X

1996-ല്‍ 100 രൂപ കാപ്പിയും ഇന്റര്‍നെറ്റും, ‘എന്തു നല്ല നടക്കാത്ത സ്വപ്നം’ എന്നു പറഞ്ഞവര്‍ ഒടുവില്‍ മൂക്കത്ത് വിരല്‍ വെച്ചു; ഒരു നഗരം കാപ്പി കുടിച്ച് സൊറ പറഞ്ഞ കഥ

കഫേ കോഫി ഡേയിലൂടെയാണ് ഇന്ത്യന്‍ നഗരങ്ങളില്‍ 'കോഫി കഫേ' സംസ്‌കാരം വളര്‍ന്നത്

‘ഒരു കോഫിയിലൂടെ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാം’ (‘a lot can happen over coffe’ )എന്ന് പറഞ്ഞുകൊണ്ടാണ് രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവിലെ ബ്രിഗേഡ് റോഡില്‍ തുറന്നത് . 1996-ല്‍ കോഫി ബിസിനസില്‍ അറിയപ്പെടുന്ന പേരുകാരനായി മാറികൊണ്ടിരുന്ന 36 വയസുകാരനായ വി ജി സിദ്ധാര്‍ത്ഥ ഹെഗ്‌ഡേ പുതിയൊരു കോഫി കഫേ സംസ്‌കാരവുമായി എത്തിയപ്പോള്‍ ഇന്ത്യയിലെ ബിസിനസ് നിരീക്ഷകര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല കഫേ കോഫി ഡേ ലോകത്തിന് പ്രിയപ്പെട്ട രുചിയാകുമെന്ന്. ബ്രിഗേഡ് റോഡിലെ ആ കോഫി കഫേ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് രാജ്യമെമ്പാടും പടര്‍ന്നത്. ഇന്ത്യയില്‍ മാത്രം ഒതുങ്ങാതെ വിദേശത്തേയ്ക്കും തങ്ങളുടെ തനതു രുചിയുമായി കഫേ കോഫി ഡേ എത്തി. ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്റ്റ് ഇവിടെയെല്ലാം കഫേ കോഫീ ഡേ ഷോപ്പുകള്‍ വന്നു.

കഫേ കോഫീ ഡേയുടെ വിജയം കണ്ടാണ് രാജ്യേന്തര കോഫി ബ്രാന്‍ഡുകളായ ബാരിസ്റ്റ (Barista), കോസ്റ്റാ കഫേ (Costa Café), ഗ്ലോറിയ ബീന്‍സ് (Gloria Beasn), സ്റ്റാര്‍ ബക്ക്‌സ് (Starbucsk) തുടങ്ങിയവര്‍ ഇന്ത്യയില്‍ എത്തിയത്. കോഫി കഫേ സംസ്‌കാരം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചതും പടര്‍ന്നതും കഫേ കോഫിയിലൂടെയായിരുന്നു. കഴിഞ്ഞ 23 വര്‍ഷത്തിനിടെ കഫേ കോഫിയുടെ വളര്‍ച്ചയോടൊപ്പം കോഫി കഫേ സംസ്‌കാരവും ഇന്ത്യന്‍ നഗരങ്ങളില്‍ വേര് ഊന്നുകയായിരുന്നു. വെറും കാപ്പി മാത്രമല്ല കഫേ കോഫി ഡേ ഒരുക്കിയിരുന്നത്. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ ഇന്റര്‍നെറ്റ് കഫേകള്‍ ചെറുപ്പക്കാരുടെ ഹരമായി മാറികൊണ്ടിരിക്കുന്നപ്പോള്‍ സിദ്ധാര്‍ത്ഥയുടെ വ്യാപാര ബുദ്ധിയും ഉണര്‍ന്നു.

യാഹൂവും റെഡീഫും ഇ-മെയില്‍ ചാറ്റിംഗുകളില്‍ പുതിയ പരിഷ്‌കാരങ്ങളും ഫീച്ചറുകളും എത്തിച്ചത്തോടെ കഫേ കോഫിഡേ തങ്ങളുടെ പരസ്യത്തില്‍ യുവാക്കളെ വീഴ്ത്തുവാനുള്ള വാചകങ്ങളും കൊണ്ട് എത്തി. നൂറുരൂപയ്ക്ക് കോഫിയോടൊപ്പം ഒരു മണിക്കൂര്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെന്നായിരുന്നു അവര്‍ വച്ച ഓഫര്‍. ബാംഗ്ലൂര്‍ (ഇന്നത്തെ ബംഗുളൂരു) പോലുള്ള നഗരങ്ങളില്‍ മാത്രം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമായിരുന്ന കാലത്താണിത്. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കടകള്‍ക്ക് കഫേ എന്ന പേര് വരുന്നതിനും ഈ കോഫി ഷോപ്പുകള്‍ക്ക് പങ്കുണ്ട്. അതോടെ ബാംഗ്ലൂരില്‍ കഫേ കോഫി ഡേ, ‘ടോപ്പ് കോഫി ഷോപ്പ് ബ്രാന്‍ഡി’ലേക്ക് ഉയരാന്‍ തുടങ്ങി. കോഫിയും ഇന്റര്‍നെറ്റും മാത്രമല്ല അവര്‍ ഒരുക്കിയിരുന്നത്. മികച്ച ഗുണമേന്മയുള്ള പാനീയങ്ങളും ഭക്ഷണങ്ങളും, ആകര്‍ഷകമായ കോഫി കപ്പുകള്‍, ആഡംബരം തോന്നിക്കുന്ന കസേരകളും മേശകളും, ആര്‍ട്ട് വര്‍ക്കുകളും മറ്റും ചേര്‍ന്ന സുന്ദരമായ ചുറ്റുപാടുകള്‍.. അന്നുവരെ ഉണ്ടായിരുന്ന ചായക്കട സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയായിരുന്നു കഫേ കോഫി ഡേ.

ഇതിനെല്ലാം ഉപരി മണിക്കൂറുകളോളം ഒരു കോഫിയുമായി മാത്രം അവിടെ ചിലവഴിക്കാമെന്നതായിരുന്നു ഏവരെയും അവിടെ എത്തിച്ചത്. പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്ന സംഭാഷണങ്ങളും, ഗോസിപ്പുകളും, സൗഹൃദ സന്ദര്‍ശനങ്ങളും, പ്രണയ സല്ലാപങ്ങളും, ബിസിനസ് സംഭാഷണങ്ങളും കണ്ടുമുട്ടലുകളും, ആഘോഷങ്ങള്‍ക്കും, സംവാദങ്ങള്‍ക്കും ഒക്കെ ഒരു ഇടമായി ആളുകള്‍ക്ക് മുന്നില്‍ തുറന്നിട്ടതാണ് കഫേ കോഫി ഡേയുടെ വിജയത്തിലെ ഏറ്റവും പ്രധാന ഒരു കാരണം. ബംഗളൂരുവില്‍ ഇന്ന് ഏതുഭാഗത്തും കഫേ കോഫി ഡേ ഉണ്ട്. അവര്‍ തന്നെ പറയുന്നത് പോലെ എത്ര ട്രാഫിക്ക് ബ്ലോക്കില്‍ കിടന്നാലും ഒരു പ്രശ്‌നവുമില്ലാതെ ‘വോക്കബിള്‍ ഡിസ്റ്റന്‍സ്’ല്‍ (walkable distance) തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ ഉണ്ട് എന്നത് ഏറെക്കുറെ യഥാര്‍ഥ്യമാണ്.

കഫേ കോഫി ഡേയുടെ ചുവട് പിടിച്ച് വിദേശ ബ്രാന്‍ഡുകളും തങ്ങളുടെ ബ്രാഞ്ചുകള്‍ ഇന്ത്യന്‍ നഗരത്തില്‍ തുറന്നു. കൂടുതലും ബംഗളൂരൂവില്‍ തന്നെയായിരുന്നു ഈ ബ്രാഞ്ചുകളുടെ ചുവടുവയ്പ്പുകള്‍. ഇന്റര്‍നെറ്റ് കഫേകള്‍ക്ക് പകരം സൗജന്യമായി വൈഫൈയും ലൈവ് മ്യൂസികും പെര്‍ഫോമന്‍സിനുള്ള അവസരങ്ങളും ഒക്കെ ഒരുക്കിയായിരുന്നു അവര്‍ എത്തിയത്. ബാരിസ്റ്റയുടെ കോഫിഷോപ്പുകളില്‍ ഗിറ്റാറില്‍ ഈണമിട്ട് പാടുന്നവരും ഗ്ലോബല്‍ ട്രീ കഫേയില്‍ കലാകാരന്മാരുടെ സൃഷ്ടികളും ഗ്രാഫ്റ്റികളും പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യങ്ങളും ഒക്കെ എത്തി. ഏറ്റവുമൊടുവില്‍ കോഫി ഷോപ്പിലെ വമ്പനായ സ്‌ററാര്‍ബാക്ക് ഇന്ത്യയില്‍ അവരുടെ ബ്രാഞ്ച് തുറന്നത് ബംഗളൂരുവിലെ കോറമംഗലയിലായിരുന്നു. കഫേ സംസ്‌കാരം വളരുകയാണ്. ബംഗളൂരുവില്‍ കഫേ കോഫി ഡേ തുടങ്ങിവച്ച് കോഫി കഫേ സംസ്‌കാരം പതിയെ മറ്റ് നഗരങ്ങളിലേക്കും അവര്‍ വ്യാപിച്ചത്തോടെ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ബ്രാന്‍ഡായി അവര്‍ മാറി.

ആദ്യം മെട്രോ സിറ്റികളിലേക്കും പിന്നീട് ഇന്ത്യയിലെ പ്രധാന നഗരങ്ങലിലേക്കും വളര്‍ന്ന് കഫേ കോഫി ഡേക്ക് 2019 ജൂലൈയിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ മാത്രം 1849 കോഫീ ഷോപ്പുകളുണ്ട്. 30,000ത്തിലധികം ജീവനക്കാര്‍, വിദേശത്ത് നിരവധി ഔട്ട്ലെറ്റുകള്‍. സ്വന്തമായി 12,000 ഏക്കര്‍ കോഫി പ്ളാന്റേഷന്‍. ചിക്കമംഗളൂരുവിലെ തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി പ്രതിവര്‍ഷം 28,000 ടണ്‍ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നു. 2000 ടണ്‍ ഇന്ത്യയിലും വില്‍ക്കുന്നു. 2019 മാര്‍ച്ചില്‍ 1752 കഫേകള്‍. 2018ല്‍ 1777 കോടി രൂപയുടെ വരുമാനം. 2019 മാര്‍ച്ച് വരെ 1814 കോടി രൂപ. 2020 മാര്‍ച്ചില്‍ ലക്ഷ്യം വച്ചിരുന്നത് 2250 കോടി. 2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കോഫി ഡേയുടെ ലാഭം 128 കോടി രൂപ.

വി ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയും/ വീഡിയോ

കഫേ കോഫിഡേയുടെ വിജയത്തോടെ ഇന്ത്യയുടെ ‘കാപ്പി രാജാവ്’ (King of Coffee) എന്ന് പേരും വി ജി സിദ്ധാര്‍ത്ഥയെ തേടിയെത്തി. കാപ്പി വ്യവസായത്തിലും അനുബന്ധ വ്യവസായങ്ങളിലുമുള്ള സിദ്ധാര്‍ത്ഥയുടെ വിജയത്തിന് 130 വര്‍ഷത്തോളം കാപ്പി കൃഷിയുമായി ബന്ധപ്പെട്ട് പരിചയമുള്ള കുടുംബ പശ്ചാത്തലവുമുണ്ട്. 1983ല്‍ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജ്മെന്റ് ട്രെയിനിയായിട്ടായിരുന്നു സിദ്ധാര്‍ത്ഥ ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് പാരമ്പര്യമായിട്ടുണ്ടായിരുന്ന കാപ്പി വ്യാപാരത്തില്‍ തന്നെ ഒന്ന് ചുവട് മാറ്റി 1992ല്‍ സ്വന്തമായി കോഫി ബിസിനസ് തുടങ്ങി -Amalgamated Bean Company Trading (നിലവില്‍ കോഫീ ഡേ ഗ്ലോബല്‍). കാപ്പി സംഭരണം, സംസ്‌കരണം, കാപ്പി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കോഫി ബീന്‍സ് റോസ്റ്റിംഗ് എല്ലാമടക്കം. കോഫി ബിസിനസില്‍ നേടിയ വിജയമാണ് 1996ല്‍ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.

ദക്ഷിണേന്ത്യയിലെ ഒരു നഗരത്തിലെ ഒരു കാപ്പിക്കടയില്‍ നിന്ന് ഇന്ത്യയിലെ നഗരവാസികളായ ഉപരിമധ്യവര്‍ഗങ്ങളിലേക്ക് ഒരു ‘കാപ്പി സംസ്‌കാരം’ വ്യാപിപ്പിച്ചതില്‍ ഈ ചിക്കമംഗ്ലൂരുകാരന്‍ എന്നും ഓര്‍മ്മിക്കപ്പെടും. ഒടുവില്‍ വിജയം തുടരുമ്പോഴും പരാജയപ്പെട്ടുവെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥയെപ്പറ്റിയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ അവസാനിച്ചാലും ഒരിക്കലും സിദ്ധാര്‍ത്ഥ പകര്‍ന്നു തന്ന കോഫിയുടെ രുചിയും മണവും വിട്ടുപോകില്ല.

Read: കാപ്പിയുടെ മധുരവും കയ്പും: കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ അന്ത്യത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

This post was last modified on July 31, 2019 4:12 pm