X

വടക്കേ ഇന്ത്യയില്‍ മഴ കനക്കുന്നു; മരണം 85

അഴിമുഖം പ്രതിനിധി

വടക്കേ ഇന്ത്യയില്‍ കാലവര്‍ഷം കനക്കുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 85 ആയി. ആസാം, ബീഹാര്‍, ഒഡീഷ, മേഘാലയ, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴ തുടരുകയാണ്. റിസര്‍വോയറുകളും നദികളും കരകവിഞ്ഞൊഴുകുകയാണ്. മഴക്കെടുതി രൂക്ഷമായ ഭാഗങ്ങളില്‍ നിന്ന് ദേശിയ ദുരന്ത നിവാരണ ഏജന്‍സി ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചട്ടുണ്ട്. ഇതിനകം ഏതാണ്ട് 68 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. പതിനായിരത്തില്‍ അധികം ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടു. 

മഴക്കെടുതി രാജ്യത്തെ പ്രധാന കേന്ദ്രങ്ങളായ ഡല്‍ഹിയെയും മുംബൈയെയും വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. നഗരത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഗതാഗതം താറുമാറാക്കി. തകര്‍ന്ന കെട്ടിടങ്ങളും അഴുക്കു ചാലുകള്‍ അടഞ്ഞുപോയതും അനിയന്ത്രിതമായ നഗരവ്യാപനവും പ്രശ്നം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ഗുര്‍ഗാവില്‍ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് ലഭിച്ചത്. 

മഴക്കെടുതി ഏറ്റവും രൂക്ഷമായ ആസാമില്‍ ഇതുവരെ 26 പേര്‍ മരിച്ചു. ഏകദേശം 3,300 ഗ്രാമങ്ങളില്‍ നിന്നായി ഇവിടെ ഏതാണ്ട് 37 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചു. കാസിരംഗ ദേശിയ പാര്‍ക്കിന്റെ 80 ശതമാനവും വെള്ളത്തിന്റെ അടിയിലാണ്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, വടക്ക് കിഴക്കന്‍ മേഖലയുടെ വികസനകാര്യ മന്ത്രി ജിതേന്ദ്ര സിംഗ്, ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോന്‍വാല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ദേശിയ ദുരന്ത നിവാരണ സംഘത്തിന്റെ 14 സംഘങ്ങളെ 64 ബോട്ടുകളിലായി ഇവിടെ നിയമിച്ചിട്ടുണ്ട്.

മേഘാലയയില്‍ മഴക്കെടുതിയില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ടു പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്തെ് ഒട്ടനവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.

നദികള്‍ കവിഞ്ഞൊഴുകുന്ന ബീഹാറില്‍ 26.19 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. ചമ്പാരനിലേയും മുസാഫര്‍പുറിലെയും രണ്ടു ജില്ലകളെ കൂടി മഴക്കെടുതി ബാധിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസം കാണാതായ രണ്ടുപെണ്‍കുട്ടികളുടെ മൃതദേഹം ദുരന്ത നിവാരണ സംഘം കണ്ടെടുത്തു.

ഒഢീഷയിലെ ഭദ്രക് ജില്ലയില്‍ എട്ടു പേര്‍ മഴക്കെടുതിയില്‍ മരിച്ചപ്പോള്‍ വിവിധ ജില്ലകളിലായി 19 പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. കൂടാതെ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

കര്‍ണാടകയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ് നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

 

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment