X

മന്ത്രിയുടെ ചക്കെക്കണോമിക്സ് കൊള്ളാം; 30000ല്‍ അധികം പ്ലാവ് നട്ട പ്ലാവ് ജയനോടാകട്ടെ ആദ്യ നന്ദി പ്രകടനം

സംസ്ഥാന മരത്തിന്‍റെ അവസ്ഥ ആകരുത് സംസ്ഥാന ഫലത്തിന്റെയും

60കളുടെ ഒടുവിലും 70കളിലും പിന്നെ 80കളില്‍ ശക്തിപ്പെട്ടതുമായ ഗള്‍ഫ് കുടിയേറ്റമാണ് മലയാളിയുടെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചത്. ഇത് മലയാളിയുടെ ജീവിത ശൈലിയെയും മാറ്റിമറിച്ചു. മലബാറിലാണ് ഇത് ഏറെ പ്രകടമായി പ്രതിഫലിച്ചത്. മലയാളിയുടെ വീടിന്റെ മുന്നാമ്പുറത്ത് നിന്നും പിന്നാമ്പുറത്തേക്കും പിന്നീട് പുറത്തേക്കും ചക്കയെ ഓടിച്ചുവിട്ടു എന്നത് ഈ പ്രവാസ എക്കണോമിക്സിന്റെ മറ്റൊരു പ്രത്യാഘാതം കൂടിയായിരുന്നു. പഴംചക്കയുടെ മണം പല വീടുകള്‍ക്കും ദുര്‍ഗന്ധമായി മാറി എന്നതായിരുന്നു അതിന്റെ പരിണതഫലം. വൈകുന്നേരത്തെ ചക്കപ്പുഴുക്കിന് പകരം ബേക്കറികളുടെ ചില്ലുകൂട്ടിലെ പുതുക്കക്കാരന്‍ പഫ്സ് എന്ന പലഹാരം നമ്മുടെ ഡൈനിംഗ് ടേബിളിലേക്ക് കടന്നു വന്നതും അക്കാലത്താണ്. (ഡൈനിംഗ് ടേബിള്‍ ഇല്ലാത്ത വീടുകള്‍ ചക്കപ്പുഴുക്ക് തന്നെ കഴിച്ചു, നിഗൂഡമായി)

അതേമലയാളി ലുലു മാളില്‍ പോയി ചക്ക ഷോപ്പിംഗ് ചെയ്യുന്നതും നമ്മള്‍ കാണുന്നു. അങ്ങനെയിരിക്കെയാണ് ഊര്‍ജ്ജസ്വലനായ കാര്‍ഷിക മന്ത്രി പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മാധ്യമങ്ങള്‍ പറയുന്നതുപോലെ അഖില ലോക മലയാളിക്ക് ‘ആഹ്ളാദകര’മായ ഒന്ന്.

എന്നാല്‍ മലയാളിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ‘ആഹ്ലാദ’കരമായ ഒരു പ്രഖ്യാപനമാണ് ഇന്നലെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ നടത്തിയത് എന്നു തീര്‍ച്ചയാക്കാറായിട്ടില്ല. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമാക്കിയത് കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും നിര്‍ണ്ണായക സ്ഥാനം നേടിയെടുക്കാന്‍ തക്കതായ തീരുമാനമാണ് എന്ന കാര്യത്തില്‍ സംശയമുണ്ടായിട്ടില്ല ഇങ്ങനെയൊരു മുന്‍ധാരണയോടെയുള്ള പറച്ചില്‍. അത് പൂര്‍വ്വകാല അനുഭവം വെച്ചാണ്.

“വര്‍ഷം 30 മുതല്‍ 60 കോടി ചക്കയാണ് കേരളത്തിലുണ്ടാകുന്നത്. വെള്ളമൊഴിക്കാതെ, വളമടിക്കാതെ, മരുന്നടിക്കാതെ, കിട്ടുന്ന ചക്ക വരദാനമാണ്. ചക്കയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനായാല്‍ കേരളത്തിന് 30,000 കോടിയുടെ വരുമാനം ഉണ്ടാക്കാനാവും.” മന്ത്രി നിയമസഭയില്‍ പറഞ്ഞു.

മന്ത്രി പറഞ്ഞ ചക്കെക്കണോമിക്സ് കേരളത്തിന്റെ കാര്‍ഷിക മേഖലയെ മാറ്റിമറിക്കാന്‍ പോകുന്നതാണ്. തങ്ങളുടെ പറമ്പില്‍ വീണടിയുന്ന ചക്ക പെറുക്കിക്കൂട്ടി വിറ്റാല്‍ മാത്രം മതി വയനാട്ടിലെ ആത്മഹത്യ ചെയ്യുന്ന കാര്‍ഷകരുടെ അടുപ്പില്‍ തീ പുകയാന്‍.

പക്ഷേ മന്ത്രി പറഞ്ഞ ചക്ക ഉത്പാദനത്തിന്റെ കണക്കോ വരുമാന സാധ്യതയുടെ കണക്കോ എന്തെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആണോ എന്നു വ്യക്തമല്ല. എന്തായാലും എത്ര ചക്ക കേരളത്തില്‍ ഉണ്ടാകുന്നു എന്നു കണക്കാക്കാന്‍ ഒരു കാര്‍ഷിക സര്‍വെ കേരളത്തില്‍ നടന്നിട്ടില്ല എന്നുറപ്പാണ്. (ഈയുള്ളവന്‍റെ വയനാട്ടിലെ 20 സെന്‍റ് പുരയിടത്തില്‍ ഒരു ഡസനെങ്കിലും പ്ലാവുണ്ട്. അതിന്റെ വിളവെണ്ണാന്‍ ഇതുവരെ ഒരു കൃഷി ഉദ്യോഗസ്ഥനെയും ആ വഴിക്കു കണ്ടിട്ടില്ല).

നമ്മുടെ കാര്‍ഷിക കയറ്റുമതിയുടെ അടയാള ഉത്പന്നമാക്കി ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെ മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്നു മന്ത്രി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കര്‍ഷകരും ബിസിനസ് മേഖലയും തമ്മില്‍ നിലനില്‍ക്കുന്ന വിടവ് നികത്തും എന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഇന്നലെ മന്ത്രി പറഞ്ഞ മറ്റൊരു വിഷയം ഏറെ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യേപ്പെടേണ്ടതാണ്. അത് നമ്മുടെ സംസ്ഥാനത്തിന്‍റെ ഔദ്യോഗിക മരത്തിന്‍റെ കാര്യമാണ്. തെങ്ങിന്റെ. തേങ്ങയുടെ ഉത്പാദനത്തില്‍ കേരളം ഇപ്പോള്‍ താഴോട്ടാണ്. ചത്തീസ്ഗഡ്, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ തേങ്ങയുടെ ഉത്പാദനത്തില്‍ കേരളത്തെ മറികടന്നു കഴിഞ്ഞു. ഇപ്പോള്‍ നിലവിലുള്ള 8 ലക്ഷം ഹെക്ടറില്‍ നിന്നും 9.5 ലക്ഷം ഹെക്ടറിലേക്ക് തെങ്ങ് കൃഷി വ്യാപിപ്പിക്കാന്‍ ഗവണ്‍മെന്‍റ് ഉദ്ദേശിക്കുന്നതായും മന്ത്രി ഇന്നലെ പറഞ്ഞു.

(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)

സംസ്ഥാന മരത്തിന്‍റെ അവസ്ഥ തന്നെയാകുമോ സംസ്ഥാന ഫലത്തിന്റെയും?

ഏറെ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നീരയുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് നോക്കിയാല്‍ മതി ഇതുപോലെ പ്രഖ്യാപിപ്പിക്കപ്പെടുന്ന സ്വപ്ന പദ്ധതികളുടെ ദുരവസ്ഥ മനസിലാക്കാന്‍.

ഇന്നത്തെ മാതൃഭൂമിയില്‍ നീരയെ കുറിച്ച് ഒരു വാര്‍ത്തയുണ്ട്. ‘കള്ളിനും നീരയ്ക്കും ഒരേ നയം’ എന്നാണ് തലക്കെട്ട്. കള്ള് പോലെ ഏപ്രില്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ നീളുന്ന അബ്കാരി വര്‍ഷത്തേക്കാണ് നീരയ്ക്ക് ലൈസന്‍സ് കൊടുക്കുന്നതു. അത് എക്സൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ്. കള്ള് അന്നന്നു ചെത്തികൊടുക്കുന്നതുപോലെയല്ല നീരയുടെ അവസ്ഥ. അതിന് പ്രത്യേക പ്ലാന്‍റും പാക്കേജിംഗും എല്ലാം ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്. നീര പ്ലാന്‍റ് സ്ഥാപിക്കാന്‍ 25 കോടി എങ്കിലും ചിലവ് വരും. ഇതില്‍ ആറേ കാല്‍ കോടി മാത്രമാണ് കേന്ദ്ര സബ്സിഡി. ഒരു വര്‍ഷത്തേക്ക് മാത്രം കിട്ടുന്ന ലൈസന്‍സ് ബാങ്ക് ലോണിന് പ്രതിബന്ധമായിരിക്കുകയാണ്. നീര ഉത്പാദന രംഗത്തുള്ള കരണാടക അഞ്ചു വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുന്നത്. കള്ള് ചെത്തിന് നിരോധനമുള്ള തമിഴനാട്ടില്‍ നീര ചെത്താന്‍ അനുവാദം നല്കിയിട്ടുണ്ട്.

തെങ്ങിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നമായി കരുതേണ്ട നീരയെ എക്സൈസ് നിയമത്തില്‍ കുടുക്കികൊല്ലുകയാണ് സര്‍ക്കാര്‍. കൃഷി മന്ത്രി ഇതിനെന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. ഇത് നീര കര്‍ഷകരുടെ മാത്രം ചോദ്യമല്ല. ആരോഗ്യ ദായകമായ പാനീയം കുടിക്കണം എന്നാഗ്രഹിക്കുന്ന ഓരോ മലയാളിയുടെയും ചോദ്യമാണ്.

അവസാനമായി നന്ദി പ്രകാശനമാണ്.

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ച ചില വ്യക്തികളും സംഘടനകളും ഉണ്ട്. മാതൃഭൂമിയിലെ എഡിറ്റ് പേജില്‍ എസ് ഡി വേണുകുമാര്‍ എഴുതിയ ലേഖനത്തില്‍ പ്രധാനമായും നാലു പേരെയാണ് പരാമര്‍ശിക്കുന്നത്. കാസര്‍ഗോഡെ സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ ശ്രീ പദ്രെ, ജാക്ക് ഫ്രൂട്ട് 360 എന്ന കമ്പനിയുടെ സ്ഥാപകന്‍ മൈക്രോസോഫ്റ്റ് മുന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫ്, തിരുവനന്തപുരം ജാക്ഫ്രൂട്ട് പ്രമോഷന്‍ കൌണ്‍സില്‍, ആറന്മുള പൈതൃക പഠനകേന്ദ്രം എന്നിവയാണ് വ്യക്തികളും സംഘടനകളും.

എന്നാല്‍ നമ്മള്‍ മറക്കാന്‍ പാടില്ലാത്ത ഒരാളുണ്ട് അത് പ്ലാവ് ജയന്‍ എന്നറിയപ്പെടുന്ന കെ ആര്‍ ജയനാണ്. തൃശൂര്‍ ഇരിഞ്ഞാലക്കുടയിലെ വെള്ളൂര്‍ക്കരയിലെ കര്‍ഷകനായ പ്ലാവ് ജയന്‍ മുപ്പതിനായിരത്തില്‍ അധികം പ്ലാവുകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്നാണ് വിക്കിപീഡിയയിലെ കണക്ക്. എന്നാല്‍ എത്ര പ്ലാവുകള്‍ എന്ന കണക്ക് ജയന് പോലും ഉണ്ടാകില്ല. പ്ലാവ് എന്ന പുസ്തകം എഴുതിയിട്ടുള്ള പ്ലാവ് ജയനുള്ള പുരസ്കാരമാവട്ടെ ഈ ഔദ്യോഗിക ഫല പ്രഖ്യാപനം.

തൃശൂര്‍ക്കാരന്‍ കൂടിയായ മന്ത്രി സുനില്‍ കുമാര്‍ അത് ശ്രദ്ധിക്കുമല്ലോ?

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on March 22, 2018 2:18 pm