X

അനാഥാലയത്തില്‍നിന്ന് തുടക്കം ഇപ്പോള്‍ കൊല്ലം ജില്ലയുടെ കളക്ടര്‍

തലശേരി ദാറുല്‍ സലാം, തൃശൂര്‍ വാടാനപ്പള്ളി ഇസ്ലാമിക കോളേജ് ഫോര്‍ ഓര്‍ഫനേജ് എന്നീ അനാഥാലയങ്ങളുടെ ഓര്‍മ്മകള്‍ നല്‍കിയ കരുത്തുമായി ബി അബ്ദുല്‍ നാസര്‍ കൊല്ലത്തിന്റെ കളക്ടറായി ചുമതലയേല്‍ക്കും.

അനാഥബാല്യത്തില്‍നിന്നും കഠിന പ്രയത്‌നത്തിലൂടെ വിജയപടവുകള്‍ താണ്ടിയാണ് ഈ ഐ എ എസുകാരന്റെ വരവ്. തലശേരി ദാറുല്‍ സലാം, തൃശൂര്‍ വാടാനപ്പള്ളി ഇസ്ലാമിക കോളേജ് ഫോര്‍ ഓര്‍ഫനേജ് എന്നീ അനാഥാലയങ്ങളുടെ ഓര്‍മ്മകള്‍ നല്‍കിയ കരുത്തുമായി ബി അബ്ദുല്‍ നാസര്‍ കൊല്ലത്തിന്റെ കളക്ടറായി ചുമതലയേല്‍ക്കും.

2012 ബാച്ചില്‍ ഐ എ എസ് ലഭിച്ച്  ജില്ലാ കളക്ടറാവുന്ന ബി അബ്ദുള്‍ നാസറിന് തന്റെ ജീവിതം തന്നെയാണ് വളരാനുള്ള ഊര്‍ജം നല്‍കിയത്. അഞ്ചാം വയസ്സില്‍ ബാപ്പയുടെ വേര്‍പാടില്‍ ആരംഭിച്ചതാണ് ഓര്‍ഫനേജ് ജീവിതം. ബാപ്പയുടെ മരണത്തോടെ നാല് സഹോദരിമാരടങ്ങുന്ന കുടുംബം കടുത്ത പട്ടിണിയിലായി. മൂന്ന് വീടുകളില്‍ ജോലിക്ക് പോയിട്ടും മക്കളുടെ വിശപ്പ് മാറ്റാന്‍ ഉമ്മയ്ക്ക് കഴിഞ്ഞില്ല.

ഉമ്മയുടെ തീരുമാനപ്രകാരമാണ് പിന്നീട് ബി അബ്ദുള്‍ നാസര്‍ തലശേരി ദാറുള്‍ സലാം ഓര്‍ഫനേജിലേക്ക് പോവുന്നത്. ഒന്നാം ക്ലാസില്‍ ആരംഭിച്ച അനാഥാലയ ജീവിതം പ്രീഡിഗ്രി വരെ തുടര്‍ന്നു. ബ്രണ്ണന്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. കോഴിക്കോട് ഫറൂഖ് കോളേജില്‍നിന്ന് എംഎ, ബിഎഡ് പഠനകാലത്തെല്ലാം ചിലവിനായി പല ഇടങ്ങളില്‍ ജോലിചെയ്തു. മെഡിക്കല്‍ ആന്റ് സൈക്കാട്രിയില്‍ എംഎസ്ഡബ്ല്യു നേടി.

ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ഔദ്യോഗിക ജീവിതം തുടങ്ങി. സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയത്തോടെ 2006ല്‍ ഡെപ്യൂട്ടി കളക്ടറായി. 2013ലും 2017ലും കേന്ദ്ര ഹജ്ജ് കമ്മിറ്റി കോ-ഓഡിനേറ്റര്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കോംപീറ്റന്റ് അതോറിറ്റി. 2015ല്‍ മികച്ച ഡെപ്യൂട്ടി കളക്ടറായി അംഗീകാരം.

ഭാര്യ എം കെ റുക്‌സാന അധ്യാപികയാണ്. മകള്‍ നെയിമ എന്‍ജിനിയറിങ് ബിരുദധാരിയാണ്. മൂത്തമകന്‍ നൂമാന്‍ ബിബിഎയ്ക്കും, ഇളയ മകള്‍ ഇനാം എട്ടാം ക്ലാസിലും പഠിക്കുന്നു.

ഞാറ് നടും, ട്രാക്ടറോടിക്കും; വരമ്പത്തല്ല, പാടത്താണ് രമ്യാ ഹരിദാസ് എംപി

This post was last modified on July 1, 2019 11:36 am