X

അനുപമ ഐഎഎസിന്റെ ഫേസ്ബുക്ക് പേജില്‍ അന്ന് സുരേഷ് ഗോപിക്കുവേണ്ടി ശരണം വിളി, ഇപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പിന്തുണച്ച് ‘സേവ് രാമന്‍’ ആഹ്വാനം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വെറുമൊരു ആനയല്ലെന്നും ഒരു ജനതയുടെ വികാരമാണെന്നുമാണ് അനുപമയെ പലരും ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നത്

ഉത്സവങ്ങളില്‍ എഴുന്നളിക്കുന്നതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരാന്‍ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കൂടിയ നാട്ടാന നിരീക്ഷണ സമിതി യോഗത്തില്‍ തീരുമാനം ഉണ്ടായതിനു പിന്നാലെ അനുപമ ഐഎസിനെതിരേ പരാതിയുമായി ആനപ്രേമികളും ഹിന്ദുത്വവാദികളും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചെന്നു ചൂണ്ടിക്കാട്ടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് വിശദീകരണം ചോദിച്ചതിനും അനുപമ ഇതേ രീതിയില്‍ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. അന്ന് അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ശരണം വിളികളായിരുന്നെങ്കില്‍ ഇപ്പോള്‍ ‘ സേവ് രാമന്‍’ ആഹ്വാനമാണ്. ഹൈന്ദവ വിശ്വാസങ്ങളെ അനുപമ തുടര്‍ച്ചയായി അപമാനിക്കുകയാണെന്നാണ് പരാതി. ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വനിത മതിലില്‍ പങ്കെടുക്കുക വഴി തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിട്ടുള്ള അനുപമയുടെ, ഹിന്ദുക്കള്‍ക്കെതിരേയുള്ള പ്രവര്‍ത്തനം ബോധപൂര്‍വമാണെന്നുള്ള പ്രകോപനവും ഇതിനിടയില്‍ സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2011 മുതല്‍ പുരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാര ചടങ്ങിന് നിയോഗിക്കുന്നത് ഈ ആനയെയാണ്. നിലവിലുള്ള വിലക്ക് പിന്‍വലിക്കപ്പെടുന്നില്ലെങ്കില്‍ ഈ വര്‍ഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇതാണ് ആനപ്രേമികളെയും ഹിന്ദുത്വ അജണ്ട പിന്‍പറ്റുന്നവരെയും പ്രകോപിപ്പിക്കുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വെറുമൊരു ആനയല്ലെന്നും ഒരു ജനതയുടെ വികാരമാണെന്നുമാണ് അനുപമയെ പലരും ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നത്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് ഗുരുവായൂരില്‍ നടന്ന ഗൃഹപ്രവേശ ചടങ്ങില്‍ എഴുന്നള്ളിച്ച് നിര്‍ത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയത്. ഇതുവരെ ഈ ആന കൊന്നിട്ടുള്ളവരുടെ എണ്ണം 13 ആണ്. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്നതരത്തില്‍ അക്രമസ്വഭാവം കാണിക്കുന്ന ആനയാണ് ഇതെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ പലതവണയായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇതുകൂടാതെ ആനയുടെ ആരോഗ്യസ്ഥിതിയും വളരെ മോശമാണ്. അമ്പത് വയസ് പ്രായമുള്ള ആനയുടെ കാഴ്ച്ചശക്തിക്ക് തടസ്സമുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ പരിശോധനകളും നിര്‍ദേശനകളും അനുസരിച്ച് മാത്രമെ ആനയെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോകാവൂ എന്നുണ്ടെങ്കിലും ഇതെല്ലാം ലംഘിക്കപ്പെടുകയാണ്. അതിന്റെ ഫലമായിരുന്നു ഗുരുവായൂരില്‍ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഈ സംഭവത്തിനു പിന്നാലെ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. ആനയുടെ വിലക്ക് മാറ്റണമെന്നും തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിക്കണമെന്നും ആവശ്യപ്പെട്ട് വനം മന്ത്രിക്ക് ഉള്‍പ്പെടെ പരാതികളും നിവേദനങ്ങളും ആനപ്രേമികള്‍ നല്‍കിയിരുന്നു. എന്നാല്‍ ജില്ലതല നാട്ടാന നിരീക്ഷണ യോഗത്തില്‍ വിലക്ക് തുടരാനാണ് കളക്ടര്‍ തീരുമാനം എടുത്തത്. വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കില്‍ പോലും നിലവിലെ സാഹചര്യങ്ങള്‍ വച്ച് നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കളക്ടര്‍. തൃശൂര്‍ പൂരത്തിനുള്ള ആലോചന യോഗത്തിലും ഇതേ നിലപാട് തന്നെയാണ് അനുപമ അറിയിച്ചത്. വിലക്ക് നീക്കുന്നത് പുനഃപരിശോധിക്കാമെന്നു മന്ത്രി വി എസ് സുനില്‍കുമാര്‍ പറയുന്നുണ്ടെങ്കിലും 15 ദിവസത്തേക്ക് നീട്ടിയിരിക്കുന്ന വിലക്ക് മാറുന്നില്ലെങ്കില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് പൂരത്തില്‍ പങ്കെടുക്കാതിരിക്കാം. പക്ഷേ, ശാരീകാവശതകളുള്ള, പെട്ടെന്നു പ്രകോപിതനാകുന്ന ഈ ആന തന്നെ വേണം എന്ന വാശിയിലാണ് ഒരു വിഭാഗം. അതില്‍ നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളും അധിക്ഷേപങ്ങളുമാണ് കളക്ടറുടെ ഫെയ്‌സ്ബുക്കില്‍ കാണിക്കുന്നത്.

കൊന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആണെങ്കിലും കൊല്ലിച്ചത് നിങ്ങള്‍ ആനപ്രേമികളും ഫാന്‍സുമാണ്

സേവ് രാമന്‍…എന്ന നിരവധി കമന്റുകളാണ് അനുപമയുടെ ഫെയ്‌സബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിറയുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഒരു ജനതയുടെ വികാരമാണെന്നും അതിനെതിരേ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യം. 13 പേരെ കൊന്നിട്ടുള്ള ഒരാനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്നതും ലക്ഷക്കണക്കിന് ആളുകള്‍ കൂടുന്ന പൂരത്തിനിടയില്‍ ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരണ്ടോടുന്ന ആ അനയെ എഴുന്നള്ളിച്ച് നിര്‍ത്തുന്നത് വന്‍ ദുരന്തത്തിന് കാരണമാകുമെന്നുമൊക്കെയുള്ള നിര്‍ദേശത്തെ ചിലര്‍ അവണിച്ചു തള്ളുന്നത് രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചൊക്കെ ഓര്‍മ്മിപ്പിച്ചാണ്! കൊന്നതിന്റെയും കൊല്ലിച്ചതിന്റെയും കണക്കെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാഫിയാകള്‍ക്കും ഇതുപോലെ വിലക്ക് ഏര്‍പ്പെടുത്താന്‍ ധൈര്യമുണ്ടോ എന്നാണ് ചോദ്യം. ജനങ്ങള്‍ വെറുത്ത് തുടങ്ങിയാല്‍ കളക്ടര്‍ കസേരയില്‍ ഇരിക്കുന്നതിന് അര്‍ത്ഥമില്ലാതെയാകുമെന്ന ശാപവചനങ്ങളും അനുപമയ്‌ക്കെതിരേ ഉയര്‍ത്തുന്നുണ്ട്. ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ സേവികയായ താങ്കളോട് അപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും രാമനെ(തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍) തങ്ങള്‍ക്ക് വിട്ടു തന്നേപറ്റൂ എന്ന ആജ്ഞയും ചിലര്‍ നടത്തുന്നുണ്ട്.

ജോസഫ് വിജയ്, എഡ്വേര്‍ഡ് രാജ്, കമാലുദ്ദീന്‍, ഷാനി പ്രിജി ജോസഫ്, ഇപ്പോള്‍ അനുപമ ക്ലിന്‍സന്‍ ജോസഫും; സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം തുടരുന്നു

ഇരട്ടത്താപ്പ് കാണിക്കുന്ന കളക്ടറാണ് അനുപമയെന്നാണ് ചിലരുടെ ആക്ഷേപം. തൃശൂരില്‍ തന്നെ നടന്നിരിക്കുന്ന സ്ത്രീപീഡനങ്ങളിലെ പ്രതികളെ പിടിക്കാന്‍ കഴിയാത്ത, അപകടമുണ്ടാക്കുന്ന വണ്ടികളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാന്‍ കഴിയാത്തവര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ മാത്രം പ്രശ്‌നം ഉണ്ടാക്കുന്നതെന്തിനാണെന്നാണ് ഒരു വിമര്‍ശനം.

മൃഗസ്‌നേഹം പറഞ്ഞാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കില്‍ നിങ്ങളാരെങ്കിലും പ്രളയകാലത്ത് രാമനും മറ്റ് ആനകളും എങ്ങനെയാണ് കഴിഞ്ഞിരുന്നതെന്ന് അന്വേഷിച്ചിരുന്നോ എന്നുള്ള ചോദ്യവും അനുമപയ്‌ക്കെതിരേയുണ്ട്. ചിലര്‍ ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ വീണുപോയതാണ് രാമനെന്നും തെളിവുകള്‍ പരിശോധിച്ചാല്‍ മാഡത്തിന് മനസിലാകുമെന്നാണ് വേറെ ചില കമന്റുകള്‍.

തെരഞ്ഞെടുപ്പ് ചട്ടലംഘനം കാണിച്ചു സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയതിനു പിന്നാലെ അനുപമയ്‌ക്കെതിരേ നടന്നത് കടുത്ത വര്‍ഗീയ പ്രചാരണമായിരുന്നു. അനുപമയുടെ ഭര്‍ത്താവ് ക്രിസത്യാനിയാണെന്നും അതിനാല്‍ അനുപമയും മതം മാറി ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നുമൊക്കെയായിരുന്നു പ്രചാരണം. സംഘപരിവാര്‍ ബുദ്ധികേന്ദ്രമെന്നു പറയുന്ന ടി ജി മോഹന്‍ദാസ് ട്വിറ്ററിലൂടെ നടത്തിയ വര്‍ഗീയ പ്രചാരണം തൃശൂര്‍ കളക്ടര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗം കൂടിയാണെന്നും അതുകൊണ്ട് ഹിന്ദുവല്ലാത്ത അനുപമയെ തൃശൂര്‍ കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റണം എന്നുമായിരുന്നു. ഈ ട്വീറ്റ് വളരെ വേഗത്തിലാണ് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ പടര്‍ന്നത്. അനുപമയുടെ മുഴുവന്‍ പേര് അനുപമ ക്ലിന്‍സന്‍ ജോസഫ് എന്നാണെന്നായിരുന്നു സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ത്തിയത്. അനുപമയുടെ ഭര്‍ത്താവ് ക്ലിന്‍സണ്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കിച്ചന്‍ ട്രഷര്‍ കൗറി പൗഡര്‍ എന്നും ഈ സ്ഥാപനത്തിനുവേണ്ടിയാണ് ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ആയിരിക്കെ നിറപറയ്‌ക്കെതിരേ അനുപമ നടപടികള്‍ സ്വീകരിച്ചതെന്നും അതിനാല്‍ കിച്ചന്‍ ട്രഷര്‍ ഉത്പന്നങ്ങള്‍ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നും സംഘപരിവാര്‍ ആഹ്വാനം നടത്തിയിരുന്നു. ‘ക്രിസത്യാനിയും കമ്യൂണിസ്റ്റുമായ’ അനുപമയ്‌ക്കെതിരേ തെരഞ്ഞെടുപ്പ് കാലത്ത് നടന്ന അതേ പ്രതിഷേധങ്ങളാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ പേരിലും തുടരുന്നതെന്നു കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ് നോക്കിയാല്‍ മനസിലാകും.