X

പൂനെയില്‍ ദലിതര്‍ക്കെതിരായ അതിക്രമം ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് പരിപാടി: രാഹുല്‍ ഗാന്ധി

ദലിതര്‍ എക്കാലവും അടിത്തട്ടില്‍ തന്നെ കഴിയണമെന്ന കാഴ്ചപ്പാടാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം. ഉനയും രോഹിത് വെമുലയും ഭീമ കോറിഗാവുമെല്ലാം ഈ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടങ്ങളുടെ പ്രതീകങ്ങളാണ് - രാഹുല്‍ പറഞ്ഞു.

പൂനെയില്‍ ദലിതര്‍ക്കെതിരായി നടക്കുന്ന അക്രമം ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് പരിപാടിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയെക്കുറിച്ചുള്ള ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് കാഴ്ചപ്പാട് ദലിതരടക്കമുള്ള കീഴാള വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ്. ഗുജറാത്തിലെ ഉനയിലുണ്ടായ അക്രമവും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലകളിലെ അതിക്രമങ്ങളും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ദലിതര്‍ എക്കാലവും അടിത്തട്ടില്‍ തന്നെ കഴിയണമെന്ന കാഴ്ചപ്പാടാണ് ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം. ഉനയും രോഹിത് വെമുലയും ഭീമ കോറിഗാവുമെല്ലാം ഈ പ്രത്യയശാസ്ത്രത്തിനെതിരായ പോരാട്ടങ്ങളുടെ പ്രതീകങ്ങളാണ് – രാഹുല്‍ പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബി എസ് പി നേതാവ് മായാവതിയും ബിജെപിയേയും ആര്‍എസ്എസിനേയും കുറ്റപ്പെടുത്തി രംഗത്തെത്തി. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരാണ് ഈ അക്രമത്തിന് ഉത്തരവാദി. ആര്‍എസ്എസും ബിജെപിയും മറ്റ് സവര്‍ണജാതി ശക്തികളുമാണ് ഇതിന് പിന്നില്‍ – മായാവതി പറഞ്ഞു. ദലിതരേയും അധസ്ഥിത ജനവിഭാഗങ്ങളേയും അടിച്ചമര്‍ത്തുന്നതാണ് ബിജെപിയുടേയും ആര്‍എസ്എസിന്റേയും പ്രത്യയശാസ്ത്രം. മഹാരാഷ്ട്രയിലും മറ്റിടങ്ങളിലും കുറേ കാലങ്ങളായി നടന്ന സംഭവങ്ങളെല്ലാം ഇത് സാക്ഷ്യപ്പെടുത്തുന്നു – യെച്ചൂരി ട്വീറ്റ് ചെയ്തു.

This post was last modified on January 3, 2018 9:48 am