X

മസാല ബോണ്ട്, ‘മസാല ദോശയുടെ ആശാന്‍’ പിന്നെ നല്ല എരിവും പുളിയുമുള്ള ലൂസിഫര്‍ മസാല; വായനക്കാര്‍ക്ക്, മൂന്ന് മസാല വിശേഷങ്ങള്‍

ഇന്നലെ അത്യാവശ്യം നന്നായി ട്രെന്‍ഡ് ചെയ്ത വാക്കാണ് മസാല. വേണമെങ്കില്‍ അന്തര്‍ദേശീയ പ്രാധാന്യമുണ്ട് എന്നു പറയാവുന്ന രണ്ട് ഉഗ്രന്‍ വാര്‍ത്തകള്‍.

ഇന്നലെ അത്യാവശ്യം നന്നായി ട്രെന്‍ഡ് ചെയ്ത വാക്കാണ് മസാല. വേണമെങ്കില്‍ അന്തര്‍ദേശീയ പ്രാധാന്യമുണ്ട് എന്നു പറയാവുന്ന രണ്ട് ഉഗ്രന്‍ വാര്‍ത്തകള്‍. അന്താരാഷ്ട്ര വിപണിയില്‍ മസാല ബോണ്ട് കടപ്പത്രമിറക്കി 2150 കോടി കേരളം നേടി എന്ന വാര്‍ത്ത മാതൃഭൂമിയും ദേശാഭിമാനിയും ഒന്നാം പേജില്‍ ഒന്നാം വാര്‍ത്തയായി തന്നെ ആഘോഷിച്ചിട്ടുണ്ട്. മസാല ദോശയുടെ ആശാനായ പി രാജഗോപാലിനെ സുപ്രീം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു എന്ന വാര്‍ത്തയ്ക്കുമുണ്ട് അന്താരാഷ്ട്ര വാര്‍ത്താ മൂല്യം. 2014 മേയ് ഏഴിന് ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ വന്ന ആര്‍ട്ടിക്കിളിന്റെ പേര് Masala Dosa to Die for എന്നാണ്. doyen of Masala Dosa എന്നാണ് ശരവണ ഭവന്‍ ഹോട്ടല്‍ ഉടമയെ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. മൂന്നാമത്തെ മസാല ലൂസിഫറാണ്. തിയറ്ററില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു അന്താരാഷ്ട്ര പൊളിറ്റിക്കല്‍ മസാല. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയെ കുറിച്ചുള്ള തള്ളലാണ് സോഷ്യല്‍ മീഡിയ നിറയെ.

മസാല വിശേഷങ്ങളിലൂടെ…

മസാല-1

മസാല ബോണ്ടുകൾ വിറ്റഴിച്ചതിലൂടെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) നേടിയത് 2150 കോടി രൂപ. വിദേശ കടപ്പത്ര വിപണിയില്‍ ഈ നേട്ടം കൊയ്യുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വിദേശത്തു നിന്നും ഇന്ത്യയിലെ സർക്കാരുകൾ മസാല ബോണ്ട് വഴി ഇതുവരെ ശേഖരിച്ചിട്ടുള്ളവയിൽ വെച്ച് ഏറ്റവും വലിയ തുകയാണിതെന്ന് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

9.25% പലിശനിരക്കിലാണ് കടപ്പത്രങ്ങൾ വഴി നിക്ഷേപം ശേഖരിച്ചിരിക്കുന്നത്. 2024ൽ മാത്രമേ ഈ തുക തിരിച്ചു നൽകേണ്ടൂ. ലണ്ടൻ, സിംഗപൂർ സ്റ്റോക് എസ്ക്ചേഞ്ചുകളിൽ നിന്നാണ് തുക സമാഹരിച്ചത്.

ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് മസാല ബോണ്ട് ഇറക്കിയത്. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് വിശ്വാസമര്‍പ്പിക്കാവുന്ന ഇടമായി കേരളം മാറി. ഇത്രയും തുക എത്തിയത് കേരളത്തിലെ അടിസ്ഥാന സൗകര്യത്തിന് കുതിപ്പാകുമെന്ന് കെ എം എബ്രഹാം വ്യക്തമാക്കി.

എന്താണ് മസാല ബോണ്ട്?

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക.

കേരള സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് ഞാന്‍ കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മസാല-2

തന്റെ ഹോട്ടലിലെ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിനെ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി രാജഗോപാല്‍ കൊലപ്പെടുത്തിയത് അയാളുടെ ഭാര്യയെ വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നു. ഈ കുറ്റത്തിന് മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു. 2001 ഒക്ടോബറിലാണ് പ്രിന്‍സ് ശാന്തകുമാറിനെ കൊടൈക്കനാല്‍ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതി ശരവണ ഭവന്‍ ജീവനക്കാരനായിരുന്ന രാമസ്വാമിയുടെ മകളാണ്. ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ ജീവജ്യോതി വഴങ്ങിയിരുന്നില്ല.

1947ല്‍ മദ്രാസ് പ്രവിശ്യയിലെ തൂത്തുക്കുടി ജില്ലയില്‍ പുന്നയാടി ഗ്രാമത്തിലാണ് രാജഗോപാലിന്റെ ജനനം. 1973ല്‍ ചെന്നൈയിലെത്തിയ രാജഗോപാല്‍ കെകെ നഗറില്‍ ഒരു ചെറിയ സ്റ്റേഷനറി കട തുടങ്ങി. 1981ല്‍ കെകെ നഗറില്‍ തന്നെ ഒരു ചെറിയ ഹോട്ടല്‍. ഈ ചെറിയ ഹോട്ടലില്‍ നിന്നാണ് ഇന്ന് കാണുന്ന ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഘലയിലേയ്ക്ക് പി രാജഗോപാല്‍ വളരുന്നത്. രാജഗോപാല്‍ പിന്നീട് ‘അണ്ണാച്ചി’ എന്നും അറിയപ്പെട്ട് തുടങ്ങി. ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്കും ഏറെ പ്രിയപ്പെട്ട മസാലദോശയുടെ ലോകപ്രശസ്തരായ നിര്‍മ്മാതാക്കളായി മാറി ശരവണ ഭവന്‍. ചെന്നൈ നഗരത്തില്‍ മാത്രം 8000 ജീവനക്കാരുണ്ട് ശരവണ ഭവന്.

കൂടുതല്‍ വായിക്കാം: ‘മസാലദോശയുടെ ആശാന്‍’ എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിളിച്ച പി രാജഗോപാലിന്റെ ജീവിതം ഇനി ജയിലില്‍

Read More: ശരവണ ഭവന്‍ രാജഗോപാലിന് ഇനി പുഴല്‍ സെന്‍ട്രല്‍ ജയിലിലെ ഉണക്ക ചപ്പാത്തി തിന്നാം; ജ്യോതിഷത്തിന്റെ ഓരോ കളികള്‍

മസാല-3

മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി ടീം പടച്ചുവിട്ട രാഷ്ട്രീയ മസാല ത്രില്ലര്‍ ലൂസിഫറാണ് മൂന്നാം മസാല. മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ ഇതാ ആരാധകരുടെ സൂപ്പര്‍ താരത്തെ തിരിച്ചു കിട്ടിയിരിക്കുന്നു എന്നാഘോഷിക്കുമ്പോള്‍ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സംവിധാനം ചെയ്ത നാടുവാഴികളും കെ മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടും ഓര്‍മ്മ വന്നാല്‍ അതൊരു കൊതിക്കെറുവായി കാണരുത്. ഓര്‍മ്മകള്‍ അങ്ങനെയാണ്.. അത് അനവസരത്തില്‍ വന്നു കൊണ്ടിരിക്കും.

ഭരണകൂടത്തെ കോര്‍പ്പറേറ്റുകള്‍ക്കും ഡ്രഗ്ഗ് മാഫിയക്കും അടിയറവെക്കുന്ന ഇടതു വലതു രാഷ്ട്രീയ ഉഡായിപ്പുകാരെ കുറിച്ചാണ് സിനിമ. 80കളില്‍ ഐ വി ശശി –ടി ദാമോദരന്‍ കൂട്ടുകെട്ടിലും 90 കളില്‍ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിലും ഇറങ്ങിയ രാഷ്ട്രീയ മസാല സിനിമകളില്‍ ചര്‍ച്ച ചെയ്ത ‘ഗൌരവപ്പെട്ട’ വിഷയങ്ങളില്‍ കൂടുതലൊന്നും ലൂസിഫര്‍ ചര്‍ച്ച ചെയ്യുന്നില്ല. താരസ്വരൂപവും ത്രസിപ്പിക്കുന്ന ഡയലോഗുകളും കുടുംബ കണ്ണീരും കാതടപ്പിക്കുന്ന ബി ജി എമ്മും പിന്നെ മനുഷ്യ ശരീരത്തെ ഒടിച്ചും മടക്കിയും അടിച്ചുപൊട്ടിച്ചുമൊക്കെ ചങ്ങല പോലെ കാണിക്കുന്ന ഹിംസയുടെ പൈശാചിക ആഘോഷങ്ങളും സ്ത്രീ ശരീര പ്രദര്‍ശനം ആവോളം ഉള്ള പഴയ ബോളിവുഡ് ബാര്‍ നൃത്ത ദൃശ്യങ്ങളും കാമം കത്തുന്ന കണ്ണുകളോടെ വില്ലനും ഒക്കെ ചേര്‍ന്ന് നല്ല എരിവും പുളിയുമുള്ള രാഷ്ട്രീയ മസാല.

Read More: മുരളി ഗോപി ഒളിച്ചുകടത്തുന്ന ലൂസിഫറിന്റെ രാഷ്ട്രീയം

Read More: സൂപ്പർ മെഗാസ്റ്റാർഡം നിലനിർത്താൻ അവർക്കിത്തരം ‘അധോലോക പ്രകടനങ്ങൾ’ ആവശ്യമുണ്ട്; ലൂസിഫറിനെത്തേടി രജനീകാന്തും വരും

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on March 30, 2019 4:26 pm