X

രോഷം കൊള്ളേണ്ട, ഇതാണ് യഥാര്‍ത്ഥ ഇന്ത്യ; അല്ലെങ്കില്‍ ഈ കാര്യങ്ങള്‍ കൂടി കേള്‍ക്കൂ

ഒഡീഷയില്‍ സ്വന്തം ഭാര്യയുടെ ജഡവുമേന്തി നടന്നു പോകുന്ന മനുഷ്യന്‍റെ കാഴ്ച നമ്മളിലെ പലരുടെയും കണ്ണ് നിറയിച്ചു. 2014 – 2016 കാലഘട്ടത്തില്‍ ഝാര്‍ഖണ്ഡ്‌, രാജസ്ഥാന്‍, ഒഡീഷ എന്നിവിടങ്ങളില്‍ ആരോഗ്യരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു എന്‍.ജി.ഓയില്‍ ജോലി ചെയ്ത അനുഭവത്തില്‍ നിന്ന് പറയട്ടെ, ഇത് വളരെ വളരെ സാധാരണമായ ഒരു കാര്യമാണ്. ഇത്തരം വാര്‍ത്തകളും കാഴ്ചകളും കണ്ടിട്ടും നിസംഗതയോടെ ഫേസ് ബുക്ക് താഴേക്ക് സ്ക്രോള്‍ ചെയ്ത് പോകാന്‍ സാധിക്കുന്നതും ഈ അനുഭവങ്ങള്‍ മൂലമാണ്. ഈ കാലഘട്ടങ്ങളില്‍ നേരിട്ടും അല്ലാതെയും അടുത്തറിഞ്ഞ ചില അനുഭവങ്ങള്‍.

 

ടോര്‍ച്ച് ലൈറ്റില്‍ ഒരു വന്ധീകരണ ശസ്ത്രക്രിയ
ഝാര്‍ഖണ്ഡിലെ ഒരു ഗര്‍ഭ നിയന്ത്രണ ഓപ്പറേഷന്‍ നടക്കുന്ന ക്യാമ്പ്. രാവിലെ മുതല്‍ വരി നില്‍ക്കുന്ന യുവതികള്‍, കണ്ടാല്‍  ഇരുപതോ ഇരുപത്തി രണ്ടോ വയസ്സ് തോന്നുന്ന, ഒന്നോ രണ്ടോ പ്രസവങ്ങള്‍ നടന്നു കഴിഞ്ഞ, വിളറി വെളുത്ത ശരീരങ്ങള്‍. നേരം ഏറെ വൈകിയിട്ടും ഡോക്ടര്‍  എത്തിയിട്ടില്ല. ഒടുവില്‍ തിരക്ക് പിടിച്ച് എത്തുമ്പോള്‍ മണി ഒമ്പത്. രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതെ, വരാന്തയിലും മരത്തണലിലും ഇരുന്നു ക്ഷീണിതരായ യുവതികള്‍. ഡോക്ടര്‍ ഓപ്പറേഷന്‍ തുടങ്ങി, ഒരു സ്കൂള്‍ ബഞ്ചിലാണ് യുവതികള്‍ കിടക്കുന്നത്. 45 മിനുട്ട് എങ്കിലും എടുക്കേണ്ട ഓപ്പറേഷന് ഡോക്ടര്‍ എടുക്കുന്നത് വെറും മൂന്നു മിനുട്ട്, യാന്ത്രികമായി യുവതികള്‍ വരുന്നു. കഴുത്ത് താഴ്ത്തി കിടക്കുന്നു. സഹായികള്‍ കൈകാലുകള്‍ ഇളകാതെ പിടിക്കുന്നു. ഡോക്ടര്‍ ട്യുബുകള്‍ മുറിക്കുന്നു, കൂട്ടിത്തുന്നുന്നു. ഉപകരണങ്ങള്‍ ബാക്ടീരിയ നശീകരണ ലായനിയിലേക്കു മുക്കുന്നു. എടുക്കുന്നു. മുറിവുകള്‍ തുന്നുന്നു; കഴിഞ്ഞു – അടുത്ത യുവതി വരുന്നു. പെട്ടന്ന് ബള്‍ബുകള്‍ അണഞ്ഞു. ഇരുട്ട്- ജനറേറ്റര്‍ ഇല്ല. കൂടെ നിന്ന നഴ്സ് മൊബൈല്‍ ഫോണില്‍ ഫ്ലാഷ് ലൈറ്റ് തെളിയിക്കുന്നു. ഓപ്പറേഷന്‍ മനോഹരമായി മുന്നേറുന്നു. കാരണം ഇത്ര സമയം കൊണ്ട് ഇത്രപേരെ വന്ധീകരണ ശസ്ത്രക്രിയക്ക് വിധേയരാക്കി എന്ന കണക്ക് കേന്ദ്ര സര്‍ക്കാരിന് അനൌദ്യോഗികമായി നല്‍കേണ്ടതുണ്ട്. വന്ധീകരണ ശസ്ത്രക്രിയക്ക് ശേഷം പതിമൂന്നു യുവതികള്‍ മരണത്തിനു കീഴടങ്ങിയ കുപ്രസിദ്ധ ഛത്തീസ്ഗഡ്‌ ക്യാമ്പ് നടന്ന് അധികം ദിവസമാകുന്നതിനു മുന്‍പായിരുന്നു ഇത്. 

 

ശസ്ത്രക്രിയക്ക് ശേഷം കിടക്കാന്‍ വരാന്തയും അറുന്നൂറു രൂപയും. ശസ്ത്രക്രിയക്ക് ഗര്‍ഭപാത്രത്തെ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന പമ്പ് പ്രവര്‍ത്തനരഹിതമായതിനാല്‍ സൈക്കിളില്‍ കാറ്റ് നിറയ്ക്കുന്ന പമ്പുകള്‍ ശസ്ത്രക്രിയക്കു ഉപയോഗിച്ചതും ഈ ഇന്‍ക്രെഡിബിള്‍ ഇന്ത്യയില്‍ തന്നെ. മരണത്തിനു ലജ്ജ തോന്നി മാറി നില്‍ക്കുന്നതുകൊണ്ടാണ് പലരും ജീവനോടെ ഇത്തരം ക്യാമ്പുകള്‍ അതിജീവിക്കുന്നത്. ഇത് നടക്കുന്നത് നമ്മുടെ പ്രധാനമന്ത്രി സ്മാര്‍ട്ട്‌ സിറ്റിയാക്കാന്‍ തിരഞ്ഞെടുത്ത നൂറു നഗരങ്ങളില്‍ ഒന്നായ റാഞ്ചി എന്ന പ്രദേശത്തിന് അടുത്താണ് എന്നും ഓര്‍ക്കുക.

 

ആംബുലന്‍സ് ദുരന്തങ്ങള്‍
ഒരു നോര്‍ത്ത് ഇന്ത്യന്‍ ഗ്രാമ പ്രദേശം. ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് വരുന്ന ആംബുലന്‍സ്. പെട്ടന്നാണ് യുവതി മരണത്തിനു കീഴടങ്ങിയത്. യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആ ദേഹത്തെ ഇറക്കി റോഡിനരികെ കിടത്തി ആ ഡ്രൈവര്‍ വണ്ടിയോടിച്ചു പോയി. മൃതദേഹങ്ങളെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് അനുവാദം ഇല്ല. തിരിച്ചു പോകാന്‍ ഒരു ട്രാക്ടര്‍ വരുന്നവരെ യുവതിയുടെ മൃതദേഹവുമായി ആ കുടുംബം റോഡരികില്‍ നിന്നു. ഉത്തര്‍ പ്രദേശിലെ ഒരു ആശുപത്രി, രക്തം വാര്‍ന്ന്, ഇരു കണ്ണുകളും തുറിച്ച ഒരു യുവതി ആശുപത്രി വരാന്തയില്‍ കിടക്കുന്നു . വെറും തറയില്‍, ഗര്‍ഭത്തിന്റെ പകുതി ഘട്ടത്തില്‍ ആണ്. അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ആംബുലന്‍സ് ഭദ്രമായി ഗാരേജില്‍ വച്ചുപൂട്ടി ഡ്രൈവര്‍ എവിടെക്കോ പോയി. ഒടുവില്‍ ആ വരാന്തയില്‍ എലിക്കുഞ്ഞിനെക്കാളും ശോഷിച്ച ഒരു കുഞ്ഞിനെ പ്രസവിച്ച് ആ പെണ്‍കുട്ടിയും മരിച്ചു. നിങ്ങള്ക്ക് എന്തെങ്കിലും പ്രതികരിച്ചൂടെ എന്ന് ചോദിച്ചപ്പോള്‍ “ക്യാ കരൂം ബഹന്‍, ഹമാരി കിസ്മത് തോ എസേ ഹി (എന്ത് ചെയ്യാനാ ഞങ്ങളുടെ വിധി ഇങ്ങനെ ആയിപ്പോയി) എന്ന് പറഞ്ഞു ആ യുവാവ്‌ നടന്നു നീങ്ങി.

 

 

രക്തം, അത് വജ്രത്തെക്കാള്‍ വിലയേറിയത്
പ്രസവത്തിനു മുന്‍പുള്ള ചെക്ക്‌ അപ്പ് നടക്കുകയാണ് ഒരു ജില്ലാശുപത്രിയില്‍. ഹീമോഗ്ലോബിന്‍ ചെക്ക് ചെയ്ത് സുഹൃത്തായ ഡോക്ടര്‍ നിരാശയോടെ എന്‍റെ മുന്നിലിരുന്നു: അനീ വെറും മൂന്ന്‍ ആണ് കൌണ്ട്. എങ്ങനെ അടുത്തമാസം ആ കുട്ടിയുടെ പ്രസവം നടത്തും? അവന്‍ കരച്ചിലിന്റെ വക്കത്താണ്. “ഗ്രാമീണ സേവനം ചോദിച്ചു വാങ്ങി വന്നതാണ്. കണ്മുന്നില്‍ ഇങ്ങനെ മരണം – അതും എന്റെ അനിയത്തിയെക്കള്‍ ചെറിയ പെണ്‍കുട്ടികള്‍, പ്രസവത്തില്‍; എനിക്ക് പേടിയാണ് ഓരോ മുഖവും കാണുമ്പോള്‍.” കഴിഞ്ഞ ദിവസമാണ് ഹീമോഗ്ലോബിന്‍ 4 ഉണ്ടായിരുന്ന യുവതി വീട്ടിലേക്കുള്ള വെള്ളം ചുമന്നു കൊണ്ടുവരുന്ന വഴി, കുഴഞ്ഞു വീണു മരിച്ചത്. അതോടെയാണ് അവന്‍ തളര്‍ന്നു പോയത്. പ്രസവത്തിനിടെ രക്തം വേണമെങ്കില്‍ അടുത്ത ജില്ലയിലോ സംസ്ഥാനത്തോ പോകണം. ആശുപത്രിയില്‍ നേരിട്ടുള്ള രക്തദാനം നിയമം മൂലം തടഞ്ഞിരിക്കുകയാണ്. AIDS കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശങ്ങള്‍ പാലിക്കാത്ത രക്തദാനവും ഉപയോഗവും ആശുപത്രികളില്‍ നടത്താന്‍ അനുവാദമില്ല. ആ സൌകര്യമുള്ള ആശുപത്രികള്‍ സംസ്ഥാനത്ത് അഞ്ചോ ആറോ കാണും. തടയാന്‍ സാധിക്കുന്ന മരണങ്ങള്‍ ദിനം തോറും കൈകാര്യം ചെയ്യുന്ന ആളുകള്‍.

 

ഞാന്‍ ഒരു പെണ്‍കുട്ടിയോട് – പ്രസവവേദന തുടങ്ങിയിരിക്കുന്നു. എപ്പോള്‍ തുടങ്ങി വേദന? “ഇന്നലെ വൈകുന്നേരം ചേച്ചി”. രാത്രി ഉറങ്ങിയില്ലേ? ഉറക്കക്ഷീണം ഉണ്ടല്ലോ മുഖത്ത്; ഞാന്‍ ചോദിച്ചു. “അത്, ചേച്ചീ, അദ്ദേഹത്തിന് (ഭര്‍ത്താവിന്) രാത്രി മുഴുവന്‍ ഇരുന്നു കാലുഴിഞ്ഞു കൊടുക്കണം. അല്ലെങ്കില്‍ എന്നെ അടിക്കും”. പ്രസവവേദന വന്നിരിക്കുമ്പോള്‍ കാലുഴിഞ്ഞു കൊടുക്കായിരുന്നോ? “അതെ”. തികച്ചും സാധാരണമായ ഉത്തരം.

 

അവളുടെ അടുത്ത് ഒരു ഏഴോ എട്ടോ മാസം ഗര്‍ഭിണിയായ യുവതി. എന്റെ ചോദ്യം: “എന്തൊക്കെയാണ് ആഹാരം”? മറുപടി ഇങ്ങനെ, “ഓ, സാധാരണ രണ്ടു നേരം ധാന്യങ്ങളാണ് കഴിക്കാറ്. ഇപ്പൊ നാലുമാസമായി ആര്‍ക്കും വനത്തില്‍ പോകാന്‍ പറ്റുന്നില്ല. അതുകൊണ്ട് പട്ടിണിയാണ്. രണ്ടു ദിവസായി എന്തെങ്കിലും കഴിച്ചിട്ട്.” ഇന്ന് ഇവിടുത്തെ ഡോക്ടര്‍ കുറച്ചു പണം തന്നു. പോകുംവഴി കഴിക്കണം.” രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പ്രസവിക്കേണ്ട യുവതിയാണ്. പോഷകം അവിടെ നില്‍ക്കട്ടെ – വിശപ്പെങ്കിലും മാറണ്ടേ?

 

റോഡോ?
ആദ്യ ഫീല്‍ഡ് വര്‍ക്കിനു വേണ്ടി ഒഡീഷയിലെത്തിയതാണ് ഞങ്ങള്‍. നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്ക് നേരത്തേ പുറപ്പെട്ടു. ഒരു റോഡിനരികില്‍ ബൈക്ക് നിര്‍ത്തി പറഞ്ഞു, ദാ ഇനി ആ മല കയറി ഇറങ്ങിയാല്‍ മതി. നിനക്ക് ആ ഗ്രാമത്തില്‍ എത്താം. മല കയറി ഇറങ്ങുക എന്നാല്‍ 15 – 20 കിലോമീറ്റര്‍ നടത്തം. എങ്ങനെ പോകും? അപ്പോള്‍ മലയിറങ്ങി ഒരു മഞ്ചല്‍ വരുന്നു. പൂര്‍ണഗര്‍ഭിണിയായ യുവതി. പ്രസവത്തിനു കൊണ്ടുപോകുന്നു. ആദ്യത്തെ അനുഭവം ആയതുകൊണ്ട് നടുക്കം മാറിയതേയില്ല.

 

പറഞ്ഞുതുടങ്ങിയാല്‍ അവിശ്വസനീയമെന്ന് പറഞ്ഞു തള്ളിക്കളയാന്‍ സാധിക്കുന്ന കഥകള്‍ എമ്പാടുണ്ട്. ഒന്നും കേട്ടാല്‍ പ്രതികരിക്കാന്‍ പോലും സാധ്യമല്ലാത്ത, നിര്‍വികാരത മാത്രം നല്‍കുന്ന അനേകം മനുഷ്യരുടെ കഥകള്‍.

 

സൈനികപ്രശ്നങ്ങള്‍ ഉന്നയിച്ച് റോഡുകള്‍ നിര്‍മിക്കാത്ത സ്ഥലങ്ങളെക്കുറിച്ച് നേരത്തെ എഴുതിയിരുന്നല്ലോ. ഇന്ത്യയിലെ അനേകം ഒറ്റപെട്ട ഗ്രാമങ്ങള്‍, അവിടെ ജീവിക്കുന്ന പേരറിയാത്ത മനുഷ്യര്‍. നമ്മുടെ അവകാശങ്ങള്‍ എന്തെന്ന് പോലും അറിയാത്തവര്‍.

 

ഒരു കാലത്ത് സ്വന്തമായിരുന്ന വനം ഇന്ന് അവര്‍ക്ക് അന്യമാണ്. വനത്തിലുള്ള അവകാശം നിഷേധിക്കപ്പെടുകയും എന്നാല്‍ സ്വന്തം ഭക്ഷണ സമ്പ്രദായം മുഖ്യധാരയുടേതുമായി ബന്ധിപ്പിക്കാനും സാധിക്കാതെ നില്‍ക്കുന്ന കോടിക്കണക്കിനു മനുഷ്യര്‍. അവര്‍ക്കിടയിലൂടെയാണ് മരണപ്പെട്ട തന്‍റെ ഭാര്യയുടെ ജഡവുമായി നീങ്ങുന്ന മനുഷ്യനും പിറകെ കരഞ്ഞുകൊണ്ട്‌ ഒരു പന്ത്രണ്ടു വയസ്സുകാരിയും. രോഷം കൊള്ളുന്നവര്‍ ഇതറിയുക, ഇത് അവിടെ നിത്യസംഭവങ്ങളില്‍ ഒന്ന് മാത്രമാണ്. വളരെ, വളരെ സ്വാഭാവികം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:

This post was last modified on December 16, 2016 11:40 am