X

മനുഷ്യാവകാശം ശബരിമലയിലും വിമാനത്താവളത്തിലും പിന്നെ എറണാകുളം പ്രസ്സ് ക്ലബ് മുറ്റത്തും

അഭിഭാഷകനായ ശ്രീധരന്‍ പിള്ളയെ കോടതിയില്‍ പോകാന്‍ അനുവദിക്കാത്ത രീതിയില്‍ ആരെങ്കിലും തടഞ്ഞുവെക്കുന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ ആവുമോ?

ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞത് “കേരളം മനുഷ്യാവകാശത്തിന്റെ ശവപ്പറമ്പ് ആയിരിക്കുന്നു” എന്നാണ്. ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ കാണിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകള്‍ക്ക് എതിരെ പരാതി നല്‍കുമെന്ന് ശ്രീധരന്‍ പിള്ള കോഴിക്കോട് പറഞ്ഞതായി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ള വല്‍സന്‍ തില്ലങ്കേരിയുടെയും പെരുമ്പാവൂറുകാരന്‍ ആര്‍ എസ് എസ് നേതാവ് രാജേഷിന്റെയും സന്നിധാനത്ത് നടുവിരല്‍ നമസ്കാരം നടത്തിയ വിശ്വാസ സംരക്ഷകന്റെയും നെയ് തേങ്ങ കൊണ്ട് ഒരു 52 കാരിയെ എറിഞ്ഞു കൊല്ലാന്‍ ആഹ്വാനം ചെയ്ത ആര്‍ എസ് എസ് ഗുണ്ടയുടെയും വഴി ഉപേക്ഷിച്ചു നിയമത്തിന്റെ വഴി തേടുന്നത് ശുഭോദര്‍ക്കമായ കാര്യം തന്നെ. എന്നാല്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നത് ശബരിമലയില്‍ മാത്രമാണോ?

കണ്ണൂരില്‍ നിന്നുള്ള രേഷ്മ നിശാന്ത്, അനില, കൊല്ലത്ത് നിന്നുള്ള ധന്യ എന്നീ യുവതികള്‍ വ്രതം നോറ്റ് അയ്യപ്പനെ കാണാന്‍ തയ്യാറായാണ് ഇന്നലെ കൊച്ചിയില്‍ എത്തിയത്. ശബരിമലയിലേക്ക് ഇവരെ കടക്കാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ഭീഷണി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ ഇന്നലെ എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍ യുവതികള്‍ പ്രസ്സ് ക്ലബില്‍ എത്തിയയുടനെ ശരണം വിളിയുമായി നൂറുകണക്കിനു വിശ്വാസ പ്രതിഷേധക്കാര്‍ പ്രസ്സ് ക്ലബ് വളയുകയായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് വാര്‍ത്താ സമ്മേളനം കഴിഞ്ഞു യുവതികളെ പ്രസ്സ് ക്ലബില്‍ നിന്നും പോലീസ് പുറത്തുകൊണ്ടുവന്നത്.

മല കയറും വരെ മാല ഊരില്ലെന്നാണ് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രേഷ്മ നിഷാന്ത് പറഞ്ഞത്. ഒരുപാട് മാനസിക സംഘർഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് രേഷ്മ നിഷാന്ത് പറഞ്ഞു. വീട്ടിൽ നിന്ന് എങ്ങോട്ടിറങ്ങിയാലും രേഷ്മ നിഷാന്ത് ശബരിമലയിൽ പോയി എന്ന പ്രചാരണമാണ് നടക്കുന്നത്. ജോലിസ്ഥലത്തു പോലും ആക്രമണം പേടിച്ച് പോകാൻ കഴിയാത്ത അവസ്ഥയാണ്. കോളജ് അധ്യാപികയായ തനിക്ക് ജോലി രാജി വെക്കേണ്ടി വന്നെന്നും രേഷ്മ നിഷാന്ത് പറഞ്ഞു. തുല്യതയ്ക്കുള്ള തന്റെ അവകാശത്തെ കുറിച്ചും താന്‍ നേരിടുന്ന പൌരാവാകാശ ലംഘനങ്ങളെ കുറിച്ചുമാണ് രേഷ്മ സംസാരിക്കുന്നത്.

എല്ലാ വിശ്വാസികളും സ്ത്രീ പ്രവേശനത്തിന് എതിരാണെന്ന് പറയരുതെന്നും തങ്ങളെപ്പോലെ നിരവധിയാളുകൾ ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും യുവതികൾ പറഞ്ഞു. “ഞങ്ങൾ മൂന്നുപേർ മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽവന്ന് കാര്യങ്ങൾ പറയുന്നത്. ബാക്കിയുള്ളവർ തൽക്കാലം മുന്നിലേക്ക് വരുന്നില്ലെന്നേയുള്ളൂ” -കൊല്ലത്തു നിന്നുള്ള അയ്യപ്പഭക്തയായ ധന്യ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ഈ യുവതികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ, തൊഴില്‍ എടുക്കാനുള്ള സ്വാതന്ത്ര്യത്തെ തടയുന്നത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ പേടില്ലേ?

ശബരിമലയിലേക്ക് ദര്‍ശനത്തിന് പോയി എന്നതുകൊണ്ടു മാത്രം ജീവനും കൊണ്ട് രക്ഷപ്പെടേണ്ടിവന്ന അധ്യാപികയായ ബിന്ദു തങ്കം കല്യാണിയുടെ അവകാശങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയില്‍ പെടുമോ? കോഴിക്കോട് ജോലി ചെയ്തിരുന്ന അവര്‍ക്ക് അവിടത്തെ ജോലിയും വാടക വീടും ഇതിന്റെ പേരില്‍ മാത്രം നഷ്ടപ്പെട്ടു. ഇപ്പോള്‍ അവര്‍ പുതുതായി ജോലിക്കു ചേര്‍ന്ന അഗളി സ്കൂളില്‍ നാമജപ പ്രതിഷേധം എന്ന പേരില്‍ കൊലവിളി നടത്തുകയാണ് ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ 18 മണിക്കൂറോളമാണ് വിമാനത്താവളത്തില്‍ ബന്ധിയാക്കിയത്. ഇതേത് ലംഘനങ്ങളുടെ കൂടത്തില്‍ പെടും മിസ്റ്റര്‍ പിള്ള? (നെടുമ്പാശ്ശേരിയില്‍ എത്തിയ തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്തു തിരിച്ചയക്കണം എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ തല്‍ക്കാലം വെറുതെ വിടാം. അദ്ദേഹം ചെയ്യുന്നത് അദ്ദേഹത്തിന് തന്നെ അറിയാന്‍പാടില്ല എന്ന അവസ്ഥയാണ് ഇപ്പോള്‍)

പേരക്കുട്ടിയുടെ ചോറൂണിന് സന്നിധാനത്ത് എത്തിയ 52 കാരിയായ ലളിതയെ വല്‍സന്‍ തില്ലങ്കേരിയുടെ ‘കുട്ടികള്‍’ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നത് ലൈവായി ടെലിവിഷനിലൂടെ എല്ലാവരും കണ്ടതാണ്. ‘എറിഞ്ഞു കൊല്ലടാ’ എന്ന ആക്രോശം ആ ഭക്തയ്ക്കുണ്ടാക്കിയ മാനസിക വിഷമവും ഭീതിയും മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയില്‍ പെടില്ലേ?

സുപ്രീം കോടതി വിധിക്ക് ശേഷം പ്രഖ്യാപിച്ച മൂന്ന് ഹര്‍ത്താലുകള്‍ മനുഷ്യാവകാശ മാഹാത്മ്യം പറയുന്ന ശ്രീധരന്‍ പിള്ളയുടെ എക്കൌണ്ടില്‍ വരില്ലേ? (എല്ലാവരും നടത്തുന്നതല്ലേ ഈ ഹര്‍ത്താല്‍ കലാപരിപാടി എന്ന മറുവാദം അവിടെ നില്‍ക്കട്ടെ). ഹിന്ദു ഐക്യ വേദി നേതാവ് ശശികലയെ കസ്റ്റഡിയില്‍ എടുത്തതിന്റെ പേരില്‍ അര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൊതുജനത്തിന് ഉണ്ടാക്കിയ ദുരിതം വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ബാധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ശ്രീധരന്‍ പിള്ള ഇപ്പോള്‍ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു എന്ന് വാദിക്കുന്ന ഭക്തന്‍മാര്‍ കൂടി ഉണ്ടെന്ന് ഓര്‍ക്കുക. ശ്രീധരന്‍ പിള്ള ശ്രദ്ധയില്‍ പെടുത്തിയില്ലെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ തങ്ങളുടെ അന്വേഷണ പരിധിയില്‍ ഈ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു? ഹര്‍ത്താലിലും ഒതുങ്ങാതെ തൊട്ടടുത്ത ദിവസം ദേശീയ പാത ഉപരോധവും ശ്രീധരന്‍ പിള്ളയുടെ ടീംസ് സംഘടിപ്പിച്ചു.

തുലാം മാസ, ചിത്തിരയാട്ട പൂജ കാലത്ത് ശബരിമലയില്‍ എത്തിയ വനിതകള്‍ ഉള്‍പ്പെടുന്ന മാധ്യമ പ്രവര്‍ത്തകരെ വിശ്വാസ പ്രതിഷേധക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നത് നമ്മള്‍ കണ്ടതാണ്. തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ തടയുന്ന രീതിയിലുള്ള കായിക ശക്തിയുടെ പ്രയോഗം മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയില്‍ പേടില്ലേ? അഭിഭാഷകനായ ശ്രീധരന്‍ പിള്ളയെ കോടതിയില്‍ പോകാന്‍ അനുവദിക്കാത്ത രീതിയില്‍ ആരെങ്കിലും തടഞ്ഞുവെക്കുന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ ആവുമോ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കുന്നതോടെ ഭക്തന്‍മാരുടെ മനുഷ്യാവകാശത്തില്‍ പോലീസ് നടത്തുന്ന കൈകടത്തലുകള്‍ പൊതു ശ്രദ്ധയിലേക്ക് വരും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്നലെ കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും അഡ്വക്കേറ്റ് ജനറലിനെ കോടതിയിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

പ്രഥമ ദൃഷ്ട്യാ ശബരിമലയില്‍ പോലീസ് അമിതാധികാര വിനിയോഗം നടത്തിയിട്ടുണ്ട് എന്നു വിലയിരുത്തിയ കോടതി നടപ്പന്തലില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിച്ചത് എന്തിനെന്ന് ചോദിച്ചു. എജിയുടെ വിശദീകരണം കേട്ടതിന് ശേഷം സാമൂഹികവിരുദ്ധര്‍ക്കു അവരുടെ അജണ്ട ഉണ്ടാകും എന്നു പറഞ്ഞ കോടതി ആകാരണമായ നിയന്ത്രണങ്ങള്‍ ഉണ്ടാകരുത് എന്നു നിര്‍ദ്ദേശിച്ചു. “യഥാര്‍ത്ഥ ഭക്തരുടെ തീര്‍ഥാടനം തടസ്സപ്പെടുത്തരുത്. അവരെ കുറിച്ച് അന്വേഷിച്ചു യഥാര്‍ത്ഥ ഭക്തരാണ് എന്ന് ഉറപ്പ് വരുത്തണം.” കോടതി പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാരിന്റെ നിലപാടും ഇത് തന്നെയാണ് എന്നാണ് മുഖ്യമന്ത്രിയെ അടക്കമുള്ളവര്‍ പലപ്പോഴായി വ്യക്തമാക്കിയത്. എന്നാല്‍ കോടതി ചൂണ്ടിക്കാണിച്ചതുപോലെ, ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ എന്തെങ്കിലും അമിതാധികാര പ്രയോഗങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അത് തടയപ്പെടേണ്ടത് തന്നെയാണ്.

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

“ഇപ്പോൾ പോകുന്നില്ല; അയ്യപ്പനെ കാണും വരെ മാല ഊരില്ല” -ശബരിമലയിൽ കയറാനെത്തിയ യുവതികൾ

ബിജെപി നിയോഗിച്ചത് ശബരിമല പിടിച്ചെടുക്കാനുള്ള കര്‍സേവകരെ: മുഖ്യമന്ത്രി

മാധ്യമ സ്വാതന്ത്ര്യത്തിനായി ഘോരഘോരം വാദിക്കുന്ന നേതാക്കള്‍ക്ക് ജേര്‍ണലിസ്റ്റുകളെ തല്ലുകയും തെറിവിളിക്കുകയും ചെയ്ത അണികളോട് എന്താണ് പറയാനുള്ളത്?

അഡ്വ. ഗോപാലകൃഷ്ണന്റെ തെറി പ്രസംഗവും അഗളി സ്കൂളിന് മുന്നിലെ ‘തെറിജപ’ പ്രതിഷേധവും; ഇതെന്ത് രാഷ്ട്രീയം? ഭക്തി?

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 20, 2018 12:20 pm