X

ഇത് നിലനില്‍ക്കാനുള്ള സമരമാണ്; മനുഷ്യാവകാശ ദിനത്തില്‍ സി.കെ ജാനു സംസാരിക്കുന്നു

സി കെ ജാനു 

ഇന്ന് മനുഷ്യാവകാശദിനം. സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാനായി ഒരു ജനത 150 ലേറെ ദിവസങ്ങളായി നില്‍ക്കുന്നൊരു നാട്ടില്‍ ഈ മനുഷ്യാവകാശദിനം- അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. പ്രകൃതിയെയും മനുഷ്യനെയും വേര്‍പിരിക്കുന്ന ഭരണകൂട-കോര്‍പ്പറേറ്റ് ബാന്ധവത്തില്‍ സമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടുപോയൊരു ജനതയുടെ വ്യത്യസ്തവും തീക്ഷ്ണവുമായ സമരം, അതിന്റെ യഥാര്‍ത്ഥ ലക്ഷ്യവും കടന്ന് പൊതുസമൂഹത്തിന്റെ ഒന്നടങ്കമുള്ള ജീവിതാവകാശങ്ങളുടെ നേടിയെടുക്കലിനായുള്ള പ്രക്ഷോഭമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയുമാണ്. മനുഷ്യാവകാശ ദിനത്തില്‍ ആദിവാസി നില്‍പ്പുസമരത്തിന്റെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് സി കെ ജാനു സംസാരിക്കുന്നു. (തയ്യാറാക്കിയത്: രാകേഷ് നായര്‍)

പ്രകൃതിയില്‍ പിറവിയെടുത്ത മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള സമരമായി നില്‍പ്പുസമരം മാറിയിരിക്കുന്നു. ഈ സമരത്തിലൂടെ നാം തിരിച്ചു ചോദിക്കുന്നത് നഷ്ടപ്പെട്ടുപോയ മണ്ണും ജലവും പ്രകൃതിയുമാണ്. മണ്ണും പ്രകൃതിയും ഇവിടെ സമരം ചെയ്യുന്ന കുറച്ചുപേരുടെ മാത്രം ആവശ്യമല്ല, മുഴുവന്‍ മനുഷ്യരുടെയുമാണ്. അതുകൊണ്ടാണ് ലോകം മുഴുവന്‍ നില്‍പ്പുസമരത്തിന്റെ കൂടെ നില്‍ക്കുന്നത്.

നില്‍പ്പ് സമരം കേരളത്തിലെ മൊത്തം ജനതയ്ക്ക് സ്വയാശ്രയത്വവും സാതന്ത്ര്യവും കൈവരിക്കുന്നതിനുവേണ്ടിയാണ്, മണ്ണില്‍ അദ്ധ്വാനിക്കുന്നവര്‍ക്കുവേണ്ടിയാണ്. അത് ആദിവാസികള്‍ക്കോ, ദളിതര്‍ക്കോ മുസ്ലീങ്ങള്‍ക്കോ വേണ്ടിമാത്രമുള്ളതല്ല. ഇവിടെ ഭൂമി എല്ലാവര്‍ക്കും ആവശ്യമാണ്. ഈ ഭൂമിയില്‍ നിന്ന് ജീവസന്ധാരണത്തിനുള്ള ഉത്പന്നങ്ങള്‍ വിളയിച്ചെടുക്കുന്നവരില്‍ ഒരു വിഭാഗമാണ് ആദിവാസികള്‍. തങ്ങള്‍ക്കു ആവശ്യമുള്ള പങ്ക് എടുത്തശേഷം ബാക്കിയവര്‍ പൊതുചന്തകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുകയാണ്. ഈ ഉത്പന്നങ്ങള്‍ വാങ്ങുന്ന ഒരു വലിയവിഭാഗം വേറെയുണ്ട്. അവരെയാണ് പൊതുസമൂഹം എന്ന് വിളിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ആ പൊതുസമൂഹം ഇന്ന് ആശ്രിതരും അഭയാര്‍ത്ഥികളുമാണെന്ന് പറയേണ്ടേി വരും. എന്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണവര്‍. അരിക്കുവേണ്ടി ആന്ധ്രയെ ആശ്രയിക്കുന്നു, പച്ചക്കറിക്കുവേണ്ടി തമിഴ്‌നാടിനെയും കര്‍ണാടകയെയും ആശ്രയിക്കുന്നു…മണ്ണിന്റെ മക്കള്‍ക്ക് ഭൂമി തിരിച്ചുകിട്ടിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവും. മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ നമുക്കിവിടെ മണ്ണും മണ്ണില്‍ പണിയെടുക്കുന്നവരും വേണം. അതിനുവേണ്ടിയുള്ള വിപ്ലവമാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. അതേ, ഇതൊരു വിപ്ലവം തന്നെയാണ്, അവകാശങ്ങള്‍ നേടിയെടുക്കുന്നതിനൊപ്പം നമ്മുടെ കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താന്‍കൂടിയുള്ള വിപ്ലവം. രാസവളവും കീടനാശിനും വിഷലിപ്തമാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന സഹജീവികളുടെ മോചനത്തിനുവേണ്ടി അധഃസ്ഥിതരെന്ന് ഒരുവിഭാഗം ആക്ഷേപിക്കുന്ന ആദിവാസികള്‍ നിന്നുകൊണ്ട് നടത്തുകയാണ് ഈ വിപ്ലവം. ആരോഗ്യവാനായ മനുഷ്യരെ സംഭാവന ചെയ്യുകയാണ് ഈ വിപ്ലവത്തിന്റെ ലക്ഷ്യം. പരിപൂര്‍ണാര്‍ത്ഥത്തില്‍ മനുഷ്യനെ പരിവര്‍ത്തനപ്പെടുത്തുകയാണ് ഞങ്ങള്‍.

ബെസ്റ്റ് ഓഫ് അഴിമുഖം 

വിജയിച്ച കളക്ട്രേറ്റ് പിടിച്ചടക്കലും വിജയിക്കാത്ത നില്‍പ്പു സമരവും
ജയലക്ഷ്മിയല്ല, മത്സരിക്കേണ്ടിയിരുന്നത് ഞാന്‍- സി കെ ജാനു തുറന്നടിക്കുന്നു
ഇനിയും ഇവരെ മഴയത്തും വെയിലത്തും നിര്‍ത്തണോ?-നില്‍പ്പുസമര വേദിയില്‍ സാറാ ജോസഫ്
നിങ്ങളൊരുത്തരം തന്നേ പറ്റൂ- ഗീതാനന്ദന്‍ സംസാരിക്കുന്നു
ഒരു പിടി മണ്ണിന് വേണ്ടി നില്‍ക്കുകയാണവര്‍- നില്‍പ്പ് സമരത്തിലെ ജീവിതങ്ങളിലൂടെ

150 ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നില്‍പ്പുസമരം മുന്നോട്ടുവയ്ക്കുന്നത് ആദിവാസികളുടെ ഭുപ്രശ്‌നം മാത്രമല്ല, ഒരു ജനതയുടെ മൊത്തം ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരമായി ഇതുമാറിയിരിക്കുന്നു. ആദിവാസികള്‍ ഈ പ്രക്ഷോഭത്തിലൂടെ തിരിച്ചെടുക്കുന്ന പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന നല്ലവായു അവര്‍ക്ക് മാത്രം ശ്വസിക്കാനുള്ളതല്ല, എല്ലാവര്‍ക്കും കൂടിയുള്ളതാണ്. ഇവിടുത്തെ തോടുകളും നീരുറവുകളും നിറഞ്ഞൊഴുകുമ്പോള്‍ ഗുണം കിട്ടുന്നത് ആദിവാസികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കുംകൂടിയാണ്. അതുകൊണ്ട് ഈ സമരവുമായി ബന്ധപ്പെടാതിരിക്കാന്‍ ആര്‍ക്കും തന്നെ കഴിയില്ല. ഇതുകൊണ്ടാണ് സമൂഹം നില്‍പ്പുസമരത്തിന്റെയൊപ്പം ആവേശത്തോടെ വന്നുനില്‍ക്കാന്‍ കാരണം. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിപോലും ഇന്ന് നില്‍പ്പുസമരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മാറി നില്‍ക്കാന്‍ ആര്‍ക്കും കഴിയാതെ വരുന്നു, ഒപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു.

താഴെ തട്ടിലുള്ള ഒരു രാഷ്ട്രീയധ്രുവീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ജനാധിപത്യം എന്നപേരില്‍ നടക്കുന്നത് ഏകാധിപത്യസ്വഭാവത്തിലുള്ള അടിച്ചമര്‍ത്തലുകളെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ ജനാധിപത്യം തിരികെ കൊണ്ടുവരാനുള്ള ആഗ്രഹം പലര്‍ക്കുള്ളിലും ഉണ്ടെങ്കിലും മടിച്ചുനില്‍ക്കുകയായിരുന്നു. അവര്‍ക്ക് മുന്നിട്ടിറങ്ങാനുള്ള സാഹചര്യംകൂടിയാണ് നില്‍പ്പ് സമരം സൃഷ്ടിക്കുന്നത്. ഇതും ആദിവാസി സമരത്തിന്റെ ഭാഗമാകാന്‍ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. ഇങ്ങനെ പലതരത്തിലും കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയുടെ പൊളിച്ചെഴുത്തിന്റെ ആവശ്യകതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നില്‍പ്പ് സമരം ജനങ്ങള്‍ക്ക് പ്രേരണയാകുന്നു.

നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതി നമുക്ക് മാറ്റിയേ മതിയാകൂ. ഈ സമരത്തിന് വ്യക്തമായൊരു രാഷ്ട്രീയമുണ്ട്. അധികാര രാഷ്ട്രീയമല്ല, ജനാധിപത്യാവകാശങ്ങള്‍ നിലനിര്‍ത്താനുള്ള ജനാധികാരരാഷ്ട്രീയം. ഈ സമരത്തിന് ഒരു പ്രത്യയശാസ്ത്രം ഉണ്ട്, എല്ലാവര്‍ക്കും മനസ്സിലാകുന്നതും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നതുമായ പ്രത്യയശാസ്ത്രമാണത്. അതിനെ സ്വീകരിക്കാന്‍ തയ്യാറാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തു നിന്നുമാണ് ജനങ്ങള്‍ അവരുടെ പിന്തുണ അറിയിക്കുന്നത്. ഗള്‍ഫ് നാടുകളിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ആളുകള്‍ ഈ പ്രതിഷേധസമരത്തിന്റെ ഭാഗമായി നില്‍ക്കാന്‍ തയ്യാറാവുകയാണ്. ബഹുഭൂരിപക്ഷവും ഈ സമരം നിലനില്‍പ്പിന്റെ സമരമാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു, അതറിയാതെപോകുന്നവര്‍ ന്യൂനപക്ഷമാണ്- അവര്‍ക്കിനിയും നമ്മുടെ അവകാശങ്ങള്‍ തടഞ്ഞുവയ്ക്കാന്‍ സാധിക്കില്ല.

This post was last modified on December 10, 2014 12:24 pm