X

മോറട്ടോറിയം കാലാവധി നീട്ടണം: ആർബിഐ ഗവർണറുമായി കൂടിക്കാഴ്ച നടത്തി കൃഷിമന്ത്രി

മുഖ്യമന്ത്രിയുടെ നിവേദനവും മന്ത്രി നേരിട്ട് ഗവർണർക്ക് കൈമാറി.

കാർഷിക വായ്പകൾക്ക് സംസ്ഥാനം പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി  നീട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ റിസർവ് ബാങ്ക് ഗവർണറുമായി കൂടിക്കാഴ്ച നടത്തി.  റിസർവ് ബാങ്ക് ആസ്ഥാനത്തായിരുന്നു ഗവർണർ ശക്തി കാന്ത ദാസുമായുള്ള മന്ത്രിയുടെ കൂടിക്കാഴ്ച. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിവേദനവും മന്ത്രി നേരിട്ട് ഗവർണർക്ക് കൈമാറി. ജൂലൈ 31നാണ് മോറട്ടോറിയം കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു നടപടി.

ബാങ്കുകളുടെ സംസ്ഥാനതല കമ്മറ്റി ചേർന്ന് നേരത്തെ മോറട്ടോറിയം പരിധി ഡിസംബർ 31 വരെ നീട്ടണമെന്ന ശുപാർശ റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. ഇത് അംഗീകരിച്ച് മോറട്ടോറിയം പരിധി നീട്ടി നൽകണം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് കർഷകർ എടുത്തിട്ടുള്ള കാർഷിക-കാർഷികേതര ലോണുകളും മോറട്ടോറിയം പരിധിയിൽ കൊണ്ടുവരണം. മോറട്ടോറിയം കാലയളവിൽ കർഷക ലോണുകളെ കിട്ടാക്കടമായി (എൻപിഎ അഥവാ നോൺ പെർഫോമിംഗ് അസറ്റ്) കണക്കാക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കർഷകർക്കുള്ള ഈടില്ലാത്ത ലോൺ പരിധി ഇപ്പോഴുള്ള 1.60 ലക്ഷം രൂപയിൽ നിന്ന് 3.25 ലക്ഷമായി ഉയർത്തണമെന്നതാണ് സംസ്ഥാനത്തിന്റെ മറ്റൊരു ആവശ്യം. സംസ്ഥാനത്ത് കാർഷിക ലോണുമായി ബന്ധപ്പെട്ട എൻപിഎ 2.73 ശതമാനമാണ്. കഴിഞ്ഞ മൂന്നു വർഷത്തെ കിട്ടാക്കടവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്.

സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷം ബാങ്കുകൾ നൽകിയിരിക്കുന്ന കാർഷിക ലോണുകളിൽ 61 ശതമാനവും കാർഷിക ഗോൾഡ് ലോണാണ്. ഇതിന്റെ പ്രയോജനം കർഷകരല്ലാത്തവർക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. കാർഷിക ഗോൾഡ് ലോണിന്റെ പ്രയോജനം പൂർണമായും കർഷകർക്ക് തന്നെ ലഭിക്കുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും നടപടിയെടുക്കണം. എല്ലാ ചെറുകിട കാർഷിക ലോണുകളും കെ സി സി ( കിസാൻ ക്രെഡിറ്റ് കാർഡ്) മുഖേന മാത്രം നൽകുന്നതിനും റിസർവ് ബാങ്ക് നടപടി സ്വീകരിക്കണം.

വെള്ളപ്പൊക്കത്തിലും പ്രകൃതി ദുരന്തത്തിലും പെട്ടുപോയ പല കർഷകർക്കും ലോൺ പുനക്രമീകരണത്തിനുള്ള അപേക്ഷ നൽകാൻ കഴിഞ്ഞിട്ടില്ല. പ്രളയ കാലയളവിലെ ലോണുകൾ പുനക്രമീകരിക്കാൻ 2019 സെപ്തംബർ 30 വരെ സമയം നീട്ടി നൽകണം. ലോണുകൾ പുനക്രമീകരിക്കുമ്പോൾ മുതൽ തുക മാത്രം കടക്കാരുടെ ബാദ്ധ്യതയായി പരിഗണിക്കുകയും ഉൾപ്പെടുത്തുകയും പലിശയും പിഴപ്പലിശയും ഒഴിവാക്കുകയും വേണം. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഗവർണർ ഉറപ്പു നൽകിയതായും മന്ത്രി അറിയിച്ചു.

കൂടിക്കാഴ്ചയിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മഹേഷ് കുമാർ ജെയ്ൻ, ഫിനാൻസ് സെക്രട്ടറി മനോജ് ജോഷി, അഡിഷണൽ ചീഫ് സെക്രട്ടറിയും കാർഷികോല്പാദന കമ്മീഷണറുമായ ഡി. കെ. സിംഗ്, കൃഷി സ്പെഷ്യൽ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, വിലനിർണയ ബോർഡ് ചെയർപേഴ്സൺ ഡോ. രാജശേഖരൻ നായർ, പ്രൈവറ്റ് സെക്രട്ടറി പി.വി. മനോജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

 

This post was last modified on July 10, 2019 9:32 pm