X

പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

അഴിമുഖം പ്രതിനിധി

പ്രശസ്ത സംഗീത സംവിധായകന്‍  രാജാമണി (60) അന്തരിച്ചു. ഞായറാഴ്ച രാത്രി  9.30ന് ചെന്നൈയിലെ നിയോട്ട ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 11 ഭാഷകളിലായി 700ല്‍പരം ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം നല്‍കിയ രാജാമണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 150ഓളം ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. ഒ.എന്‍.വിയുടെ വരികള്‍ക്കാണ് ഏറ്റവും ഒടുവില്‍ ഈണമിട്ടത്. ആറാം തമ്പുരാന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് 1997ല്‍ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒരു തെലുഗു ചിത്രത്തിന് കലാസാഗര്‍ പുരസ്കാരവും ലഭിച്ചു. ഗുല്‍മോഹര്‍ എന്ന മലയാള ചിത്രത്തില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്.

മുതിര്‍ന്ന സംഗീത സംവിധായകനായ ബി.എ ചിദംബരനാഥിന്‍െറ മകനായ രാജാമണി പിതാവില്‍ നിന്നുമാണ് സംഗീതത്തിന്‍െറ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. 1969ല്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായിരിക്കെ ചിദംബരനാഥ് തന്നെ സംഗീതം നല്‍കിയ ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കോംഗോ ഡ്രം വായിച്ചാണ് അദ്ദേഹം ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി മസ്ക്കറ്റില്‍ ജോലി ചെയ്തതിനു ശേഷമാണ് സംഗീതത്തില്‍ സജീവമാകുന്നത്. ജോണ്‍സണ്‍ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയാണ് രാജാമണിയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. കൂട്ടില്‍നിന്നും (താളവട്ടം), നന്ദ കിഷോരാ (ഏകലവ്യന്‍), ജപമായ് (പുന്നാരം), മഞ്ഞുകൂട്ടികള്‍ ( വെല്‍കം ടു കൊടൈക്കനാല്‍) എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ ശ്രദ്ധേയമായതാണ്. ഭാര്യ ബീനയോടും സംഗീത സംവിധായകനായ മകന്‍ അച്ചു, അഭിഭാഷകയായ മകള്‍ ആദിത്യ എന്നിവരോടൊപ്പം ചെന്നൈ രാമപുരത്തെ ഭക്ത വേദാന്ത അവന്യൂവിലായിരുന്നു താമസം.

 

This post was last modified on December 27, 2016 3:38 pm

Related Post
Leave a Comment