X

മോദി നരാധമന്‍ തന്നെ; സര്‍ക്കാര്‍ പരസ്യം ദേശാഭിമാനി ഇനിയും കൊടുക്കുമെന്നും പിഎം മനോജ്‌

കിട്ടുന്ന പരസ്യത്തിനനുസരിച്ച് നിലപാട് മാറ്റുന്ന പത്രങ്ങളുണ്ടാകാം - അതിൽ ദേശാഭിമാനിയില്ല. നരേന്ദ്ര മോദിയുടേത് നരാധമന്റെ ഭരണം തന്നെ എന്നു പറയാൻ ഒരു മടിയുമില്ല എന്ന് സാരം.

മലയാളത്തിലെ ഭൂരിഭാഗം പത്രങ്ങളും ഒഴിവാക്കുകയോ ഉള്‍പേജിലേക്ക് മാറ്റുകയോ ചെയ്ത, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന ഫുള്‍ പേജ് പരസ്യം, സിപിഎം മുഖപത്രമായ ദേശാഭിമാനി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിച്ചുള്ള ചര്‍ച്ചകള്‍ ഇന്നലെ ഫേസ്ബുക്കില്‍ സജീവമായിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെ തള്ളിക്കളയുകയും പരസ്യം സംബന്ധിച്ച ദേശാഭിമാനിയുടെ നയം വ്യക്തമാക്കുകയുമാണ്‌ റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്‌. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ഇന്ത്യ ഗവർമെന്റിന്റെ പരസ്യം എക്കാലവും ദേശാഭിമാനി കൊടുത്തിട്ടുണ്ടെന്നും ഇനിയും പ്രസിദ്ധീകരിക്കുമെന്നും പിഎം മനോജ്‌ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മോദിയുടെ ഭരണം നരാധമന്‍റെത് തന്നെ എന്ന് പറയാന്‍ മടിയില്ലെന്നും അതേസമയം കിട്ടുന്ന പരസ്യത്തിനനുസരിച്ച് നിലപാട് മാറ്റുന്ന പതിവ് ദേശാഭിമാനിക്ക് ഇല്ലെന്നും മനോജ്‌ പറയുന്നു.

മോദി സര്‍ക്കാരിന് ലഭിച്ച യുഎന്‍ പരിസ്ഥിതിതി പുരസ്കാരവും മോദിയെ യുഎന്‍ ആദരിക്കുന്നതും ചൂണ്ടിക്കാട്ടി വിവിധ മന്ത്രാലയങ്ങള്‍ കൊടുത്ത ഫുള്‍ പേജ് പരസ്യമാണ് ദേശാഭിമാനി ഒന്നാം പേജില്‍ കൊടുത്തത്. കോണ്‍ഗ്രസിന്‍റെ വീക്ഷണവും എപി സുന്നികളുടെ സിറാജും അടക്കമുള്ള ചുരുക്കം ചില പത്രങ്ങള്‍ മാത്രമാണ് ഈ പരസ്യം ഒന്നാം പേജില്‍ കൊടുത്തിരിക്കുന്നത്. “ഇന്ത്യ അഭിനന്ദിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ” എന്നായിരുന്നു പരസ്യത്തിന്‍റെ തലവാചകം.

പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌: 

ഇന്ത്യാ ഗവർമെന്റിന്റെ പരസ്യവും അതിൽ പ്രധാനമന്ത്രിയുടെ ചിത്രവും ഇന്നലെ കൊടുത്തിട്ടുണ്ട്; ഇന്നു കൊടുത്തു; നാളെയും കൊടുക്കും. കിട്ടുന്ന പരസ്യത്തിനനുസരിച്ച് നിലപാട് മാറ്റുന്ന പത്രങ്ങളുണ്ടാകാം – അതിൽ ദേശാഭിമാനിയില്ല. നരേന്ദ്ര മോദിയുടേത് നരാധമന്റെ ഭരണം തന്നെ എന്നു പറയാൻ ഒരു മടിയുമില്ല എന്ന് സാരം. അത് അറിയുന്നവർക്ക് പരസ്യം കാണുമ്പോൾ വയറിളക്കം വരുന്നില്ല!

മോദിയെ അഭിനന്ദിച്ച് ദേശാഭിമാനിയില്‍ ഒന്നാം പേജ് പരസ്യം; കൂട്ടിന് കോണ്‍ഗ്രസിന്റെ വീക്ഷണവും; പരിഹാസവുമായി സോഷ്യല്‍ മീഡിയ

This post was last modified on October 4, 2018 10:33 am