X

പ്രതിഷേധം കണക്കിലെടുത്ത് സര്‍ക്കാര്‍: രജീഷ് കൊല്ലക്കണ്ടിക്കെതിരെ യുഎപിഎ ഇല്ല

രജീഷ് കൊല്ലക്കണ്ടിയുടെ കേസില്‍ യുഎപിഎ പ്രകാരമുളള കുറ്റാരോപണങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

യുഎപിഎ കേസുകളില്‍ രൂക്ഷ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ അയയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രജീഷ് കൊല്ലക്കണ്ടിയുടെ കേസില്‍ യുഎപിഎ പ്രകാരമുളള കുറ്റാരോപണങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. രജീഷ് കൊല്ലക്കണ്ടിക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്താനുളള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത്. യുഎപിഎ കേസുകള്‍ പുനപരിശോധിക്കുമെന്ന് ഡിജിപിയും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ രജീഷ് കൊല്ലക്കണ്ടിയുടെ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നത്. യുഎപിഎ കേസുകളിലെ പുനപരിശോധന കഴിയുന്നത് വരെ രജീഷിനെ അറസ്റ്റ് ചെയ്യില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പോരാട്ടം സംഘടനയുടെ ചെയര്‍മാന്‍ എം.എന്‍ രാവുണ്ണിയെ ഒളിവില്‍ താമസിക്കാന്‍ സഹായമൊരുക്കി എന്നാരോപിച്ചായിരുന്നു നേരത്തെ രജീഷിനെതിരെ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. വയനാട് വെള്ളമുണ്ട, തലപ്പുഴ പൊലീസ് സ്റ്റേഷനുകളിലാണ് രജീഷിനെതിരെ യുഎപിഎ കേസുകള്‍ ഉണ്ടായിരുന്നത്.

നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരുടെ മൃതദേഹം വിട്ടുകിട്ടാനുളള നടപടികളുമായി സഹകരിച്ചതിന്റെ പേരില്‍ രജീഷിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായ ഉമാ ബെഹ്‌റയാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കാണിച്ച് കത്തെഴുതിയത്. കോഴിക്കോട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ പോളിയില്‍ ഒമ്പത് വര്‍ഷമായി ക്ലറിക്കല്‍ സ്റ്റാഫായി ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. അതേസമയം എം.എന്‍ രാവുണ്ണിക്കെതിരായ കേസില്‍ യുഎപിഎ ചുമത്തിയ നിലപാടില്‍ സര്‍ക്കാര്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.