X

ഓഖി ചുഴലിക്കാറ്റ്: ദുരന്തവ്യാപ്തി പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് സര്‍ക്കാര്‍

ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ബോട്ടുടമകളുടെ സഹായം തേടി. മുനമ്പം മുതല്‍ ഗോവ വരെയുള്ള ഭാഗങ്ങളിലേക്കാണ് തിരച്ചില്‍ വ്യാപിപ്പിക്കുന്നത്.

ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തവ്യാപ്തി പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ദൃശ്യങ്ങളടങ്ങിയ പ്രത്യേക പ്രദര്‍ശനം നടത്താനാണ് നീക്കം. ഇതിനായി ദൃശ്യങ്ങളും നഷ്ടക്കണക്കും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ അതോറിറ്റിയാണ് പ്രത്യേക അവതരണം നടത്തുന്നത്. അതേസമയം, ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ബോട്ടുടമകളുടെ സഹായം തേടി. മുനമ്പം മുതല്‍ ഗോവ വരെയുള്ള ഭാഗങ്ങളിലേക്കാണ് തിരച്ചില്‍ വ്യാപിപ്പിക്കുന്നത്. 200ഓളം ബോട്ടുകള്‍ തിരച്ചിലിനായി വിട്ടുനല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ബോട്ടുടമകളും മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. എല്ലാ സഹായങ്ങളും നല്‍കാമെന്ന് ബോട്ടുടമകള്‍ അറിയിച്ചിട്ടുണ്ട്.

ഓഖി ദുരന്തത്തില്‍ മുന്നൂറോളം പേരെ കാണാതായെന്നാണ് സര്‍ക്കാര്‍ ശനിയാഴ്ച പുറത്തുവിട്ട കണക്കില്‍ പറയുന്നത്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകള്‍ പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എഫ്‌ഐആറുകള്‍ പ്രകാരം കാണാതായവര്‍: തിരുവനന്തപുരം-172, കൊച്ചി32. എഫ്‌ഐആര്‍ കൂടാതെയുള്ളവര്‍: കൊല്ലം – 13, തിരുവനന്തപുരം83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. തിരിച്ചറിയാനുള്ളത് 40 മൃതദേഹങ്ങള്‍. അതിനിടെ, കോഴിക്കോട് ചോമ്പാല ഉള്‍ക്കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കണ്ട മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, സര്‍ക്കാര്‍ പുതുതായി പുറത്തുവിട്ട കണക്ക് ശരിയല്ലെന്നാണ് ലത്തീന്‍ കത്തോലിക്ക സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും വാദം. ലത്തീന്‍ സഭ ശേഖരിച്ച കണക്കനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണ് കാണാനില്ലാത്തത്. ഇതില്‍ 94 പേര്‍ നാട്ടില്‍ നിന്നും 147 പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും കടലില്‍ പോയവരാണ്. ചെറുവള്ളങ്ങളില്‍ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു.

This post was last modified on December 17, 2017 2:01 pm