X

ഇന്നലെ രാജി വച്ച നിതീഷ് കുമാര്‍ ഇന്ന് വീണ്ടും ബിഹാര്‍ മുഖ്യമന്ത്രി; ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം

നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ നടപടിയില്‍ ആര്‍ജെഡി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാജി വച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി പിന്തുണയോടെ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ഇന്ന് വീണ്ടും മന്ത്രിസഭ രൂപീകരിച്ചിരിക്കുകയാണ്. മുന്‍ ബിജെപി ജെഡിയു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ സുശീല്‍കുമാര്‍ മോദി തന്നെയാണ് പുതിയ ഉപമുഖ്യമന്ത്രി. അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളില്‍ വിശ്വാസം തേടണമെന്നാണ് ഗവര്‍ണര്‍ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയുടെ നടപടിയില്‍ ആര്‍ജെഡി പ്രതിഷേധം അറിയിച്ചിരുന്നു. ആര്‍ജെഡി നിയമസഭാ കക്ഷി നേതാവ് തേജസ്വി യാദവ് ഗവര്‍ണറെ നേരിട്ട് കണ്ടാണ് പ്രതിഷേധം അറിയിച്ചത്. ഒരുമിച്ചുനിന്ന് ജനവിധി തേടി അധികാരത്തിലെത്തിയശേഷം സഖ്യം പിരിഞ്ഞ സാഹചര്യത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടത്താന്‍ ലാലു നിതീഷിനെ വെല്ലുവിളിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ബിജെപി കേന്ദ്ര നേതാക്കളായ നദ്ദയും സഞ്ജയ് മായുഖും ഇന്ന് പട്‌ന സന്ദര്‍ശിക്കും.

This post was last modified on July 27, 2017 11:50 am