X

നീസ് അക്രമണത്തിനു പിന്നിലെ അസ്വസ്ഥനായ ഏകാകി

അഴിമുഖം പ്രതിനിധി

നീസില്‍ 84പേരുടെ ജീവനെടുത്ത ആക്രമണം ലോകമറിഞ്ഞപ്പോള്‍ ആരാണ് മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിക്ക് പിന്നില്‍ എന്ന അന്വേഷണത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമലോകവും.   ‘വിയേര്‍ഡ് ലോണര്‍’ എന്നറിയപ്പെടുന്ന  ടുണീഷ്യന്‍ സ്വദേശിയായ മുഹമ്മദ് ലഹാവയി ബിലോല്‍ ആയിരുന്നു അത് എന്ന് ഒടുക്കം പോലീസ് കണ്ടെത്തി.

നീസിലാണ് ഇയാള്‍ താമസിച്ചിരുന്നത്. കുടിയേറ്റക്കാര്‍ താമസിച്ചിരുന്ന ഹൌസിംഗ് പ്രോജക്റ്റിലെ ഒരു കെട്ടിടത്തിന്റെ 12ആം നിലയില്‍. മൂന്നു കുട്ടികളുള്ള ബിലോല്‍ അടുത്തിടെയാണ് ഭാര്യയുമായി പിരിഞ്ഞത്. ആ സംഭവം ബിലോലിനെ ബാധിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അയല്‍വാസികളോടോ മറ്റുള്ളവരോടോ സഹകരണമില്ലാതെ തികച്ചും ഏകാന്തമായ ജീവിതമായിരുന്നു ഇയാള്‍ നയിച്ചിരുന്നത്. നാലുനിലയുള്ള ഫ്ലാറ്റില്‍ തനിച്ചായിരുന്നു താമസം. പള്ളിയില്‍ പോകാറില്ല. ഭാര്യയെ തല്ലുന്ന, ആരെങ്കിലും അഭിവാദ്യം ചെയ്താല്‍പ്പോലും മൈന്‍ഡ് ചെയ്യാതെ നടന്നകലുമായിരുന്ന ബിലോലിന്റെ രീതികള്‍ അയല്‍വാസികള്‍ ഇപ്പോഴും ഓര്‍ക്കുന്നു. 

ബിലോലിന്റെ പേരില്‍ സമാനമായ കേസുകള്‍ മുന്‍പും പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുമുണ്ട്. 2010-16 കാലഘട്ടത്തില്‍ ഭീഷണിപ്പെടുത്തല്‍, അക്രമം, മോഷണം എന്നിങ്ങനെ പല കേസുകളും ബിലോലിന്റെ പേരില്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 2016 മാര്‍ച്ച് 23 ന് അടിപിടിക്കേസില്‍ കോടതി ബിലോലിന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. കൂടാതെ മറ്റൊരു ഡ്രൈവറുമായി വഴക്കുണ്ടാക്കുകയും അയാളെ തടിക്കഷ്ണം വെച്ച് ആക്രമിക്കുകയും ചെയ്തതിലും 2016 ജനുവരിയില്‍ ആയുധവുമായി ബന്ധപ്പെട്ട കേസിലും ബിലോല്‍ അറസ്റ്റിലായിട്ടുണ്ടായിരുന്നു. അവസാനമായി ഇയാള്‍ കോടതിയില്‍ ഹാജരാകുന്നത് മാര്‍ച്ചിലാണ്. ഈ കേസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബിലോലിന് തീവ്രവാദ സംഘടനകളുമായി ബന്ധം ഉണ്ടെന്നു തെളിയിക്കുന്ന യാതൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

‘അയാള്‍ ആരോടും സംസാരിക്കുമായിരുന്നില്ല, നിങ്ങള്‍ക്കു വേണ്ടി വാതില്‍ പോലും അയാള്‍ തുറന്നു പിടിക്കില്ല. അയാളുടെ രീതികള്‍ വല്ലാത്ത തരത്തില്‍ ഉള്ളതായിരുന്നു’ എന്നാണ് ബിലോലിന്റെ അപ്പാര്‍ട്ട്മെന്റിനു സമീപം താമസിച്ചിരുന്ന വനിത അഭിപ്രായപ്പെടുന്നത്

വാടകയ്ക്ക് എടുത്ത ട്രക്കാണ് ബിലോല്‍ ആക്രമണത്തിനായി ഉപയോഗിച്ചത്. ആക്രമണം നടത്തുന്നതിനായി എത്തിയത് ബൈക്കിലും. ട്രക്കിന്റെ ക്യാബിനില്‍ നിന്നും, കലാഷ്‌നിക്കോവ്, എം16 എന്നീ തോക്കുകളും വ്യാജ തോക്കുകളും ഗ്രനേഡുകളും ഒരു മാപ്പും ഫോണും കണ്ടെത്തി. ബിലോലിന്റെ ഐഡന്റിറ്റി കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ട്രക്കില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

പോലീസ് തടഞ്ഞപ്പോള്‍ 7.65 പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു ഇയാള്‍. 84 പേരുടെ ജീവനെടുത്ത ട്രക്ക് ആക്രമണത്തിനു ശേഷം ബിലോലിനെ പോലീസ് കണ്ടെത്തിയത് ഹോട്ടലിന് സമീപം 10.30 ഓടെയാണ്.പാസഞ്ചര്‍ സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ഇയാളുടെ ആദ്യഭാര്യയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടാതെ അക്രമി സിറിയയിലേക്ക് യാത്ര നടത്തിയിരുന്നോ എന്ന പരിശോധനയും നടക്കുന്നുണ്ട്.

This post was last modified on December 27, 2016 4:20 pm

Related Post
Leave a Comment