X

സര്‍ഫാസി നിയമം; തട്ടിപ്പിന് കൂട്ടുനിന്ന രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ

അഴിമുഖം പ്രതിനിധി

ബാങ്കും ഇടനിലക്കാരും ചേര്‍ന്ന് വ്യാപകമായി നടത്തിയിട്ടുള്ള ബാങ്ക് വായ്പാ തട്ടിപ്പുകളില്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവരുന്നതിന് രജിസ്‌ട്രേഷന്‍ ഡിഐജി ഓഫീസിന് മുമ്പില്‍ ഇന്നു രാവിലെ 10 മുതല്‍ 5 മണി വരെ സര്‍ഫാസി നിയമത്തിന്‍റെ ഇരകള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. എം.ഗീതാനന്ദന്‍, അഡ്വ:സെബാസ്റ്റ്യന്‍ പോള്‍, അഡ്വ: ജയശങ്കര്‍, അഡ്വ: കെ.നന്ദിനി, അഡ്വ: സഞ്ജിത്ത്, ഹാഷിം ചേന്നമ്പിള്ളി, സുല്‍ഫിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ‘ഒരു ഓലക്കീറിന്റെ മറ പോലുമില്ലാതെ’എന്ന തെരുവുനാടകവും പ്രതിരോധ പാട്ടുകളുടെ ആവിഷ്‌കാരവും ഉണ്ടായിരിക്കും.

തട്ടിപ്പ് നടന്ന കേസുകളില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടുകയും, ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചുകൊണ്ട് തട്ടിച്ചെടുത്ത ആധാരങ്ങള്‍ അസാധുവാക്കുന്നതിനുള്ള നിയമാനുസൃത നടപടികള്‍ കൈക്കൊള്ളുകയും, കിട്ടാക്കടം തട്ടിപ്പ് നടത്തിയ ബാങ്കുദ്യോഗസ്ഥരടക്കമുള്ള ആളുകളില്‍ നിന്ന് വസൂലാക്കി എടുക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ തയ്യാറാകണം. തട്ടിപ്പ് നടത്തിയ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. വന്‍കിട കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടമായ മൂന്ന്‌ലക്ഷം കോടി രൂപ തിരിച്ചെടുക്കാന്‍ പര്യാപ്തമല്ലാത്ത, എന്നാല്‍ ദരിദ്രരുടെ ഉടുതുണി വരെ പറിച്ചെടുക്കുന്ന സര്‍ഫാസി നിയമം പുന:പരിശോധനയ്ക്ക് വിധേയമാക്കണം, ഭാവിയില്‍ തട്ടിപ്പുകള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്നിവയാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങളായ ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുക, തട്ടിച്ചെടുത്ത ആധാരങ്ങള്‍ അസാധുവാക്കുക, കടബാദ്ധ്യതയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങളിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാതെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്എന്ന് സമരക്കാര്‍ ആരോപിക്കുന്നു.

സംഭവം നടന്ന് ഏഴ് വര്‍ഷം പിന്നിട്ട കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ടുപോകുകയാണ്. നാല് കുടുംബങ്ങള്‍ ജപ്തി ചെയ്യപ്പെട്ടുകഴിഞ്ഞു. കുറ്റാന്വേഷണം കഴിയുമ്പോഴേക്കും ഒറ്റവീട് പോലും ബാക്കിയുണ്ടാവില്ല എന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം പുതുവൈപ്പില്‍ 85 വയസ്സുള്ള ചന്ദ്രമതി എന്ന ദളിത് സ്ത്രീയുടെ ആറ് സെന്റ് കിടപ്പാടം സെന്‍ട്രല്‍ ബാങ്ക് അധികാരികള്‍ ജപ്തി ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. മൂന്ന് ലക്ഷം രൂപ നല്‍കി ഇരുപത്തഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പാണ് ബാങ്കിന്റെ ഒത്താശയോടെ ചന്ദ്രമതിയുടെ കേസില്‍ നടന്നിട്ടുള്ളത്. സര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മറ്റിയില്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കൈകഴുകുകയാണ്. ജപ്തിനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്  നിരപരാധികളായ ദരിദ്ര, ദളിത് കുടുംബങ്ങള്‍ തെരുവിലെറിയപ്പെടുന്നത് തടയുന്നതിനേക്കാള്‍ തട്ടിപ്പ് നടത്തിയ ബാങ്കുകള്‍ക്ക് സാധാരണ ജനങ്ങള്‍ക്കുമേലെ കുതിരകേറാന്‍ കുടപിടിച്ച് കൊടുക്കുന്നതിനാണ് സര്‍ക്കാരിന് വ്യഗ്രത എന്നും സമരത്തിലേര്‍പ്പെടുന്നവര്‍ അഭിപ്രായപ്പെടുന്നു.

 

This post was last modified on December 27, 2016 3:31 pm