X

പാലയില്‍ മാണി സി കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി

പാലാ നിയോജകമണ്ഡലത്തെ നിയമസഭയില്‍ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ എം മാണി മാത്രമാണ്

കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചു. കോട്ടയത്ത് നടന്ന എന്‍സിപി നേതൃയോഗത്തിലാണ് തീരുമാനം. തീരുമാനം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എന്‍സിപി അറിയിച്ചു. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റില്‍ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.

പാലാ നിയോജകമണ്ഡലത്തെ നിയമസഭയില്‍ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ എം മാണി മാത്രമാണ്. 1965 മുതല്‍ 13 തവണ അദ്ദേഹം പാലായില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇടതുപക്ഷം സ്ഥിരമായി എന്‍സിപിക്ക് നല്‍കിയ സീറ്റായ പാലായില്‍ മൂന്ന് തവണ മാണി സി കാപ്പന്‍ കെ എം മാണിക്കെതിരെ മത്സരിച്ചിട്ടുണ്ട്. 2001ല്‍ ഇടതുപക്ഷത്തിന് വേണ്ടി എന്‍സിപിയുടെ ഉഴവൂര്‍ വിജയനാണ് കെ എം മാണിക്കെതിരെ മത്സരിച്ചത്.

2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ മാണി സി കാപ്പന്‍ കെ എം മാണിയോട് മത്സരിച്ചു തോറ്റു. കെ എം മാണിയുടെ വിയോഗത്തിന് ശേഷം കേരളാ കോണ്‍ഗ്രസിനെതിരെ ഒരുവട്ടം കൂടി പാലായില്‍ ജനവിധി തേടുകയാണ് മാണി സി കാപ്പന്‍.