X

68 പേര്‍ കൊല്ലപ്പെട്ട സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന് പിന്നില്‍ ആരെന്ന് കാര്യം ഇനി അറിയില്ല, പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് അമിത് ഷാ

പ്രതികളെ എന്‍ഐഎ കോടതി വെറുതെ വിടുകയായിരുന്നു

2007 ല്‍ 68 പേരുടെ മരണത്തിനിടയാക്കിയ സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് ഇനി അറിയില്ല. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സ്‌ഫോടന കേസില്‍ ഹിന്ദുത്വ തീവ്രവാദികളായിരുന്നു പ്രതികള്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ പ്രേരിതമായാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കികൊണ്ടുള്ള ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വ്യക്തമായ തെളിവില്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് മന്ത്രി ആരോപിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ഒരു പ്രത്യേക സമൂദായമാണെന്നു വരുത്തി തീര്‍ക്കുന്ന രീതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതെന്ന് അമിത് ഷാ ആരോപിച്ചു. പ്രതികളെന്ന് ആരോപിച്ചവര്‍ക്കെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ല. യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കിയാണ് അന്വേഷണം നടന്നത്. ഇരകള്‍ക്ക് നീതികിട്ടാത്തതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ അല്ല ഉത്തരവാദി. ബോധപൂര്‍വം അന്വേഷണത്തിന്റെ ഗതി മാറ്റുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.

“കേസില്‍ ആദ്യം ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരെ ഒഴിവാക്കിയാണ് കുറ്റപത്രം നല്‍കിയത്” രാജ്യസഭയില്‍ ചര്‍ച്ചയ്ക്കിടെ അമിത് ഷാ പറഞ്ഞു.

2007 ഫെബ്രുവരി 18-നാണ് ന്യൂഡല്‍ഹിക്കും ലാഹോറിനുമിടയില്‍ ഓടിയിരുന്ന സംഝോത എക്‌സ്പ്രസിലായിരുന്നു സ്‌ഫോടനം നടന്നത്. പാനിപത്തിന് സമീപത്തുവെച്ചായിരുന്നു സ്‌ഫോടനം. 68 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഏറെയും പാകിസ്താന്‍ പൗരന്മാരായിരുന്നു. അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൗരി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം.

സ്വാമി അസീമാനനന്ദ ഉള്‍പ്പെട്ടവരായിരുന്നു കേസിലെ പ്രതികള്‍. സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കരുതിയ സുനില്‍ ജോഷി പിന്നീട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

കേസ് അന്വേഷണം ഫലപ്രദമായി നടത്തുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്നായിരുന്നു പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി പറഞ്ഞത്. ഹിന്ദുത്വ ആക്രമണങ്ങള്‍ നടപ്പിലാക്കിയിരുന്നുവെന്ന് കേസില്‍ പ്രതിയാവുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്ത അസീമാനന്ദ ആദ്യം വെളിപ്പെടുത്തിയിരുന്നു. കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം എങ്ങനെയാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് വിശദീകരിച്ചത്. എന്നാല്‍ പിന്നീട് അസീമാനന്ദ അത് തിരുത്തുകയായിരുന്നു. കേസില്‍ അന്വേഷണം നടത്തിയ എന്‍ഐഎ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ലെന്ന് ആരോപണമുണ്ടായിരുന്നു.

Azhimukham Read: രണ്ട് തവണ ജയില്‍ ചാടിയ മയക്കുമരുന്ന് രാജാവ് എല്‍ ചാപോ ഇനി വെളിച്ചം കാണില്ല; ഭാര്യയെ നിരീക്ഷിക്കാന്‍ വെച്ച സ്പൈവെയറും നടന്‍ ഷോണ്‍ പെന്നിന് നല്‍കിയ അഭിമുഖവും കുരുക്കായതെങ്ങനെ?

This post was last modified on July 18, 2019 11:33 am