X

വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു

അഴിമുഖം പ്രതിനിധി

ആണവ പരീക്ഷണ പദ്ധതിയുടെ ഭാഗമായി വടക്കന്‍ കൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചു. രാജ്യം ആദ്യമായി ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ച കാര്യം ദേശീയ ന്യൂസ് ചാനലാണ് അറിയിച്ചത്. ഇന്ന് രാവിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് പരീക്ഷണം നടത്തിയത്. നാലാം തവണയാണ് രാജ്യം പരീക്ഷണം നടത്തുന്നത്.

രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലയില്‍ ആണവ പരീക്ഷണം നടത്തിയ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയുള്ള ഭൂചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സ്‌ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന ഭൂചലനമാണെന്ന് ചൈനയുടെ ഭൂചലന ശൃംഖലാ കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് വെളിപ്പെടുത്തി. പംഗിയേ-റി ആണവ പരീക്ഷണ കേന്ദ്രത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും അറിയിച്ചു.

ഇതിനുമുമ്പ് 2006, 2009, 2013 വര്‍ഷങ്ങളില്‍ ആണവ പരീക്ഷണം നടത്തിയിട്ടുള്ള വടക്കന്‍ കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്നുള്ള സ്ഥിരീകരണം ഉണ്ടായാല്‍ ആഗോളരാഷ്ട്രങ്ങള്‍ക്കിടയില്‍ നിന്ന് കൊറിയക്ക് എതിരെ രോഷം ഉണ്ടാകും. ഈ പരീക്ഷണങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹം വടക്കന്‍ കൊറിയക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അതേസമയം വടക്കന്‍ കൊറിയയുടെ ബദ്ധ വൈരികളായ തെക്കന്‍ കൊറിയയില്‍ പ്രസിഡന്റ് ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ പ്രദേശത്തുണ്ടായ ഭൂകമ്പം കൃത്രിമമാണോ അതോ സ്വാഭാവികം ആണോയെന്നുള്ള വിശകലനങ്ങള്‍ നടക്കുകയാണ്.

കഴിഞ്ഞ മാസം പംഗിയേ-റിയില്‍ പുതിയ ടണല്‍ നിര്‍മ്മിച്ചിരുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാല്‍ വളരെ പെട്ടെന്നു തന്നെ ആണവ പരീക്ഷണം നടത്തുമെന്നതിന്റെ സൂചന ഇല്ലെന്നും ഭാവിയിലേക്കുള്ള പരീക്ഷണങ്ങള്‍ക്കായി വടക്കന്‍ കൊറിയ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നുമാണ്‌ ഒരു മാസം മുമ്പ് ഗവേഷകര്‍ പറഞ്ഞിരുന്നത്.

വടക്കന്‍ കൊറിയയുടെ ആണവ പദ്ധതിയെ കുറിച്ച് ആറു രാഷ്ട്രങ്ങളുടെ ചര്‍ച്ചകള്‍ക്കായി സഖ്യകക്ഷിയായ ചൈന സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് പുതിയ സംഭവ വികാസം ഉണ്ടായിരിക്കുന്നത്. ഇത് ചര്‍ച്ചകള്‍ക്ക് തിരിച്ചടിയും ചൈനയ്ക്ക് ക്ഷീണവും ആകും.

നിരായുധീകരണ കരാറിന്റെ ഭാഗമായി 2007-ല്‍ വടക്കന്‍ കൊറിയ അടച്ചു പൂട്ടിയ യോഗ്‌ബ്യോണിലെ പ്ലൂട്ടോണിയം റിയാക്ടര്‍ 2013-ലെ ആണവ പരീക്ഷണത്തിനുശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഒരു വര്‍ഷം 13 കിലോഗ്രാം പ്ലൂട്ടോണിയം ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ നിലയം. 2013-ലെ പരീക്ഷണത്തില്‍ പ്ലൂട്ടോണിയമാണോ യുറേനിയം ആണോ ഉപയോഗിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും ലോകരാജ്യങ്ങള്‍ക്ക് വ്യക്തതയില്ല.

വടക്കന്‍ കൊറിയയുടെ തലവന്‍ കിം ജോംഗ് ഉന്നിന്റെ പിറന്നാളിന് രണ്ട് ദിവസം മുമ്പാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ചത്.

പ്രാദേശിക സമയം 12 മണിക്ക് രാജ്യം പ്രത്യേക പ്രഖ്യാപനം നടത്തുമെന്ന് വടക്കന്‍ കൊറിയയുടെ ദേശീയ റേഡിയോ അറിയിച്ചിട്ടുണ്ട്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

This post was last modified on January 6, 2016 9:56 am