X

കേരളത്തില്‍ ലവ് ജിഹാദില്ല; സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തല്‍

എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ നല്‍കുന്ന സാമ്പത്തികവും നിയമപരവും മതപരവുമായ പിന്തുണയും മതപരിവര്‍ത്തനത്തിന് പിന്നിലുണ്ട് എന്നു അന്വേഷണത്തില്‍ കണ്ടെത്തി

കേരളത്തില്‍ ലവ് ജിഹാദില്ല എന്നു സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ‘ലവ് ഉണ്ട്, ലവ് ജിഹാദില്ല’ എന്ന ഒന്നാം പേജ് ഒന്നാം ലീഡ് വാര്‍ത്ത കൊടുത്തുകൊണ്ട് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

“കേരളത്തില്‍ പെണ്‍കുട്ടികളെ മതംമാറ്റാനായി സംഘടിത രീതിയില്‍ പ്രണയക്കെണിയില്‍പ്പെടുത്തുന്നതിന് (ലവ് ജിഹാദ്) തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അന്വേഷണ രേഖ. പ്രണയ വിവാഹങ്ങള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ മതം മാറാനുള്ള കാരണം. ഒട്ടേറെ പെണ്‍കുട്ടികള്‍ വിവാഹവുമായി ബന്ധപ്പെട്ട് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. എങ്കിലും ഇത് ലവ് ജിഹാദാണ് എന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ രഹസ്യ പഠനത്തില്‍ പറയുന്നു.” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് പഠനം നടത്തിയത്.

ഹാദിയയുടെ ‘ബ്ലൂ വെയില്‍ കളി’; ഹാന്‍സ് രാജ് ആഹിര്‍, സുപ്രീം കോടതി പിന്നെ സെന്‍കുമാറും

കഴിഞ്ഞ ആഗസ്ത് മാസം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിര്‍ പറഞ്ഞത് ഇങ്ങനെയാണ്. “മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരു മാസം മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആണ് മുസ്ലീം ആക്കുന്നത്.” (മാതൃഭൂമി)

താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും തന്നിട്ടില്ല എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ഇപ്പോളിതാ റിപ്പോര്‍ട്ട് ആയിരിക്കുന്നു. കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനം നടത്തിയ അന്വേഷണത്തില്‍ ലവ് ജിഹാദ് എന്നത് വ്യാജ പ്രചരണം മാത്രമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ പ്രോപ്പഗന്‍ഡ മാത്രമാണെന്ന് സാരം.

സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ കേരളത്തില്‍ ലവ് ജിഹാദുണ്ടായിരുന്നു എന്നു ഒരു ബിജെപി വേദിയില്‍ വന്നു പ്രസംഗിച്ചതോടെയാണ് സംഘ പരിവാര്‍ ലവ് ജിഹാദ് പ്രചരണം കൂടുതല്‍ ശക്തമാക്കിയത്. കേന്ദ്ര സഹമന്ത്രി മതപരിവര്‍ത്തനം അന്വേഷിക്കാനായി കേരളം സന്ദര്‍ശിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

ലൌ ജിഹാദ്: ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെ തിരിച്ചറിയുമ്പോള്‍

അന്നത്തെ മാതൃഭൂമി വാര്‍ത്ത ഇങ്ങനെ; “കേരളത്തില്‍ അടുത്തിടെ നടന്ന മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി. പ്രത്യേക പൊതുപരിപാടികള്‍ ഇല്ലാതെ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം കേരളത്തിലെത്തിയത് പ്രധാനമായും ഇക്കാര്യത്തില്‍ വിവര ശേഖരണം ലക്ഷ്യമിട്ടാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.”

ഹാദിയ കേസില്‍ തുടക്കത്തില്‍ ലവ് ജിഹാദ് ആരോപിച്ച സംഘ പരിവാര്‍ വിവാഹത്തിന് മുന്‍പ് ഹാദിയായും ഷെഫിന്‍ ജഹാനും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല എന്നു മനസിലാക്കി ആ പ്രചരണത്തില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം മതം മാറ്റം സംബന്ധിച്ച കേസ് എന്‍ ഐ എ ഇപ്പോള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. 2016ല്‍ കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചു പേര്‍ മതം മാറിയവരാണ് എന്നതാണ് എന്‍ ഐ എ അന്വേഷണത്തിന്റെ അടിസ്ഥാനം. ഇവര്‍ പിന്നീട് ഐ എസില്‍ ചേര്‍ന്നു എന്നു സ്ഥിരീകരിച്ചിരുന്നു.

ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇസ്ലാം മതം സ്വീകരിച്ചവരില്‍ 82 ശതമാനം പേര്‍ ഹിന്ദുക്കളാണെന്നും 17.9 ശതമാനം പേര്‍ ക്രിസ്ത്യാനികളും ആണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ 61 ശതമാനം പേരെയും പ്രണയ ബന്ധമാണ് മതം മാറ്റത്തിലേക്ക് നയിച്ചത്. കുടുംബ പ്രശ്നവു ദാരിദ്ര്യവും കൂടി 20 ശതമാനം മാത്രമേ വരികയുള്ളൂ. ശ്രദ്ധിക്കേണ്ട മറ്റൊരു ഡാറ്റ സാമൂഹിക പദവിക്ക് വേണ്ടി 6 ശതമാനം പേര്‍ മതം മാറി എന്നുള്ളതാണ്. 2011 മുതല്‍ 2106 വരെ സംസ്ഥാനത്ത് 7299 പേര്‍ കേരളത്തില്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം കേന്ദ്ര മന്ത്രി മുന്‍പ് പറഞ്ഞത് മലപ്പുറത്ത് മാത്രം ഒരു മാസം 1000 പേര്‍ മതപരിവര്‍ത്തനത്തിന് വിധേയമാകുന്നു എന്നാണ്.

“പണവും പ്രലോഭനവും മതംമാറ്റങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കേന്ദ്ര ഏജന്‍സി സംശയിക്കുന്നു.” എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം സംസ്ഥാന ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അങ്ങനെയൊന്ന് കണ്ടെത്തിയിട്ടുമില്ല. ദാരിദ്ര്യം മൂലം വെറും 8 ശതമാനം മാത്രമാണ് മതംമാറ്റത്തിന് വിധേയമായത്. മതം മാറിയവരില്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ ഇല്ല എന്നത് പ്രലോഭനത്തിന്റെ തെളിവായി കാണാന്‍ സാധിക്കില്ല.

അതേസമയം അംഗീകൃത മതം മാറ്റ കേന്ദ്രങ്ങള്‍ക്ക് പുറമേ മഞ്ചേരിയിലെ സത്യസരണിയിലും മതം മാറ്റം നടക്കുന്നുണ്ട് എന്നു റിപ്പോര്‍ട്ട് പറയുന്നു. എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ നല്‍കുന്ന സാമ്പത്തികവും നിയമപരവും മതപരവുമായ പിന്തുണയും മതപരിവര്‍ത്തനത്തിന് പിന്നിലുണ്ട് എന്നു അന്വേഷണത്തില്‍ കണ്ടെത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

സംസ്ഥാന പോലീസ് നടത്തിയത് ലവ് ജിഹാദിനെ കുറിച്ചുള്ള അന്വേഷണമാണ്. അതായത് വിവിധ മതങ്ങളില്‍ നിന്നും പെണ്‍കുട്ടികള്‍ ഇസ്ലാമിലേക്ക് നടത്തിയിട്ടുള്ള മതപരിവര്‍ത്തനം. ഇതേ കാലയളവില്‍ ഇസ്ലാമില്‍ നിന്നും മതം മാറി വിവാഹം കഴിച്ചവരും ഉണ്ടാകാം. അവരെത്ര എന്ന കണക്ക് പോലീസിന്റെ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടാവേണ്ട കാര്യമില്ല. എന്നാല്‍ മാതൃഭൂമി റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്ന എല്ലാ മതപരിവര്‍ത്തനങ്ങളും ഇസ്ലാമിലേക്കാണ് എന്ന തോന്നിപ്പോകും. ഒരു പ്രതീതി യാഥാര്‍ഥ്യം. മതപരിവര്‍ത്തന വിഷയത്തില്‍ മാതൃഭൂമിക്കുള്ള ‘പ്രത്യേക’ താത്പര്യം കണക്കിലെടുക്കുമ്പോള്‍ അങ്ങനെ ഒരു തോന്നല്‍ സൃഷ്ടിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ജന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

ഐ എസ് ബന്ധം; ‘ബിരിയാണി ഹംസ’മാരില്‍ നിന്നും ഈ യുവാക്കളെ രക്ഷിക്കേണ്ടതുണ്ട്

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on January 3, 2018 12:54 pm