X

വായനക്കാര്‍ക്ക് നിത്യശാന്തി; ഒരു എഡിറ്ററുടെ വേറിട്ട വഴികള്‍

ജെ. ബിന്ദുരാജ്

ചായക്കടയില്‍ നിന്ന് പലഹാരം പൊതിഞ്ഞുകൊടുത്ത വെളുപ്പും കറുപ്പും കലര്‍ന്ന അച്ചടിയുള്ള കടലാസില്‍ വെറുതെ കണ്ണ് പതിഞ്ഞ വീട്ടമ്മ ആ മാസികയുടെ പിന്നാമ്പുറത്തുള്ള വിലാസം തപ്പിയെടുത്ത് അതിലേക്ക് ഫോണ്‍ ചെയ്തു.

”താങ്കളുടെ മാസികയുടെ ഒരു താള്‍ കിട്ടി. അതിലെ കാര്യങ്ങള്‍ വായിച്ചപ്പോള്‍ താങ്കളെ വിളിക്കണമെന്നു തോന്നി. ഈ മാസിക കിട്ടാന്‍ ഞാനെന്താണ് ചെയ്യേണ്ടത്?” വീട്ടമ്മ ചോദിച്ചു.

വളരെ മൃദുവായ ഒരു ശബ്ദമാണ് അവരെ എതിരേറ്റത്. ”കീറിയ താളാണോ കിട്ടിയത്? കഷ്ടം. പക്ഷേ താങ്കള്‍ക്കത് ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം. പക്ഷേ അത് കീറിയത് ആരാണാവോ?” ഫോണിന്റെ മറുതലയ്ക്കലുള്ള അറുപത്തിരണ്ടുകാരന്‍ വിഷമത്തോടെ പറഞ്ഞു.

സര്‍ക്കുലേഷന്‍ കൂട്ടിക്കാട്ടാനായി കോപ്പികള്‍ കെട്ടുകണക്കിന് അടിച്ച് ആക്രിക്കടക്കാര്‍ക്ക് വിതരണം ചെയ്യുന്ന പത്രമുതലാളിമാര്‍ ടി എ ജോസഫ് എന്ന എഡിറ്ററെ കണ്ടാല്‍ താണു വണങ്ങണം. കാരണം കഷ്ടിച്ച് ആയിരമോ അഞ്ഞൂറോ കോപ്പി അച്ചടിക്കുന്ന നിത്യശാന്തി എന്ന മാസികയുടെ എഡിറ്റര്‍ക്ക് തന്റെ മാസിക ഒരു ചുളുങ്ങിക്കണ്ടാല്‍ പോലും വിഷമമാണ്. ”വരിക്കാരോട് ഞാനെപ്പോഴും പറയാറുണ്ട്. ഒരിക്കലും ചായ അടച്ചുവയ്ക്കാന്‍ വേണ്ടിയോ പലഹാരം മൂടാന്‍ വേണ്ടിയോ ഒന്നും ഈ മാസിക ഉപയോഗിക്കരുതെന്ന്,” ടി എ ജോസഫ് എന്ന ഡിസൈനറെ സംബന്ധിച്ചിടത്തോളം അദ്ദേഹവും ഭാര്യ ലിസി ജോസഫും ചേര്‍ന്ന് നടത്തുന്ന ഈ കൊച്ചു സമാന്തര മാസിക അവരുടെ ജീവനാണ്. പുറംജോലി കരാറുകളിലൂടെ ഡിസൈന്‍ ചെയ്തു ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗവും ലാഭേച്ഛ കൂടാതെ നടത്തുന്ന ഈ പ്രസിദ്ധീകരണത്തിനായാണ് ജോസഫ് മാറ്റിവയ്ക്കുന്നത്. ”പണത്തിനു വേണ്ടിയല്ല ഞാനിത് അച്ചടിക്കുന്നത്. മനുഷ്യനില്‍ നന്മയുടെ പ്രകാശവും ശാന്തതയും പരത്തുകയാണ് അതിന്റെ ലക്ഷ്യം,” ജോസഫ് പറയുന്നു.

ഊന്നുവടിയിലുള്ള പോളിയോ ബാധിച്ച ജീവിതത്തോട് പൊരുതി ജയിച്ചവനാണ് ജോസഫ്. ചട്ടുകാലനെന്ന് വിളിച്ചാക്ഷേപിക്കപ്പെട്ട ബാല്യത്തിലേറ്റ മുറിവുകളെ ഹൃദയവിശുദ്ധി കൊണ്ട് നിര്‍മ്മലീകരിച്ച ആള്‍. കട്ടപ്പനയിലെ കാഞ്ചിയാറില്‍ കൃഷിക്കാരനായ അഗസ്തിയുടേയും മറിയയുടേയും ഏഴു മക്കളിലൊരാളായ ജോസഫിന്റെ ”നാക്കല്ലാത്തതെല്ലാം” ചെറുപ്പത്തില്‍ പോളിയോ ബാധയോടെ തളര്‍ന്നുപോയതാണ്. ഡോക്ടര്‍ ഡിഡേ എന്ന ഇംഗ്ലീഷുകാരന്റെ കഴിവുകൊണ്ടാണോയെന്നറിയില്ല, ജോസഫിനു പക്ഷേ പരസഹായമില്ലാതെ നടക്കാനും ജീവിക്കാനുമൊക്കെയായി. എറണാകുളത്തെ പൂക്കാട്ടുപടിയിലെ വസതിയിലേക്ക് ഒരു പ്രഭാതത്തില്‍ കടന്നുചെന്നപ്പോള്‍ ”വൈകിയെഴുന്നേറ്റു പോയതിന്റെ ക്ഷമാപണ”ത്തോടെ വിറയ്ക്കുന്ന വിരലുകളുമായാണ് ജോസഫ് സ്വാഗതം ചെയ്തത്.

”അഞ്ചു വര്‍ഷമായി ഞെരമ്പുകളെ ദുര്‍ബലപ്പെടുത്തുന്ന രോഗമുണ്ട്. നടക്കാനും നില്‍ക്കാനുമൊന്നുമാവുന്നില്ല,” ജോസഫ് പറഞ്ഞു. പക്ഷേ കംപ്യൂട്ടറിനു മുന്നിലെത്തുമ്പോള്‍ പതിമൂന്നു വര്‍ഷമായി താന്‍ സ്വയം ഡിസൈന്‍ ചെയ്ത്, സ്വയം ചിത്രമെഴുതി, ഏതാനും പേര്‍ മാത്രം എഴുതുകയും ബാക്കി പേജുകളില്‍ തന്റെ സ്വന്തം ചിന്തകള്‍ പടര്‍ത്തുകയും ചെയ്യുന്ന ജോസഫ് ഈ വൈകല്യങ്ങളൊക്കെ മറക്കും. ആരോ നയിക്കുന്നതു പോലെ, 20 പേജുള്ള വെളുപ്പും കറുപ്പും നിറഞ്ഞ താളുകളിലേക്ക് ജോസഫിന്റെ ചിന്തകള്‍ പ്രവഹിക്കും. ”ഈ മാസിക ഏതുഗണത്തില്‍പ്പെടുത്തണമെന്ന് എനിക്കറിയില്ല. മനുഷ്യമനസ്സില്‍ നന്മയുടെ ഒരു കണമെത്തിക്കുക മാത്രമാണ് ലക്ഷ്യം,” മാവേലിക്കര രവിവര്‍മ്മ സ്‌കൂളില്‍ നിന്നും പെയിന്റിങ്ങില്‍ ഡിപ്ലോമയെടുത്തശേഷം പി ഭാസ്‌കരന്‍ മാഷ് എഡിറ്ററായിരുന്ന ദീപിക വീക്ക്‌ലിയില്‍ ഇല്ലസ്‌ട്രേററ്ററും മലയാള മനോരമയിലും മനോരാജ്യത്തിലുമൊക്കെ ലേഔട്ട് ആര്‍ട്ടിസ്റ്റുമായൊക്കെ ജോലി ചെയ്ത ജോസഫിനെ മലയാളിക്ക് നിത്യശാന്തി മാസികയുടെ എഡിറ്ററെന്ന നിലയില്‍ അറിയില്ലെങ്കിലും മലയാളി നെഞ്ചേറ്റിയ ഒരു നോവലിന്റെ ചിത്രീകരണം നിര്‍വഹിച്ചയാള്‍ എന്ന നിലയില്‍ അറിഞ്ഞേക്കാം. പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെയിലെ വേറിട്ട ചിത്രങ്ങള്‍ മതി ആത്മാവു പതിഞ്ഞ ഈ കലാകാരന്റെ ഹൃദയം തിരിച്ചറിയാന്‍!
ജോസഫ് പോക്കറ്റില്‍ നിന്നും നാലു മടക്കായി വച്ച ഒരു കടലാസ്സെടുത്ത് നിവര്‍ത്തു. ”പലപ്പോഴായി തോന്നുന്ന ചിന്തകളൊക്കെ ഞാനിതില്‍ കുറിച്ചിടും. മാസത്തിലെ 20ാം തീയതി ആകുമ്പോഴേക്കും ലേഔട്ട് എല്ലാം തീര്‍ത്ത് ഭാര്യ അതിന്റെ സിഡിയുമായി പ്രസ്സിലേക്ക് പോകും,” ജോസഫ്.

”ലോകത്ത് കുഷ്ഠരോഗികളെ പരിചരിക്കുന്നവരുണ്ട്. കിടപ്പിലായവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവരുണ്ട്. പക്ഷേ ഒരാള്‍ക്ക് സാമ്പത്തിക ദുരിതം വന്നാല്‍ ഒറ്റ മനുഷ്യനും അടുക്കില്ല. പണത്തോടുള്ള ആസക്തിയാണ് മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യം.”

സാമ്പത്തികക്ലേശങ്ങളില്‍പ്പെട്ടുള്ള ജീവിതം അനുഭവിച്ചറിഞ്ഞ ജോസഫിനേക്കാള്‍ നന്നായി അത് തിരിച്ചറിയുന്നവരും വേറെ ഉണ്ടാകില്ല. താനൊരു വിശുദ്ധനല്ലെന്ന് ഇടയ്ക്കിടെ പ്രസ്താവിച്ചുകൊണ്ടാണ് ജോസഫിന്റെ സംസാരം.

”മദ്യപാനമുണ്ടായിരുന്നു. കട്ടപ്പനയില്‍ വച്ചേ കഞ്ചാവും ശീലിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊക്കെ നിര്‍ത്തി. ബാംഗ്ലൂരില്‍ നിന്ന് മകനെത്തുമ്പോള്‍ വല്ലപ്പോഴും ഒരു ബിയര്‍ ഒരുമിച്ചിരുന്നു കഴിച്ചാലായി,” ജോസഫിന് പുഞ്ചിരി. ബാംഗ്ലൂരിലെ ഡ്രീംവര്‍ക്‌സില്‍ അനിമേറ്ററാണ് ഇളയ മകന്‍ മഹര്‍ഷി. മൂത്തയാള്‍ ഋഷി ദുബായില്‍ ഒരു പരസ്യകമ്പനിയില്‍ ആര്‍ട്ട് ഡയറക്ടര്‍. ഇളയയാള്‍ക്ക് വേദവല്ലിയെന്നാണ് പേരിട്ടതെങ്കിലും ഇപ്പോള്‍ മരിയയെന്ന് മാറ്റിയിരിക്കുന്നു. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണവര്‍. ”പണം കിട്ടാനല്ല നഴ്‌സിങ്ങിന് അവള്‍ പോയത്. അത് വലിയൊരു സേവനമാണെന്ന് അവള്‍ക്കറിയാം.”

മനസ്സിരുത്തി ചിന്തിപ്പിക്കുന്ന തത്വശാസ്ത്രമാണ് നിത്യശാന്തിയുടെ ജീവനെങ്കിലും കടപ്പനയില്‍ നിന്നുള്ള പത്താം ക്ലാസുകാരനായ തനിക്കെന്ത് ഫിലോസഫിയെന്ന് ജോസഫ് പുഞ്ചിരിയോടെ ചോദിക്കും. പക്ഷേ മാസിക കൈയിലെടുക്കുമ്പോള്‍ വല്ലാത്തൊരു ഊര്‍ജം വായനക്കാരനിലേക്ക് പ്രവഹിക്കാന്‍ തുടങ്ങും. ഓരോ വാചകങ്ങളും ജീവിതാനുഭവങ്ങളില്‍ നിന്നും ഉരച്ചെടുത്താണെന്ന് വ്യക്തം. നിത്യശാന്തിയുടെ ടൈറ്റിലിനു താഴെ തന്നെ അതിന്റെ ലക്ഷ്യമുണ്ട് ”സമാധാനത്തില്‍ നയിക്കപ്പെടട്ടെ.” അതിന്റെ ഇടതുവശത്ത് ഈ വാചകവും ”ഇന്ന് ഒരു നന്മ കാണുക. ഒരു നന്മ ചെയ്യുക. ഒരു തിന്മയെങ്കിലും ചെയ്യാതിരിക്കുക. ഒരു ആഗ്രഹം വേണ്ടെന്ന് വയ്ക്കുക. ഒരു ആസക്തി കുറയ്ക്കുക.”

നല്ല ചിന്തകള്‍ കാത്തിരിക്കുന്നവര്‍ക്കുള്ള വേദപുസ്തകമാണ് ജോസഫിന്റെ നിത്യശാന്തി. അത് നന്മ കാണുന്നു, നന്മ കാണാന്‍ കണ്ണുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

(മാസികകളുടെ കോപ്പികള്‍ കാണാന്‍  www.nithyasanthi.org  സന്ദര്‍ശിക്കൂ.)

(ഓട്ടോമൊബൈല്‍ മാസികയായ സ്മാര്‍ട്ട് ഡ്രൈവിന്റെ എഡിറ്ററാണ് ജെ ബിന്ദുരാജ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on September 18, 2015 7:57 am