X

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

ശബരിമല വിഷയത്തില്‍ ബിജെപിയെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്സ്

കേരളം അതിജീവിച്ചത് നൂറ്റാണ്ടിലെ മഹാപ്രളയത്തെയാണ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. എന്നാല്‍ പ്രളയാനന്തര കേരളം നല്‍കുന്ന കാഴ്ച അത്ര പ്രത്യാശാനിര്‍ഭരമല്ല തന്നെ.

പ്രളയവും കേരളത്തിന്റെ പുനര്‍നിര്‍മ്മാണവും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന കാഴ്ചയാണ് കണ്ടത്. ചര്‍ച്ചയെ ഉപസംഹരിച്ചു സംസാരിച്ചുകൊണ്ട് ചര്‍ച്ച വേണ്ടത്ര നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറയുകയുണ്ടായി.

പിന്നീട് ഈ ആരോപണ പ്രത്യാരോപണങ്ങള്‍ കണ്ടത് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിലാണ്. കേരളം പുനര്‍നിര്‍മ്മിക്കാന്‍ ഒരു മാസത്തെ ശമ്പളം നല്‍കാനാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നടത്തുന്നത് പിടിച്ചുപറിയും ഭീഷണിയുമാണെന്നായിരുന്നു പ്രതിപക്ഷാരോപണം. ശമ്പളം നല്കാന്‍ തയ്യാറാകാത്തവരോട് പ്രതികാര നടപടി സ്വീകരിക്കുന്നുണ്ടെന്നും പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ ആരോപിച്ചു. എന്തായാലും ഇന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് 60 ശതമാനം പേര്‍ സാലറി ചലഞ്ചില്‍ പങ്കെടുത്തു എന്നാണ്. 80 ശതമാനം എയ്ഡഡ് കോളേജ് അദ്ധ്യാപകരും സാലറി ചാലഞ്ചില്‍ നിന്നും വിട്ടു നിന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. എന്‍ജിഓ സംഘ് ആണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഏറ്റവും ഒടുവില്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷം സംഘര്‍ഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. സുപ്രീം കോടതി വിധിയെ മാനിക്കുന്നു എന്നു പറയുമ്പോഴും വിധി നടപ്പിലാക്കും എന്നു പറയുന്ന കേരള സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് പ്രഖ്യാപിച്ചതോടെ വന്‍ പ്രക്ഷോഭങ്ങളാണ് ഹൈന്ദവ സംഘടനകളും മറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്.

“എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ഇനി മറിച്ചൊരു നിലപാട് എടുക്കുന്നതുവരെ അത് നമ്മുടെ മുന്‍പിലുള്ള നിയമമാണ്” എന്നാണ് പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ നിലപാട് വ്യക്തമായതോടെ ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത് എന്നു ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞുകൊണ്ട് ആര്‍എസ്എസ് അതിനു പച്ചക്കൊടി കാട്ടി. കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ശബരിമല പ്രവേശനത്തിനെ അനുകൂലിച്ചുകൊണ്ട് ഇട്ട മുന്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുക്കി കണ്ടം വഴി ഓടി.

ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ചു സുപ്രീകോടതി വിധിക്കെതിരെ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നാണ് ആര്‍സ്എസ് ഇന്നലെ ആവശ്യപ്പെട്ടത്. കേസിന്റെ എല്ലാ ഘട്ടത്തിലും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച പ്രഖ്യാപിത നിലപാടില്‍ നിന്നും മലക്കം മറിയുന്നതായിരുന്നു ആര്‍എസ്എസ് നിലപാട്.

സുപ്രീംകോടതിയെ മാനിക്കുമ്പോഴും ഭക്തരുടെ വികാരങ്ങൾ കൂടി പരിഗണിക്കണമെന്നാണ് വാർത്താക്കുറിപ്പിലൂടെ ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ദശലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങളുടെ പ്രശ്നമാണിതെന്നും ആര്‍ എസ് എസ് പറയുന്നു. സുപ്രീംകോടതി വിധിയെ അതിവേഗം നടപ്പിലാക്കാനുള്ള നടപടിയാണ് കേരള സർക്കാർ എടുത്തിരിക്കുന്നതെന്നും ഇതിൽ വിശ്വാസികളുടെ വികാരം മാനിക്കപ്പെടുകയുണ്ടായില്ലെന്നും ആർഎസ്എസ് പറയുന്നു. തങ്ങളുടെ ആരാധിക്കാനുള്ള അവകാശം അധികാരികളെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരും രംഗത്തിറങ്ങണമെന്നും ആർഎസ്എസ് ആഹ്വാനം ചെയ്യുന്നുണ്ട്.

ഇതിന് ചുവടുപിടിച്ച് ഒക്ടോബര്‍ എട്ടാം തീയതി ഹൈന്ദവ സംഘടനകളുടെ യോഗം കൊച്ചി എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ബിജെപിയെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പുന:പരിശോധന ഹര്‍ജി നല്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്ത് നല്‍കിക്കഴിഞ്ഞു. പന്തളം രാജകൊട്ടാര പ്രതിനിധിയുമായി ചര്‍ച്ച നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പുന:പരിശോധന ഹര്‍ജി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇന്ന് മുന്‍ ദേവസ്വം പ്രസിസന്‍റുമാരുടെയും അംഗങ്ങളുടെയും യോഗം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. മുന്‍ ദേവസ്വം പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുക്കുമോ എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. കൂടാതെ പ്രത്യക്ഷ സമര പരിപാടികള്‍ സംബന്ധിച്ച തീരുമാനവും യോഗത്തില്‍ ഉണ്ടാകും. യോഗത്തില്‍ രമേശ് ചെന്നിത്തലയും പുതിയ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പങ്കെടുക്കും.

ഇന്നലെ മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി കോണ്‍ഗ്രസ്സിന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കി.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിന്റെ നയം എന്താണെന്ന ചോദ്യത്തിന് മുല്ലപ്പള്ളിയുടെ മറു ചോദ്യം; “റിവ്യൂ പെറ്റീഷനു പൊയ്ക്കൂടെ? ഇവിടെ ഉള്ള ഭൂരിഭാഗം വിശ്വാസികളുടെയും വികാരത്തെ നോവിക്കാൻ പറ്റുമോ?

സ്ത്രീകൾ ശബരിമലയിൽ കയറണോ വേണ്ടയോ എന്ന ചോദ്യത്തിന് ഒറ്റ വക്കിൽ ഉത്തരം പറയാൻ ആവശ്യപ്പെട്ട മാധ്യമ പ്രവർത്തകരോട് ചോദ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞു മാറി.

ഇനി ആര്‍എസ്എസിന്റെ നയങ്ങളെ താത്വികമായി മലയാളികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്ന ഭാരതീയ വിചാര കേന്ദ്രത്തിന്റെ നിലപാട് വായിക്കുന്നതും ഒരു ഉള്‍ക്കാഴ്ചയ്ക്ക് നല്ലതാണ്. (വിധിയില്‍ തെറ്റില്ല, ശബരിമലയെ ചൊല്ലി ‘ചിലര്‍’ ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് ബിജെപി മുഖപത്രം)

ശേഷം കാഴ്ചയില്‍…

ഗര്‍ഭപാത്രം നീക്കം ചെയ്തതിനാല്‍ ശബരിമലയിലെത്തി; 18 വര്‍ഷം മുന്‍പത്തെ അനുഭവം തുറന്നു പറഞ്ഞ് മുന്‍ കോളേജ് പ്രിന്‍സിപ്പല്‍

വിധിയില്‍ തെറ്റില്ല, ശബരിമലയെ ചൊല്ലി ‘ചിലര്‍’ ഹിന്ദുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് ആര്‍എസ്എസ് സംഘടന

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

ശബരിമല ഒരു ‘പ്രത്യേക മത ഉപശാഖ’ അല്ല; സ്ത്രീ പ്രവേശനം എതിര്‍ത്തവര്‍ മലയിറങ്ങിയതിങ്ങനെ

‘അമ്മമഹാറാണി ശബരിമലയില്‍ പോയത് ഗര്‍ഭപാത്രം നീക്കിയശേഷം’: അശ്വതി തിരുനാള്‍

രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ജല്ലിക്കെട്ടിനെ തള്ളി ആര്‍എസ്എസ്; ‘അവസരം കിട്ടിയപ്പോള്‍ ചിലര്‍ കേമന്‍മാരാകാന്‍ നോക്കുന്നു’

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on October 4, 2018 3:35 pm