X

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?

ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് അധികാരത്തില്‍ തുടരുന്നു എന്നാണ് ജനം ചോദിക്കുന്നതെന്ന് ജേക്കബ് തോമസ്

സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്ന് ജേക്കബ് തോമസ്. ഇപ്പോള്‍ ഐ എം ജി ഡയറക്ടര്‍ ആണ് ജേക്കബ് തോമസ്. അതുകൊണ്ട് രൂക്ഷമായ ഈ സര്‍ക്കാര്‍ വിമര്‍ശനം അദ്ദേഹത്തിന് നേരെ മറ്റൊരു നടപടി വിളിച്ചുവരുത്താന്‍ ഏറെ സാധ്യതയുണ്ട്. നിലവില്‍ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പേരില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടാകാനിരിക്കെയാണ് പുതിയ വിവാദം.

ഒഖി ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പിഴവിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസിന്റെ പുതിയ വിമര്‍ശനം. “ഒഖി ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചു എന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടോ എന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ അധികാരികളുടെ പ്രതികരണം?” കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.

“ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് അധികാരത്തില്‍ തുടരുന്നു എന്നാണ് ജനം ചോദിക്കുന്നത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികള്‍” ജേക്കബ് തോമസിന്റെ വാക്കുകള്‍ മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പല ഘട്ടത്തിലും മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട് ജേക്കബ് തോമസിന്റെ സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍. ചുവപ്പ് കാര്‍ഡും മഞ്ഞ കാര്‍ഡുമായി വന്നതും പ്ലാസ്റ്റര്‍ ഒട്ടിച്ച് വായ് മൂടിക്കെട്ടി വന്നതുമൊക്കെ അവയില്‍ ചിലത് മാത്രം.

കഴിഞ്ഞ ആഗസ്ത് മാസം ജേക്കബ് തോമസ് തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ക്രമക്കേടുകള്‍ നടന്നതായുള്ള സി എ ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതിന് പിന്നാലെ “കപ്പലോടിക്കാൻ അറിയാത്ത തന്നെ കപ്പലോടിക്കാൻ നിയമിച്ചവരാണ് ഉത്തരവാദികൾ.” എന്നാണ് അദ്ദേഹം പറഞ്ഞത്.

പിണറായി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ മുഖം എന്ന രീതിയില്‍ ഭരണത്തിന്റെ തുടക്കത്തില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ജേക്കബ് തോമസ് വളരെ പെട്ടെന്നാണ് ആ പ്രഭയില്‍യില്‍ നിന്നും മങ്ങിപ്പോയത്. കാരണമായത് ഇ പി ജയരാജന്‍ രാജി വെക്കേണ്ടിവന്ന ബന്ധുനിയമന വിവാദവും അതിലുള്ള വിജിലന്‍സിന്റെ അന്വേഷണവും.

ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്

സുപ്രീം കോടതി ഉത്തരവുമായി ടി പി സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചുവന്നപ്പോള്‍ തോപ്പി തെറിച്ച ബെഹ്റയെ ഇരുത്താനുള്ള ഇടമായി പിണറായി കണ്ടത് വിജിലന്‍സാണ്. അവധിയില്‍ പോകാനുള്ള പിണറായിയുടെ നിര്‍ദേശം ശിരസാവഹിച്ച ജേക്കബ് തോമസ് ആ ഘട്ടത്തില്‍ വലിയ പ്രകോപനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല.

എന്നാല്‍ രണ്ടര മാസത്തെ അവധിക്കു ശേഷം ഐ എം ജി ഡയറക്ടര്‍ ആയി തിരികെയെത്തിയ ജേക്കബ് തോമസ് തന്റെ അവധിയെ കുറിച്ചും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതിനെ കുറിച്ചും ഇങ്ങനെ പറഞ്ഞു. “വിജിലന്‍സ് തലപ്പത്തുനിന്നുള്ള മാറ്റത്തിന്റെ കാര്യവും കാരണവും പിന്നീടു പറയും.”

എന്തായാലും ആ കാര്യവും കാരണവും പറയാന്‍ പോകുന്നതിന്റെ ആദ്യ സൂചനയായിട്ടു വേണമെങ്കില്‍ ഇന്നലെ നടത്തിയ തുറന്ന സര്‍ക്കാര്‍ വിമര്‍ശനത്തെ കാണാം.

“ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. സുതാര്യതയെ കുറിച്ച് ആരും ഇപ്പോള്‍ സംസാരിക്കുന്നില്ല.. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരും. കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറും. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കലാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ട് വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും” ജേക്കബ് തോമസ് പറഞ്ഞു.

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ? കാത്തിരുന്നുകാണാം..

ജേക്കബ് തോമസ് എപ്പോഴും ഇങ്ങനെയാണ്, ഒന്നും നേരെ ചൊവ്വെ പറയില്ല

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on December 10, 2017 12:44 pm