X

മുഖ്യമന്ത്രിയോട്, ജനങ്ങളെ ചെന്നു കാണുക എന്നത് ജനാധിപത്യത്തിലെ മോശം ആചാരമല്ല

ദുരന്തത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാവുകയും മന്ത്രിമാര്‍ക്ക് തീരദേശ ജില്ലകള്‍ക്ക് ചുമതല കൊടുത്തുകൊണ്ട് അടിയന്തിര മന്ത്രിസഭായോഗം കൂടുകയും ഒക്കെ ചെയ്തിരുന്നെങ്കില്‍ ഈ കോലാഹലങ്ങളില്‍ പകുതിയും ഉണ്ടാകുമായിരുന്നില്ല എന്നു മാത്രമല്ല ദുരിതാശ്വാസത്തിന്റെ ഏകോപനം കുറച്ചുകൂടി നന്നായി നടക്കുകയും ചെയ്യുമായിരുന്നു.

ഒഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്ന വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഒരു വിഭാഗം മത്സ്യതൊഴിലാളികള്‍ തടഞ്ഞു. ഒടുവില്‍ ഔദ്യോഗിക വാഹനത്തില്‍ കയറാനാവാതെ മറ്റൊരു മന്ത്രിയുടെ വാഹനത്തില്‍ കയറി വിഴിഞ്ഞം വിടേണ്ടി വന്നു മുഖ്യമന്ത്രിക്ക്. സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പൂന്തുറ സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തു.

ഇത് ഇന്നലെ വൈകുന്നേരം വിഴിഞ്ഞത്ത് സംഭവിച്ചത്. തന്റെ നിശ്ചയങ്ങളിലൂടെ മാത്രമേ കാര്യങ്ങള്‍ നടക്കാവൂ എന്നു കരുതുന്ന പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഇത് രണ്ടാമത്തെ തിരിച്ചടി.

ഒഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ ചുഴലിയില്‍ സര്‍ക്കാര്‍ ഇളകിയാടുകയാണ്. ആദ്യം മുന്നറിയിപ്പിനെ സംബന്ധിച്ചായിരുന്നു വിവാദമെങ്കില്‍ ഇപ്പോള്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മയെ കുറിച്ചാണ് വിമര്‍ശനം ഉയരുന്നത്. സെക്രട്ടറിയേറ്റില്‍ നിന്നും 15 കിലോമീറ്റര്‍ പരിധിയിലുള്ള തീര മേഖല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് മൂന്നുദിവസം വേണ്ടി വന്നു എന്നതാണ് മത്സ്യതൊഴിലാളികളെ പ്രകോപിപ്പിച്ചത്.

‘വൈകിയതന്തേ’ എന്നു ചോദിച്ചുകൊണ്ട് രോഷാകുലരായ മത്സ്യതൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് നേരെ ആഞ്ഞടുത്തു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. “തീര പ്രദേശങ്ങളില്‍ മുഖ്യമന്ത്രി എത്താന്‍ വൈകിയതാണ് പ്രതീഷേധത്തിന് ഇടയാക്കിയത്. മുഖ്യമന്ത്രി വരുന്നതറിഞ്ഞു ആയിരക്കണക്കിന് മത്സ്യതൊഴിലാളികളാണ് സ്ഥലത്തു തടിച്ചുകൂടിയത്. പ്രതിഷേധമുയരുമെന്ന് സൂചന ലഭിച്ചിരുന്നതിനാല്‍ ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു…. അസഭ്യവര്‍ഷം ചൊരിഞ്ഞും ഔദ്യോഗിക വാഹനത്തില്‍ അടിച്ചുമാണ് പ്രതിഷേധക്കാര്‍ അരിശം തീര്‍ത്തത്. ഇതിനിടെ പോലീസും മത്സ്യത്തൊഴിലാളികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും; കാരണം ഞങ്ങൾ മുക്കുവരാണ്

മരിച്ചവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് എതിരെയും ഇന്നലെ പ്രതിഷേധം ഉണ്ടായി എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനാധിപത്യത്തില്‍ കഷ്ടപ്പെടുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും നേരില്‍ ചെന്നു കാണുക എന്നത് അത്ര മോശം ആചാരമല്ലെന്ന് മുഖ്യമന്ത്രിയും സഹമന്ത്രിമാരും തിരിച്ചറിയുന്നത് നന്നായിരിക്കും.

ഞങ്ങള്‍ എല്ലാം ചെയ്യുന്നുണ്ട് എന്നത് പത്രകുറിപ്പിലൂടെ അല്ല ജനങ്ങള്‍ അറിയേണ്ടത്. അവരുടെ അടുത്ത് വന്നു, അവരുടെ ഇടയില്‍ നിന്നുകൊണ്ടു നിങ്ങള്‍ പറയുന്നതാണ് അവര്‍ക്ക് കേള്‍ക്കേണ്ടത്. അതവര്‍ക്ക് നല്‍കുന്ന ആശ്വാസവും സുരക്ഷിതത്വവും ‘സര്‍ക്കാര്‍ ഒപ്പമുണ്ട്’ എന്ന പ്ലാസ്റ്റിക് പരസ്യവാചകത്തേക്കാള്‍ എത്രയോ പതിന്‍മടങ്ങ് ശക്തിയുള്ളതായിരിക്കും.

കടലില്‍ പോയവര്‍ക്കായി അവരിപ്പോഴും കാത്തിരിക്കുകയാണ്; പൂന്തുറയിലെ കണ്ണീരുണങ്ങുന്നില്ല

തെറ്റ് ഏറ്റുപറയുകയും അത് എത്രയും പെട്ടെന്നു തിരുത്തുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ഇനി അത് ആവര്‍ത്തിക്കാതിരിക്കാനുള്ള ദീര്‍ഘവീഷണത്തോടെയുള്ള ആസൂത്രണം നടത്തുകയും ചെയ്യുക എന്നുള്ളതാണ് ഒരു ജനാധിപത്യ ഭരണ സംവിധാനത്തിലെ ഭരണാധികാരിക്ക് ആവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കാനുള്ള പിണറായിയുടെ കഴിവിനെ അംഗീകരിക്കുമ്പോള്‍ തന്നെ ജനാധിപത്യത്തിലെ വിട്ടുവീഴ്ചയുടെയും സംവാദത്തിന്റെയും ശൈലി അദ്ദേഹത്തില്‍ പലപ്പോഴും കാണാറില്ല എന്ന ആരോപണം ശക്തമാണ്.

ജിഷ്ണു പ്രണോയിയുടെ അമ്മയെ കാണാന്‍ വളയത്തെ വീട്ടിലേക്ക് പോകുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയത് എന്താണ് എന്ന് ആര്‍ക്കുമറിയില്ല. വളയത്തിന് തൊട്ടടുത്ത് വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടും ആ അമ്മയെ ചെന്നുകാണാന്‍ അദ്ദേഹത്തിന് തോന്നിയില്ല. എന്തൊക്കെ സാങ്കേതികതകള്‍ പറഞ്ഞാലും ജനാധിപത്യത്തില്‍ ഇത്തരം ജെസ്റ്ററുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് എന്നു പിണറായി എന്ന മുഖ്യമന്ത്രി തിരിച്ചറിയേണ്ടിയിരിക്കുന്നു. ജിഷ്ണു പ്രണോയ് കേസില്‍ മഹിജയും കുടുംബാംഗങ്ങളും മെഡിക്കല്‍ കോളേജിലും വീട്ടിലുമായി നിരാഹാരം കിടക്കുന്നതടക്കമുള്ള സംഭവങ്ങള്‍ക്ക് പിന്നീട് കേരളം സാക്ഷിയാവുകയും സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരികയും ചെയ്തു.

ഒഖിയെ നേരിടാന്‍ ദുരന്ത നിവാരണ ഡിപ്ലോമ പോര സാര്‍

ദുരന്തത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാവുകയും മന്ത്രിമാര്‍ക്ക് തീരദേശ ജില്ലകള്‍ക്ക് ചുമതല കൊടുത്തുകൊണ്ട് അടിയന്തിര മന്ത്രിസഭായോഗം കൂടുകയും ഒക്കെ ചെയ്തിരുന്നെങ്കില്‍ ഈ കോലാഹലങ്ങളില്‍ പകുതിയും ഉണ്ടാകുമായിരുന്നില്ല എന്നു മാത്രമല്ല ദുരിതാശ്വാസത്തിന്റെ ഏകോപനം കുറച്ചുകൂടി നന്നായി നടക്കുകയും ചെയ്യുമായിരുന്നു.

1971 ഡിസംബര്‍ 28ന് തലശ്ശേരിയില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വര്‍ഗീയ കലാപം നടക്കുന്ന സമയത്ത് പിണറായി വിജയന്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ എം.എല്‍.ഏ ആയിരുന്നു. കലാപ കാലത്ത് തുറന്ന ജീപ്പില്‍ സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള അനൌണ്‍സുമെന്‍റുമായി പിണറായി നടത്തിയ ഇടപെടലുകള്‍ ചരിത്രമാണ്. ഇത് സംബന്ധിച്ച് തലശ്ശേരി കലാപം അന്വേഷിച്ച ജസ്റ്റിസ് വിതയത്തില്‍ കമ്മീഷന്‍ പ്രത്യേകം പ്രശംസിക്കുകയുമുണ്ടായി.

46 വര്‍ഷങ്ങള്‍ക്കിപ്പുറം പിണറായി നാടിന്റെ മുഖ്യമന്ത്രിയാണ്.താങ്കള്‍ മൈക്ക് അനൌണ്‍സുമേന്‍റ് നടത്തേണ്ട. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയാല്‍ മതി. ഒരു പോലീസ് സേനയും വേണ്ട. നിങ്ങളെ തടയാന്‍ ആരും വരില്ല.

മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തത് എന്നാണല്ലോ കമ്യൂണിസ്റ്റുകളുടെ വേദപുസ്തകമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്നത്.

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയെ തടഞ്ഞു; 29നു തന്നെ ഒഖി മുന്നറിയിപ്പ് നല്‍കിയെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on December 4, 2017 4:41 pm