X

ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ

മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഇയാള്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭാര്യ പിതാവിനെ കാണാനെത്തിയതായിരുന്നു

കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ്. ഇന്നലെ പുറത്തിറങ്ങിയ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് കേരള രാഷ്ട്രീയത്തില്‍ മറ്റൊരു ലൈംഗിക വിവാദത്തിന് കൂടി വഴി തുറന്നിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനില്‍ നിന്നും ദുരനുഭവമുണ്ടായതെന്ന് പുസ്തകത്തിലെ ‘എ വിഐപി ട്രെയിന്‍ സ്റ്റോറി’ എന്ന അധ്യായത്തില്‍ പറയുന്നു. എന്നാല്‍ ഇയാളുടെ പേര് നിഷ വെളിപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി ട്രെയിന്‍ കാത്തു നില്‍ക്കുമ്പോള്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഈ വ്യക്തി അച്ഛന്റെ പേര് പറഞ്ഞ് തന്നെ പരിചയപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിന്‍ വന്നപ്പോള്‍ അയാള്‍ തനിക്കൊപ്പം സൈഡ് ബര്‍ത്തില്‍ വന്നിരുന്നു.

ക്ഷീണം കാരണം എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. എന്നാല്‍ ഇയാളുടേത് ദുരുദ്ദേശമാണെന്ന് മനസിലായതോടെ ഞാന്‍ അസ്വസ്ഥയായി. അകലം പാലിച്ച് ഉറക്കത്തിന്റെ സൂചന നല്‍കിയെങ്കിലും ഇയാള്‍ സംസാരിച്ചുകൊണ്ടിരുന്നു. രഹസ്യമായി ടിടിആറിനെ കണ്ട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഇയാളുടെ അച്ഛന്റെ സ്വഭാവം തന്നെയാണെന്ന് തോന്നുന്നതിനാല്‍ ഇടപെടാന്‍ ഭയമാണെന്നാണ് ടിടിആര്‍ പറഞ്ഞത്.

തിരികെ സീറ്റില്‍ വന്നിരുന്നപ്പോഴും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. ഇതിനിടെ എന്റെ കാല്‍പ്പാദത്തില്‍ ഇയാളുടെ കൈകള്‍ അറിയാതെയെന്ന പോലെ മൂന്ന് നാല് തവണ സ്പര്‍ശിച്ചു. സഹികെട്ട് ഇവിടെ നിന്നും മാറണം എന്ന് കര്‍ശനമായി പറയുകയായിരുന്നു. വീട്ടിലെത്തി ഭര്‍ത്താവ് ജോസ് കെ മാണിയോട് ഈ വിവരം പറഞ്ഞിരുന്നു.

മീടൂ കാമ്പെയ്‌നിംഗില്‍ താനും പങ്കാളിയാകുന്നുവെന്നും ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ അനുഭവം വെളിപ്പെടുത്തുന്നതെന്നും നിഷ പറയുന്നു. കോട്ടയത്തെ ഒരു യുവ നേതാവിനെ പുസ്തകത്തില്‍ ഹീറോ എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട് നിഷ. തന്നെക്കുറിച്ച് അപവാദം പറഞ്ഞ് പരത്തിയത് ഈ ഹീറോയാണെന്നും നിഷ പറയുന്നു. സോളാര്‍ കേസില്‍ ജോസ് കെ മാണിക്കെതിരെ ഉയര്‍ന്ന അപവാദത്തിന് പിന്നില്‍ ശത്രുവായ അയല്‍ക്കാരനാണെന്നും ഇവര്‍ പുസ്തകത്തില്‍ പറയുന്നു.

This post was last modified on March 16, 2018 12:05 pm