X

ഓഖി: വാര്‍ത്താ തമസ്കരണത്തിന്റെ അശ്ലീലം; ഉമ്മന്‍ ചാണ്ടിയുടെ 5000 രൂപയില്‍ സര്‍ക്കാരിന്റെ 20 ലക്ഷം കാണാതായതെങ്ങനെ?

മരിച്ചവരുടെ കുടുംബത്തിന് നല്‍കുന്നതുപോലെ കാണാതായവരുടെ കുടുംബത്തിനും 20 ലക്ഷം രൂപ ധന സഹായം നല്‍കുന്ന നടപടി സര്‍ക്കാര്‍ ആരംഭിച്ചു

ഓഖി ദുരന്ത ബാധിത മേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ കേന്ദ്ര സംഘമെത്തി. മരിച്ചവരുടെ കുടുംബത്തിന് നല്‍കുന്നതുപോലെ കാണാതായവരുടെ കുടുംബത്തിനും 20 ലക്ഷം രൂപ ധനസഹായം നല്‍കുന്ന നടപടി സര്‍ക്കാര്‍ ആരംഭിച്ചു. 115 കുടുംബങ്ങള്‍ക്ക് 5000 രൂപ വെച്ച് ഉമ്മന്‍ ചാണ്ടി ധനസഹായം നല്‍കി. ദുരിതബാധിതര്‍ക്കുള്ള ധനസഹായമായി മലങ്കര അതിരൂപതയുടെ ഒരു കോടി രൂപ ഡോ. എം സൂസപാക്യത്തിന് കൈമാറി.

ഇന്നലെ ഓഖിയുമായി ബന്ധപ്പെട്ട് നടന്ന വിവിധ സംഭവങ്ങളാണ് ഈ റിപ്പോര്‍ട്ടുകള്‍. പ്രമുഖ പത്രങ്ങളില്‍ എല്ലാം ഈ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ മറ്റൊരു വാര്‍ത്ത മാത്രം വളരെ നിഗൂഡമായി മലയാള മനോരമ ഒഴിവാക്കിക്കളഞ്ഞു.

അത് വിശദമായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. “ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നതുപോലെ കാണാതായവരുടെ കുടുംബത്തിനും 20 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കാന്‍ നടപടി ആരംഭിച്ചു. ഈ തുക ആശ്രിതരുടെ പേരില്‍ ട്രഷറി സേവിങ്സ് അക്കൌണ്ട് മുഖേന അഞ്ചുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായാണ് നല്‍കുക. പലിശ ഓരോമാസവും അവകാശിക്ക് കൈമാറും.”

“നെയ്യാറ്റിന്‍കര താലൂക്കിലെ കുളത്തൂര്‍, പൂവാര്‍, കരിങ്കുളം, കോട്ടുകാല്‍, വിഴിഞ്ഞം വില്ലേജുകളിലായി കാണാതായ 60 പേരുടെ കുടുംബങ്ങളുടെ പേരില്‍ ട്രഷറി അക്കൌണ്ട് തുടങ്ങിയതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം താലൂക്കിലെ പൂന്തുറ, വലിയതുറ, ചെറിയതുറ, മേനംകുളം കടകംപള്ളി, പേട്ട വില്ലേജുകളിലായി 51 മത്സ്യത്തൊഴിലാളികളുടെ ആശ്രിതരുടെ പേരില്‍ അക്കൌണ്ട് ഉടന്‍ തുടങ്ങും.” ദേശാഭിമാനി റിപ്പോര്‍ട്ട് തുടരുന്നു.

ഈ വാര്‍ത്ത തമസ്കരിച്ച് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയോ? ‘കടലാഴങ്ങള്‍ കൊണ്ടുപോയവരുടെ ഉറ്റവര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ സഹായം’.

ദേശാഭിമാനി

“അപ്രതീക്ഷിതമായിരുന്നു ആ സമ്മാനം. ചുഴലിക്കാറ്റില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെയും പ്രിയപ്പെട്ടവര്‍ എവിടെയാണെന്ന് അറിയാത്തവരുടെയും കുടുംബങ്ങള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ക്രിസ്മസ് സമ്മാനം നിറകണ്ണുകളോടെ സ്വീകരിച്ചു. തുമ്പ മുതല്‍ വിഴിഞ്ഞം വരെയുള്ള തീരദേശത്തെ 115 കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം സഹായമെത്തിച്ചാണ് ഉമ്മന്‍ ചാണ്ടി തീരത്തിന്റെ വേദനയില്‍ ആശ്വാസമായത്”. ടിപ്പിക്കല്‍ ‘മ’ സൌന്ദര്യം വിളയാടുന്ന ഭാഷയില്‍ മനോരമ റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നു.

എന്നാല്‍ 92 കുടുംബങ്ങള്‍ക്കാണ് ഉമ്മന്‍ ചാണ്ടി സഹായം നല്‍കിയിരിക്കുന്നത് എന്നാണ് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൌമുദിയെക്കാളും ഉമ്മന്‍ ചാണ്ടിയോട് ബന്ധം മലയാള മനോരമയ്ക്കാണ് എന്നതുകൊണ്ട് മനോരമയുടെ കണക്ക് വിശ്വസിക്കാം.

മരിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാണെങ്കിലും കാണാതായവര്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണെന്ന് മത്സ്യതൊഴിലാളികള്‍ ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സഹായധനം നല്കിയത് എന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. നല്ല കാര്യം. ക്രിസ്മസ് രാത്രിയില്‍ മത്സ്യതൊഴിലാളി വീടുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് രമേശ് ചെന്നിത്തല ശ്രദ്ധ പിടിച്ച് പറ്റിയത്. ഒരല്‍പ്പം വൈകിപ്പോയെങ്കിലും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നടക്കുന്ന പ്രതിച്ഛായ നിര്‍മ്മാണത്തിന്റെ ഭാഗമാണ് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ എന്നു ഒരു ദോഷൈകദൃക്ക് സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ഇന്നലെ സുനാമിയുടെ ഓര്‍മ്മ ദിനമാണെന്നതും സുനാമി പുനരധിവാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന കള്ളപ്പണികള്‍ ഓര്‍മ്മയുള്ളതുകൊണ്ടും ഈ കാലങ്ങളില്‍ ഇവരൊക്കെ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെയായി ഭരണ തലപ്പത്തുണ്ടായിരുന്നു എന്നതും ഈ സഹായ നാടകങ്ങളുടെ പരിഹാസ്യത വെളിവാക്കുന്നു. ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ എറണാകുളം ചെല്ലാനത്ത് എത്തിയ ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും പ്രതിഷേധ ചൂട് ഏല്‍ക്കേണ്ടി വന്നത് ഓര്‍ക്കുക.

ദുരന്തങ്ങൾ ഉണ്ടാവുമ്പോള്‍ മാധ്യമങ്ങള്‍ ഓഫീസിൽ ലഡു വിതരണം നടത്തുന്നുണ്ടാവുമോ?

“മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുള്ള സഹായധനം ട്രഷറിഅക്കൌണ്ട് മുഖേന നിക്ഷേപിച്ചു തുടങ്ങി. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി മരിച്ച 26 പേരുടെ ആശ്രിതരുടെ അക്കൌണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്. കാണാതായ മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് പ്രതിമാസം 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ബാങ്ക്, ട്രഷറി മുഖേന നല്‍കാനുള്ള നടപടി ആരംഭിച്ചു.” (ദേശാഭിമാനി)

മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട് വളരെ പോസിറ്റീവായ വാര്‍ത്തകളും ഇന്നത്തെ പത്രത്തില്‍ ഉണ്ട്. ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പോകുന്ന വളങ്ങളെയും ബോട്ടുകളെയും നാവിക് നയിക്കും. കരയിലും കടലിലും അപകട സാധ്യതാ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഐ എസ് ആര്‍ ഒയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയാണ് നാവിക്. കടലില്‍ 1500 കിലോമീറ്റര്‍ വരെ സന്ദേശം എത്തിക്കാന്‍ കഴിയുന്ന ഒന്നാണ് നാവിക്.

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

അതേസമയം ഇനിയും 159 പേരെ കൂടി കണ്ടെത്താനുണ്ട് എന്നത് ഇപ്പോഴും തീരാവേദനയായി നിലനില്‍ക്കുകയാണ്. ക്രിസ്മസ് ദിനത്തില്‍ 6 പേര്‍ കൂടി തിരിച്ചെത്തി. സര്‍ക്കാര്‍ കണക്ക് പ്രകാരം 164 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതില്‍ 132 പേര്‍ മലയാളികളാണ്. എന്നാല്‍ സഭയുടെ കണക്ക് പ്രകാരം 317 പേര്‍ തിരിച്ചെത്താനുണ്ട്. തിരച്ചില്‍ ഇതര സംസ്ഥാന തീരങ്ങളിലേക്ക് കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആകെ മരണം 74 ആണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 34 എണ്ണം ഇനിയും തിരിച്ചറിയാനുണ്ട്.

ഒഖിയില്‍ വിവാദ വിളവെടുപ്പ് നടത്തരുത്; നമ്മളും പ്രകൃതി ദുരന്തങ്ങള്‍ക്ക് അകലയല്ല എന്നത് മുഖ്യപാഠം

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on December 27, 2017 11:24 am