X

സിപിഐയില്‍ കുറിഞ്ഞി പൂക്കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി പരാഗണമാകാം

വിവാദമായ ക്യാബിനറ്റ് ബോയ്ക്കോട്ട് എന്ന അസാധാരണ നടപടിക്കു ശേഷം മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലൂടെ തീ പിടിച്ചിരിക്കുകയാണ് സിപിഎം-സിപിഐ ബന്ധത്തിന്

കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു, “ഇവിടെ കോണ്‍ഗ്രസ്സുമായി ചേരാത്ത പാര്‍ട്ടി ഏതുണ്ട്?”

ഇന്നലത്തെ ദേശീയ എക്സിക്യൂട്ടീവില്‍ ചര്‍ച്ചയ്ക്ക് വന്ന കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ കാനം നല്കിയ സൂചനകളെ ഔദ്യോഗികവത്ക്കരിക്കുകയാണ് സിപിഐ. “കോണ്‍ഗ്രസ്സ് ബന്ധം: സാധ്യത തള്ളാതെ സിപിഐ” എന്ന തലക്കെട്ടില്‍ പി കെ മണികണ്ഠന്റെ ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നത് അതാണ്.

ബിജെപിയെ തളയ്ക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ജനാധിപത്യ-മതേതര രാഷ്ട്രീയ ചേരി വികസിപ്പിക്കാനാണ് സിപിഐ ഒരുങ്ങുന്നത് എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് പറയുന്നത്. “കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമോയെന്ന് സംസ്ഥാനങ്ങളിലെ സാധ്യതകളനുസരിച്ച് തീരുമാനിക്കാന്‍ പഴുത് നല്‍കിയിയിട്ടുള്ളതാണ് സിപിഐയുടെ അടവുനയം”. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി തയ്യാറാക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഈ നിര്‍ദേശമുള്ളത്.

സിപിഐയുടെ നിലപാടിന്റെ ദേശീയ പ്രാധാന്യം മൂര്‍ത്തമായി നിലനില്‍ക്കുമ്പോഴും അത് കേരളത്തില്‍ ഇപ്പോള്‍ തുടരുന്ന ഇടതു മുന്നണിക്കുള്ളിലെ ചക്കളത്തിപ്പോരിനെ ശക്തിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും കോണ്‍ഗ്രസ്സുമായി ബന്ധം വേണ്ടെന്ന നിലപാടിന് സിപിഎമ്മിനുള്ളില്‍ കൂടുതല്‍ ശക്തി പകരുന്നത് കേരള ഘടകമാണ് എന്ന സാഹചര്യത്തില്‍.

വിവാദമായ ക്യാബിനറ്റ് ബോയ്ക്കോട്ട് എന്ന അസാധാരണ നടപടിക്കു ശേഷം മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലൂടെ തീ പിടിച്ചിരിക്കുകയാണ് സിപിഎം-സിപിഐ ബന്ധത്തിന്.

സുഭാഷ് പാര്‍ക്കല്ല സര്‍ കുറിഞ്ഞി പാര്‍ക്ക്; കൊഴിഞ്ഞു പോകുന്ന ഓരോ ദിനവും പ്രധാനം

കഴിഞ്ഞ ദിവസത്തെ റവന്യൂ-വനം വകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത് “വ്യക്തമായ പഠനം നടത്താതെയാണ് 2006ല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്” എന്നാണ്. വി എസ് സര്‍ക്കാരിന്റെ കാലത്ത് വനം, പരിസ്ഥിതി വകുപ്പ് കയ്യാളിയിരുന്ന ബിനോയ് വിശ്വമാണ് പ്രഖ്യാപനം നടത്തിയത്.

മുഖ്യമന്ത്രിക്ക് പിന്നാലെ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ പറഞ്ഞത് “നീലക്കുറിഞ്ഞി ഉദ്യാനം ഉദ്ദേശിച്ചത് 3200 ഹെക്ടറില്‍ ആണെങ്കിലും അത് അന്തിമമല്ല. വിജ്ഞാപനത്തില്‍ തന്നെ പട്ടയ ഭൂമി ഒഴിവാക്കിയിട്ടുണ്ട്. ബാക്കി ഏകദേശം 2000 ഹെക്ടര്‍ മാത്രമേ വരൂ.” എന്നാണ്.

എന്നാല്‍ പി എച്ച് കുര്യനെ സ്വന്തം വകുപ്പ് മന്ത്രി തന്നെ തിരുത്തി. ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തേണ്ട ആവശ്യമില്ലെന്ന് ഇന്നലെ ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

നിങ്ങളില്‍ കോണ്‍ഗ്രസുമായി ചേരാത്തവര്‍ കല്ലെറിയട്ടെ; എന്നും അകറ്റി നിര്‍ത്തേണ്ടവര്‍ ബിജെപിയെന്നും കാനം

അതേസമയം സിപിഐയുടെ തന്നെ വനം വകുപ്പ്, റവന്യൂ മന്ത്രിയുടെ അഭിപ്രായമല്ല പിന്തുണയ്ക്കുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകളും വന്നു. പി എച്ച് കുര്യന്‍ പറഞ്ഞതിനെ തള്ളിയ മന്ത്രി പി രാജു പക്ഷേ ഉദ്യാനത്തിന്റെ വിസ്തൃതി ഇപ്പോള്‍ കൂടുമോ കുറയുമോ എന്നു പറയാനാവില്ല എന്നു പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

വി എസ് മുഖ്യമന്ത്രിക്കും ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും കത്ത് നല്‍കിയതോടെ കുറിഞ്ഞി ഒരു പാരിസ്ഥിതിക വിഷയം എന്നതില്‍ ഉപരി ഇടതു മുന്നണിക്കും സിപിഐക്കും അകത്തുള്ള ആഭ്യന്തര പ്രശ്നമായും മൂന്നാറിനെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ശക്തി പകരുന്ന ഒന്നായും മാറി.

ഒരു വെടിക്ക് കാനത്തിന് എത്രയാ പക്ഷികള്‍!

സംഗതി മറ്റൊരു വലിയ രാഷ്ട്രീയ വിവാദമാകന്‍ പോകുന്നു എന്നു മനസിലാകിയ മുഖ്യമന്ത്രി ഇന്നലെ കൂത്തുപറമ്പില്‍ വെച്ച്, “കുറിഞ്ഞി ഉദ്യാന പദ്ധതി അട്ടിമറിക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യമല്ല” എന്നു അറുത്തുമുറിച്ച് പറഞ്ഞു. ഉദ്യാനം സരക്ഷിക്കുന്നതിനാവശ്യമായ സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനി സിപിഐയുടെ കരട് പ്രമേയത്തിലേക്ക് ഒരിക്കല്‍ കൂടി പോകാം; “ബിജെപിക്കെതിരെ സംയുക്തമായി നീങ്ങണമെന്ന നിലപാടിനോട് പൊതുവേ അനുകൂലമാണ് കേരളത്തിലെ നേതൃത്വം.”

ശേഷം വെള്ളിത്തിരയില്‍…

കുറിഞ്ഞി ഉദ്യാനം: റവന്യൂ മന്ത്രി പറയുന്നതല്ല വനം വകുപ്പിന്റെ അഭിപ്രായം

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 26, 2017 2:54 pm