X

എങ്ങനെ ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നു നിങ്ങള്‍ക്ക്, കണ്ണൂരില്‍ നിന്ന്?

അവര്‍ ചിരിയിലൂടെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിവിടുകയായിരുന്നു എന്നു വേണമെങ്കില്‍ ന്യായീകരണ സംഘത്തിന് വ്യാഖ്യാനവുമായി വരാം

വിവാദമായ കടക്ക് പുറത്തു അജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ ഒരു വിശദീകരണ കുറിപ്പിട്ടു; “മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ ചർച്ചയിലേക്ക് മാധ്യമ പ്രവർത്തകരെ ക്ഷണിച്ചിരുന്നില്ല. യോഗത്തിന്റെ ആദ്യ ദൃശ്യങ്ങൾ എടുക്കാൻ പോലും ആർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് നൽകിയിരുന്നില്ല. മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇത്തരമൊരു ചർച്ച നടത്തുക അപ്രായോഗികമാണ്. രാഷ്ട്രീയ പാർട്ടി നേതാക്കളോടൊപ്പം അവിടെ എത്തുമ്പോൾ യോഗം നടക്കേണ്ട ഹാളിനകത്തായിരുന്നു മാധ്യമ പ്രവർത്തകർ. അതു കൊണ്ടാണ് അവരോട് പുറത്തു പോകാൻ പറഞ്ഞത്. അതല്ലാത്ത ഒരർത്ഥവും അതിനില്ല.”

തിരുവനന്തപുരത്ത് കഴിഞ്ഞ ജൂലൈയിലും ആഗസ്റ്റു മാസത്തിലുമായി നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു കക്ഷികളും നടത്തിയ ഉഭയ കക്ഷി സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി അപമാനിച്ചു പുറത്താക്കിയത് എന്നായിരുന്നു ആരോപണം. പിണറായിക്ക് പൊതുവേ മാധ്യമങ്ങളോട് ‘കലിപ്പു’ണ്ടെന്ന വാദത്തിന് ബലം പകരുന്നതായി പ്രസ്തുത സംഭവം.

എന്നാല്‍ ന്യായീകരണ സംഘം അതിനു നല്‍കിയ വ്യാഖ്യാനം മറ്റൊന്നാണ്. നേതാക്കന്മാര്‍ പരസ്പരം അടുത്ത് കാണുമ്പോള്‍ യോഗത്തിന് മുന്‍പ് ചിരിച്ചുകൊണ്ട് കുശലം പറച്ചിലും മറ്റും ഉണ്ടാകും. അത് രണ്ടു പേര്‍ കാണുമ്പോഴുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ്. എന്നാല്‍ മാധ്യമങ്ങളില്‍ ഫോട്ടോ ആയും വീഡിയോയായും ഈ കാര്യം പ്രത്യക്ഷപ്പെടുമ്പോള്‍ മറ്റൊരു അര്‍ത്ഥമാണ് ഉദ്പാദിപ്പിക്കപ്പെടുക. കൊല്ലുന്ന അണികളും കളിചിരിയുമായി നേതാക്കളും എന്ന മട്ടില്‍. അപ്പോള്‍ വിഷയത്തില്‍ നിന്നും വാര്‍ത്ത വ്യതിചലിക്കുകയും യഥാര്‍ത്ഥ വിഷയങ്ങള്‍ക്ക് (ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍) പ്രാധാന്യം കിട്ടാതെ പോവുകയും ചെയ്യും.

ന്യായീകരണക്കാര്‍ പറയുന്നതിലും ന്യായമുണ്ടായിരിക്കാം. പക്ഷേ ഇന്നലെ കണ്ണൂരില്‍ നടന്ന സമാധാന യോഗത്തിന് ശേഷം സി പി എം –ബിജെപി നേതാക്കള്‍ പുറത്തുവരുന്ന ചിത്രം ആരെയെങ്കിലും അസ്വസ്ഥപ്പെടുത്തിയെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. മലയാള മനോരമയില്‍ വന്ന ആ വാര്‍ത്ത കാണുക;

മെയ് 7നു രാത്രി മാഹി മുൻ നഗരസഭ അംഗവും സി പി എം മാഹി ലോക്കൽ കമ്മിറ്റി അംഗവുമായ കണ്ണിപ്പൊയിൽ ബാബുവും ഓട്ടോ ഡ്രൈവറും ബി ജെ പി പ്രവർത്തകനുമായ ഷമോജും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കലക്ടര്‍ മിര്‍ മുഹമ്മദലിയാണ് ഇന്നലെ സമാധാന യോഗം വിളിച്ചുചേര്‍ത്തത്.

ജില്ലയിലും സമീപ പ്രദേശമായ മാഹിയിലും സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി എല്ലാം ചെയ്യുമെന്നും ഇരു പാര്‍ട്ടികളും ഉറപ്പ് നല്‍കി എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടികള്‍ സമാധാന സന്ദേശം പ്രചരിപ്പിക്കുമെന്നും താഴെതട്ടില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും യോഗത്തിന് ശേഷം സിപിഎം സംസ്ഥാന സമിതി അംഗം കെ പി സഹദേവന്‍ പറഞ്ഞു. ഇരുകൊലപാതകങ്ങളെയും ശക്തമായി അപലപിക്കുമെന്നും വീഴ്ചകള്‍ പരിശോധിക്കുമെന്നും ബിജെപി ജില്ല പ്രസിഡണ്ട് പി സത്യപ്രകാശ് പറഞ്ഞു.

ചോരപ്പണം കെട്ടി കാത്തിരിക്കുകയാണ് അവര്‍ അടുത്ത കൊലയ്ക്കായി; കണ്ണൂരിലൊഴുകിയ കണ്ണീരിന് ഏത് പ്രത്യയശാസ്ത്രം മറുപടി പറയും?

അതിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ഈ ചിരി പരന്നൊഴുകിയത് എന്നാണ് മനോരമ പറയുന്നത്. അവര്‍ ചിരിയിലൂടെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തിവിടുകയായിരുന്നു എന്നു വേണമെങ്കില്‍ ന്യായീകരണ സംഘത്തിന് വ്യാഖ്യാനവുമായി വരാം.

പക്ഷേ ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഒരു ദുരന്തത്തിന്റെ നടുവില്‍ നിന്നുകൊണ്ടു എങ്ങനെയാണ് നിങ്ങള്‍ക്കിങ്ങനെ ‘ഹൃദയം’ തുറന്നു ചിരിക്കാന്‍ സാധിക്കുന്നത്? മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെയും ഷമോജിന്റെയും പട്ടടയില്‍ കനലുകള്‍ കെട്ടിട്ടുണ്ടാകില്ല, പ്രിയപ്പെട്ടവരുടെ കണ്ണിലെ കണ്ണുനീര്‍ തോര്‍ന്നിട്ടുണ്ടാകില്ല, അണികളുടെ ഉള്ളിലെ വൈരാഗ്യത്തിന്റെ അലകള്‍ ഒടുങ്ങിയിട്ടുണ്ടാകില്ല, മനുഷ്യസ്നേഹികളുടെ ഉള്ളിലെ നീറ്റല്‍ മാറിയിട്ടുണ്ടാകില്ല.

ഷുഹൈബിന്റെ ചോരയുടെ ഗന്ധം മാഞ്ഞില്ല; കണ്ണൂരില്‍ തുടരുന്ന അരുംകൊല

നിങ്ങളുടെ ചിരി സത്യമുള്ളതാണ് എന്നു പൊതുജനം വിശ്വസിക്കണമെങ്കില്‍ ഇനി ഒരാളുടെ ചോര പോലും രാഷ്ട്രീയ പകയുടെ പേരില്‍ കണ്ണൂരിന്റെ മണ്ണില്‍ വീഴരുത്. നെഞ്ചില്‍ കൈവെച്ചു അങ്ങനെയൊരു ഉറപ്പ് നിങ്ങള്‍ക്ക് തരാന്‍ പറ്റുമോ? അത് സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ചിരി കൊലച്ചിരിയായും പ്ലാസ്റ്റിക് ചിരിയായും സമൂഹം വ്യാഖ്യാനിച്ചുകൊണ്ടേ ഇരിക്കും.

യുവകഥാകൃത്തും മാധ്യമ പ്രവര്‍ത്തകനുമായ ജേക്കബ് എബ്രഹാം തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയത് വായിക്കുക, ശേഷം ഇസ്മായില്‍ ഖാദറെയുടെ ബ്രോക്കണ്‍ ഏപ്രിലും. ഇതുപോലെ നടക്കുന്ന വഴിപാടു സമാധാന യോഗങ്ങളെക്കാള്‍ ചിലപ്പോള്‍ മനസുകളെ മാറ്റാന്‍ സാഹിത്യ കൃതികള്‍ക്ക് സാധിച്ചേക്കാം.

“കണ്ണൂരിലെ കൊലപാതകങ്ങൾ കാണുമ്പോൾ ഇസ്മയേൽ കാദറെയുടെ Broken April എന്ന നോവലാണ് മനസ്സിൽ വരുന്നത്.ആ നോവലിൽ ശത്റുപക്ഷത്തെ കുടുംബങ്ങൾ പരസ്പരം കൊല്ലുന്നുണ്ട്. ഒരു വീട്ടിൽ ഒരാൾ മരിച്ചാൽ പകരംവീട്ടാൻ അനുഷ്ഠിക്കേണ്ട ആചാരങ്ങളുണ്ട്. മരിച്ചയാളുടെ രക്തക്കറ പുരണ്ട കുപ്പായം ഉണങ്ങണം, ചോരപ്പണം കെട്ടിവെയ്ക്കണം, വിലാപത്തിലുടെ ചോരയ്ക്ക് ചോര ചോദിക്കണം. അൽബേനിയനിലെ കിരാതമായ ഈ ഗോത്റവർഗ പാരമ്പര്യമാണ് കണ്ണൂരും പിൻതുടരുന്നത്. മാനസികനിലവാരം അതുതന്നെ. കൊല ഇവിടെ അനുഷ്ഠാനമാണ്. തെയ്യക്കാലത്തെ ഉന്മാദം പോലെയാണ് ഈ ആചാരം. അൽബേനിയയും കണ്ണൂരുമൊന്നാണ്. ചോരപ്പണം കെട്ടി കാത്തിരിക്കുകയാണ് ഇവർ അടുത്ത കൊലയ്ക്കായി. രകതക്കറ കുപ്പായങ്ങൾ ഉണങ്ങുന്നതിനും മുൻപുതന്നെ..” (ജേക്കബ് എബ്രഹാം)

‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on May 11, 2018 1:50 pm