X

അവന്‍ വരുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞത് മോദിജിയുടെ തരംഗമേറ്റ ഇയാളെക്കുറിച്ചാണോ?

സുരേഷ് ഗോപിയെ തളയ്ക്കാന്‍ ഓഡി കാര്‍ കേസു മതിയായിരുന്നു. എന്നാല്‍ ഈ കൊമ്പനെ തളയ്ക്കാന്‍ പഴയ ആനക്കൊമ്പ് കേസ് മതിയാകുമോ?

“അവൻ വരും, അവൻ ശക്തനായിരിക്കും, അവനു വേണ്ടി കാത്തിരിക്കുന്നു”വെന്ന് കണ്ണൂരില്‍ വെച്ചു നാല് ദിവസം മുന്‍പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞപ്പോള്‍ ഇത്ര പെട്ടെന്ന് അതിന്റെ അടയാളം പ്രത്യക്ഷമാവുമെന്ന് കരുതിയില്ല. അവന്‍ മംഗലശ്ശേരി നീലകണ്ഠനും പൂമുള്ളി ഇന്ദുചൂഡനും ജഗന്നാഥനും ഒക്കെയായി പല തവണ വന്നിട്ടുണ്ട്. നെറ്റിയില്‍ സിന്ദൂരക്കുറി ചാര്‍ത്തിയും മീശ പിരിച്ചും.

ഇന്നലെ മലയാളത്തിന്റെ സ്വന്തം ബ്ലോഗേട്ടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ തരംഗ പ്രഭാവത്തില്‍ വിജൃംഭിതനായി മനസുതുറന്നു. MODIfied Waves. ഫ്രാങ്കോയുടെ തിരക്കിലാണെങ്കിലും മോഹന്‍ലാലിന്റെ ബ്ലോഗാവിഷ്ക്കാരത്തിനും മാധ്യമങ്ങള്‍ സമയം കണ്ടെത്തി.

മോദിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളാണ് ലാല്‍ ബ്ലോഗിലൂടെ പങ്കുവെച്ചത്. തന്റെ സിനിമ ജീവിതത്തിലെ നാല്‍പ്പത്തിയൊന്നാം വാര്‍ഷിക ദിനത്തിലാണ് ആ കണ്ടുമുട്ടല്‍ എന്നും അതുകൊണ്ട് തന്നെ തനിക്കേറ്റവും പ്രിയപ്പെട്ടതാണ് എന്നും നടന്‍ പറഞ്ഞത് അര്‍ത്ഥഗര്‍ഭം. രണ്ടു പേരും മികച്ച നടന്മാര്‍ ആണല്ലോ?

മോഹന്‍ലാല്‍ ജി എന്ന് വിളിച്ച് അദ്ദേഹം വന്ന് തന്നെ സ്വീകരിച്ചത് അത്ഭുതകരമായ ഒരനുഭവം ആയെന്നു ലാൽ പറഞ്ഞു. “നാല്‍പ്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹം വിസ്മയിച്ചു. കര്‍ണഭാരം എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി അതേക്കുറിച്ച് സംസാരിച്ചു. ലെഫ്റ്റ്നന്‍റ് കേണല്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ ഏറെ താല്‍പ്പര്യത്തോടെ അദ്ദേഹം അതേ കുറിച്ച് കേട്ടു. ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും പേഷ്യന്റ് ലിസണര്‍ ആയിരുന്നു അദ്ദേഹം”.

അതേസമയം തനിക്കെതിരെ ഉയര്‍ന്ന രാഷ്ട്രീയ പ്രവേശന ‘ആരോപണങ്ങളെ’ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ലാല്‍ ഇങ്ങനെ എഴുതുന്നു. “എന്നാൽ അത്ഭുതകരമായ കാര്യം പ്രധാനമന്ത്രി എന്നോട് ഒരു വാക്ക് പോലും രാഷ്ട്രീയം സംസാരിച്ചില്ല എന്നതാണ്. രാഷ്ട്രീയവും, രാഷ്ട്രനിർമാണവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.”

എന്നാല്‍ തുടര്‍ന്ന് പറഞ്ഞ വാചകങ്ങളാണ് കൊല മാസ്. “മഹാവ്യക്തികളെ കാണുമ്പോള്‍ ഒരു പോസിറ്റീവ് തരംഗം നമ്മളില്‍ ഉണ്ടാകും. പ്രധാനമന്ത്രിയെ കണ്ടപ്പോഴും എനിക്ക് അത് അനുഭവപ്പെട്ടു. സമാഗമം കഴിഞ്ഞിട്ട് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും ആ തരംഗങ്ങള്‍ എന്നില്‍ ഉണ്ട്.

Also Read: ആന്റണിക്കും എംപിമാര്‍ക്കും ഇല്ലാത്ത എന്തു കൊമ്പാണ് മോഹന്‍ലാലിനുള്ളത്? മോദിയും ബിജെപിയും കേരളത്തെ അപഹസിക്കുകയാണ്

ഈ തരംഗങ്ങള്‍ തന്നെയല്ലേ കഴിഞ്ഞദിവസം വാര്‍ത്തകളായി വന്നത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കിംവദന്തികള്‍ എന്നു വിളിക്കാമോ? അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സിനിമ-സാമൂഹ്യ-കായിക രംഗങ്ങളിലെ പ്രമുഖരെ മത്സരിപ്പിക്കും; ബോളിവുഡില്‍ നിന്നു അക്ഷയ് കുമാര്‍ ആണെങ്കില്‍ കേരളത്തില്‍ നിന്നും അത് മോഹന്‍ലാല്‍ ആയിരിക്കും. ഇന്ത്യന്‍ എക്സ്പ്രസ്സാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. ലാലിന്റെ തട്ടകമായ തിരുവനന്തപുരം തന്നെയായിരിക്കും മണ്ഡലം എന്നും ആ അഭ്യൂഹ വാര്‍ത്തയില്‍ ഉണ്ടായിരുന്നു.

അക്ഷയ് കുമാറിനും മോഹന്‍ ലാലിനും തമ്മില്‍ വലിയ പൊരുത്തങ്ങളുണ്ട്. പ്രഖ്യാപിത സംഘപരിവാര്‍ അനുകൂലിയായ സംവിധായകന്‍ പ്രിയദര്‍ശന്‍റെ ആത്മസുഹൃത്തുക്കളാണ് രണ്ടു പേരും. മോഹന്‍ലാല്‍ ബാല്യകാല സുഹൃത്താണെങ്കില്‍ തന്റെ ബോളിവുഡ് പ്രവേശ കാലം മുതല്‍ പ്രിയന്‍റെ സന്തതസഹചാരിയാണ് അക്ഷയ് കുമാര്‍. പ്രിയദര്‍ശന്റെ ആദ്യ ബോളിവുഡ് സിനിമയിലെ നായകന്‍. മലയാള സിനിമകളെ ഹിന്ദിയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന കലാപരിപാടിയില്‍ നിന്നും പ്രിയന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പ്രിയദര്‍ശന്‍ ദേശീയ പുരസ്കാര ജൂറി ചെയര്‍മാനായപ്പോഴാണ് അക്ഷയ് കുമാറിന് 2016ല്‍ റസ്തം എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയത്. പ്രിയദര്‍ശന്‍ കേരള ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്നപ്പോള്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് മോഹന്‍ലാലിന് കൊടുക്കാനുള്ള ആലോചന നടന്നുവെന്ന് പറഞ്ഞു വിവാദമുയര്‍ന്നിരുന്നതും ഓര്‍ക്കുക.

നോട്ട് നിരോധനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്ന പ്രമുഖരില്‍ മോഹന്‍ലാലും അക്ഷയ് കുമാറും ഉണ്ടായിരുന്നു. അടുത്തിടെ എബിവിപി പതാക കൈയിലേന്തിയ അക്ഷയ് കുമാറിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകള്‍ ഓര്‍ക്കുക. നോട്ട് നിരോധനം ഒരു നല്ല, സത്യസന്ധമായ ഇന്ത്യയ്ക്കുവേണ്ടിയാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് താന്‍ ഇതിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതിയത്. എന്തായാലും 50 ദിവസം തരൂ, അല്ലെങ്കില്‍ തന്നെ പച്ചയ്ക്ക് ചുട്ടെരിക്കൂ എന്നു പറഞ്ഞയാളില്‍ നിന്നാണല്ലോ താരത്തിനു പോസിറ്റീവ് തരംഗങ്ങള്‍ ഉണ്ടായിരിക്കുന്നത്.

Also Read: ‘വെടി’കൊണ്ട മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റ് ബേബിയോട്; “കരയിപ്പിക്കല്ലടാ ഡാഷ് മോനേ…”

വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ, പ്രളയം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തതായി മോഹൻലാൽ തന്റെ ബ്ലോഗിൽ വിശദീകരിക്കുന്നുണ്ട്. ആദിവാസി മേഖലകളില്‍ വിശ്വശാന്തിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ച് പലപ്പോഴായും മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്. വിശ്വശാന്തിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ ഒന്നു വയനാടാണ്. അവിടെ ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പലരും ബിജെപിയുമായി ബന്ധമുള്ളവരാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ആദിവാസികളെ ഒന്നാകെ ഹിന്ദുമതത്തില്‍ ചേര്‍ത്ത് ഹിന്ദുത്വയെ വ്യാപിപ്പിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണോ വിശ്വശാന്തി എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

എന്തായാലും മോഹന്‍ ലാല്‍ തന്റെ രാഷ്ട്രീയ ആഭിമുഖ്യം എന്തെന്ന് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് എന്തിനാണ് കൊമ്പനാനയായി ഇദ്ദേഹത്തെ എഴുന്നള്ളിച്ചു നടക്കുന്നത്? കണ്ണന്താനത്തിന്റെ പിന്നില്‍ കുത്തില്‍ നിന്നും സിപിഎം പഠിച്ചില്ലെന്നുണ്ടോ?

സുരേഷ് ഗോപിയെ തളയ്ക്കാന്‍ ഓഡി കാര്‍ കേസു മതിയായിരുന്നു. എന്നാല്‍ ഈ കൊമ്പനെ തളയ്ക്കാന്‍ പഴയ ആനക്കൊമ്പ് കേസ് മതിയോ?

‘വെടി’കൊണ്ട മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റ് ബേബിയോട്; “കരയിപ്പിക്കല്ലടാ ഡാഷ് മോനേ…”

ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമല്ല: പ്രിയദര്‍ശന്‍

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് 2012ലെ ട്വീറ്റ് അക്ഷയ് കുമാര്‍ പിന്‍വലിച്ചു

ആന്റണിക്കും എംപിമാര്‍ക്കും ഇല്ലാത്ത എന്തു കൊമ്പാണ് മോഹന്‍ലാലിനുള്ളത്? മോദിയും ബിജെപിയും കേരളത്തെ അപഹസിക്കുകയാണ്

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on September 22, 2018 11:08 am