിയിച്ച് പി സി തോമസിനെയും ഫ്രാന്‍സിസ് ജോര്‍ജ്ജിനെയും ഒക്കെ പോലുള്ള ചിലര്‍ പിണങ്ങിപ്പോയിട്ടുണ്ട് എന്നത് ചരിത്രം.

തൊടുപുഴക്കാരന്‍ ജോസഫ് ഇന്നലെ പറഞ്ഞത് കെ എം മാണിയും ജോസ് കെ മാണിയും സ്ഥാനാര്‍ത്ഥികളാകുന്നില്ലെങ്കില്‍ തറവാട്ടില്‍ വേറെ ആണുങ്ങളുണ്ട് എന്നാണ്. എന്തായാലും മാണിക്കാരണവര്‍ അതിലങ്ങു കൊളുത്തി. ഈ വയസാംകാലത്ത് ഡല്‍ഹിയിലെ മഞ്ഞുകൊള്ളാനുള്ള ആരോഗ്യമൊന്നുമില്ല. ചെങ്ങന്നൂരൂ പോലെയാണ് 2019 -ലെ ലോകസഭാ തെരഞ്ഞെടുപ്പെങ്കില്‍ കോട്ടയത്തെ റബ്ബര്‍ എസ്റ്റേറ്റും കൊണ്ട് ഇടതന്‍മാര്‍ പോകും. പണ്ടത്തെ പോലെ പള്ളിയെയും പട്ടക്കാരെയൊന്നും വിശ്വസിക്കാനും കഴിയില്ല. കേരള പോലീസ് സഹായിച്ച് അഞ്ചു പത്തു ലോക്കപ്പ് കൊലപാതകങ്ങള്‍ കൂടി ഇതിനിടയ്ക്ക് നടത്തിയാല്‍ അത് വെച്ചു വേണം കാര്യങ്ങള്‍ ഒരു വഴിക്കാക്കാന്‍. അങ്ങനെയായാല്‍ തനിക്ക് തന്നെ ലോക്സഭയിലേക്ക് പോകാലോ. എന്തായാലും മുഖ്യമന്ത്രിയാകുക എന്ന മോഹം നടന്നില്ല. കേന്ദ്ര കാബിനറ്റ് മന്ത്രി എന്നത് അത്ര മോശം പദവിയാണോ? ഒരിക്കല്‍ കുപ്പായം തയ്പിച്ചതുമാണ്; മരിച്ചാല്‍ ഡല്‍ഹിയില്‍ നിന്നും വിമാനം കയറി വരില്ലേ പുഷ്പ ചക്രങ്ങള്‍.

ഇനി പാലാ അനാഥമാകില്ലേ എന്ന ചോദ്യം. ഗ്രന്ഥങ്ങളൊക്കെ രചിച്ച് അത് നന്നായി കച്ചവടം നടത്തി മരുമകള്‍ വളര്‍ന്നു വരുന്നത് മാണിക്കാരണവര്‍ കാണുന്നുണ്ട്. സമയം വരട്ടെ…  ഇപ്പോള്‍ ഒരു ക്ലൂവും കൊടുക്കേണ്ട.

മൂന്നാമത്തെ ചതി കോട്ടയത്തോട്. ഇടതന്‍മാര്‍ പറഞ്ഞുനടക്കാന്‍ സാധ്യതയുള്ള ഒരു കഥയാണ് ഇത്. ജോസ് മോനേ തിരഞ്ഞെടുത്തത് 5 വര്‍ഷത്തേക്കാണ് എന്നിരിക്കെ ഒരു വര്‍ഷം ബാക്കി വെച്ചുള്ള രാജി ജനവിധിയോടുള്ള വഞ്ചനയാണ്. മലയാള മനോരമ പറയുന്നത് ലോക്സഭാംഗത്വം രാജിവെച്ച് രാജ്യസഭയിലേക്ക് പോകുന്ന ആദ്യത്തെ മലയാളി രാഷ്ട്രീയ നേതാവാണ് ജോസ് കെ മാണി എന്നാണ്. (അങ്ങനെയെങ്കിലും ചരിത്രത്തില്‍ ഇടംപിടിച്ചല്ലോ) നേരത്തെ വി കെ കൃഷ്ണമേനോന്‍, പ്രൊഫ. സെയ്തുമുഹമ്മദ്, കെ കരുണാകരന്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവര്‍ രാജ്യസഭയില്‍ നിന്നും ലോക്സഭയിലേക്ക് പോയിട്ടുണ്ട്.

ചതിക്കപ്പെട്ട കോട്ടയം ദീര്‍ഘനിശ്വാസം ഉതിര്‍ക്കുകയാണ്. കോട്ടയത്തെ മത്തായിക്കുട്ടിമാരുടെയും റബ്ബറിന്റെയും വേദനകള്‍ ആര് ലോക്സഭയില്‍ അറിയിക്കും?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

പിറക്കുന്നെങ്കിൽ കരുണാകരനോ മാണിക്കോ പിറക്കണമെന്ന് പറഞ്ഞതെത്ര ശരിയാണ്!

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on June 9, 2018 1:07 pm