X

നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്ന്; കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു കാലാവസ്ഥാ മാറ്റ ദുരന്തമോ?

'വായു' ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിച്ചില്ലെങ്കിലും മണ്‍സൂണിന്റെ ഗതിയെ ഇത് സ്വാധീനിച്ചതായാണ് വിദഗ്ദ്ധരുടെ നിഗമനം.

കാലവര്‍ഷം കാത്ത് കേരളം. മണ്‍സൂണ്‍ നിറഞ്ഞ് പെയ്യേണ്ട ജൂണ്‍ മാസം കഴിയുമ്പോള്‍ കിട്ടേണ്ടതില്‍ പകുതി പോലും മഴ കിട്ടാതെ സംസ്ഥാനം വരള്‍ച്ചയുടെ പിടിയില്‍. വേനല്‍ മഴയുടെ കുറവ് കാര്യമായി ബാധിച്ച കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നതോടെ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും ഏറെക്കുറെ പരിഹരിക്കാനാവുമെന്നതായിരുന്നു കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രതീക്ഷ. എന്നാല്‍ കാര്യമായ മഴ കേരളത്തിലെവിടെയും ലഭിച്ചില്ല. ഇക്കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ 41 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട അഞ്ച് ജൂണ്‍ മാസങ്ങളിലൊന്നാണെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ മാസം ആദ്യ ആഴ്ചയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ മണ്‍സൂണ്‍ കേരളത്തില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ സ്ഥിതി മറിച്ചായാല്‍ മുമ്പുണ്ടായിട്ടില്ലാത്ത വിധം വരള്‍ച്ചയിലേക്ക് കേരളം കൂപ്പുകുത്തുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്നു.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ 41 ശതമാനം മഴയുടെ കുറവാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരാശരി മഴയുടെ അളവ് കണക്കാക്കുമ്പോള്‍ 35 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവചനങ്ങള്‍ ശരി വച്ച് ജൂണ്‍ ആദ്യ ആഴ്ചയില്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തിയെങ്കിലും മിതമായ അളവില്‍ മാത്രമാണ് മഴ ലഭിച്ചത്. ‘വായു’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിച്ചില്ലെങ്കിലും മണ്‍സൂണിന്റെ ഗതിയെ ഇത് സ്വാധീനിച്ചതായാണ് വിദഗ്ദ്ധരുടെ നിഗമനം. ‘വായു’ മഴയ്ക്കുള്ള അനുകൂല സാഹചര്യങ്ങളെ ഇല്ലാതാക്കി. എന്നാല്‍ അടുത്ത ആഴ്ചയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതോടെ മഴ പെയ്യാനുള്ള സാഹചര്യങ്ങള്‍ എല്ലാം ഒത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.

സംസ്ഥാന കാലാവസ്ഥാ വകുപ്പിന്റെ കണക്കില്‍ ജൂണ്‍ 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ കാലവര്‍ഷത്തില്‍ അമ്പത് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് ഇതില്‍ ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തില്‍ സാധാരണ ഗതിയില്‍ 390 മുതല്‍ 400 മില്ലി ലിറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 236.3 മില്ലി ലിറ്റര്‍ മഴ മാത്രമാണ് ഇതേവരെ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ മഴ ലഭിച്ചത്. കാസര്‍കോഡ് ജില്ലയിലാണ് ഏറ്റവും കുറവ്.

കേരളം 2015-2016 കാലയളവില്‍ നേരിട്ടതിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ അഭിപ്രായം. എല്‍നിനോ പ്രതിഭാസം ശക്തമായ രീതിയില്‍ പ്രതിഫലിച്ച 2015-16 കാലഘട്ടത്തില്‍ മണ്‍സൂണ്‍ വളരെ ദുര്‍ബലമായിരുന്നു. പസഫിക് സമുദ്രത്തിലെ ചൂട് അസാധാരണമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് എല്‍നിനോ. ഈ വര്‍ഷം രാജ്യത്ത് എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനം ശക്തമായിരിക്കുമെന്ന് മുമ്പ് തന്നെ കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയിലൊട്ടാകെ ശരാശരി മഴയില്‍ വന്നിട്ടുള്ള ഇടിവ് ഇതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്ത് ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ടുന്ന ശരാശരി മഴയില്‍ 35 ശതമാനത്തിലധികം കുറവുണ്ടായി. സാധാരണ രാജ്യത്ത് ഇക്കാലയളവില്‍ 157.1 മില്ലിമീറ്റര്‍ മഴ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ 97.9മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 1920, 1923, 1926, 2009, 2014 വര്‍ഷങ്ങളിലാണ് രാജ്യത്ത് ജൂണ്‍ മാസത്തില്‍ ഇത്രയും കുറവ് മഴ ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 23ശതമാനം അധിക മഴ ലഭിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാധാരണ രീതിയിലും ഓഗസ്റ്റില്‍ പ്രളയത്തിന് കാരണമായ അതിതീവ്ര മഴയും ഉണ്ടായി. എന്നാല്‍ സെപ്തംബര്‍ മുതലുള്ള മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന മഴ ലഭിച്ചില്ല. തുലാവര്‍ഷ ലഭ്യതയില്‍ മുപ്പത് ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തപ്പെട്ടു. ഇതോടെ ഭൂഗര്‍ഭ ജലത്തിന്റെ അളവിലും കാര്യമായ കുറവുണ്ടായി. പിന്നീട് മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ലഭിക്കേണ്ടുന്ന വേനല്‍ മഴയിലും 35 ശതമാനത്തിന്റെ കുറവുണ്ടായി. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകള്‍ പേരിന് പോലും മഴ ലഭിച്ചില്ല. ഈ സ്ഥലങ്ങളില്‍ ചൂടേറുകയും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായി. മണ്‍സൂണിന് മുമ്പുള്ള കാലയളവില്‍ സാധാരണ നിലയില്‍ കേരളത്തില്‍ 59.6മില്ലി മീറ്റര്‍ മഴ ലഭിക്കാറുണ്ടായിരുന്നയിടത്ത് ഇത്തവണ 43.3 മില്ലി മീറ്റര്‍ മഴ മാത്രമേ ലഭിച്ചുള്ളൂ. മഴയിലുണ്ടായ ഗണ്യമായ കുറവ് വന്നതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കുടിവെള്ള ക്ഷാമം ശക്തമായിരിക്കുകയാണ്. പ്രളയാനന്തരമുണ്ടായ വരള്‍ച്ചയ്ക്ക് ആശ്വാസമായിട്ടുമില്ല. ഭൂഗര്‍ഭ ജലവിതാനത്തില്‍ കാര്യായ പുരോഗതിയുണ്ടായിട്ടില്ല എന്നതിനാല്‍ മഴ ഇനിയും വൈകുകയോ മഴ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ ചെന്നൈയ്ക്ക് സമാനമായ സാഹചര്യം കേരളത്തില്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പാണ് ഭൗമശാസ്ത്രജ്ഞര്‍ നല്‍കുന്നത്.

മണ്‍സൂണ്‍ പാറ്റേണ്‍ മാറുന്നു?

ഈ സംശയമാണ് പല കാലാവസ്ഥാ വിദഗ്ദ്ധരും ഗവേഷകരും മുന്നോട്ട് വക്കുന്നത്. 2000 മുതല്‍ പല വര്‍ഷങ്ങളിലും ജൂണ്‍ മാസത്തിലെ മഴ ലഭ്യത കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വാദം. 1979 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളില്‍ മൂന്ന് പ്രാവശ്യം മാത്രമാണ് ജൂണിലെ മഴ ലഭ്യതയില്‍ കാര്യമായ കുറവുണ്ടായത്. 1984,1989,1996 വര്‍ഷങ്ങളിലായിരുന്നു ഇത്. എന്നാല്‍ 2000ത്തിന് ശേഷം 2019ലെ അടക്കം ഏഴ് തവണയാണ് ജൂണ്‍ മാസത്തില്‍ മഴ കുറവുണ്ടായത്. 2003, 2007, 2009, 2010, 2013, 2015, 2019 വര്‍ഷങ്ങളില്‍ ജൂണ്‍ മാസത്തില്‍ ലഭിക്കേണ്ടുന്ന മഴയുടെ അളവില്‍ വലിയ കുറവുണ്ടായതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിലെ ശാസ്ത്രജ്ഞന്‍ അഭിലാഷ് പറയുന്നു. ഇത് മണ്‍സൂണ്‍ പാറ്റേണിലെ വ്യത്യാസത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തില്‍ ലഭിച്ചിരുന്ന കാലവര്‍ഷം ജൂണ്‍ മാസത്തില്‍ നിന്ന് മാറി വരും മാസങ്ങളില്‍ ശക്തമാവുന്നതിന്റെ സൂചനകളാണിതെന്നും ഇവര്‍ പറയുന്നു. ‘എല്‍നിനോ പ്രതിഭാസമുണ്ടാവുന്ന കാലങ്ങളില്‍ ഇന്ത്യയില്‍ മഴ കുറയുന്നതാണ് കഴിഞ്ഞ കാലങ്ങളിലെ നമ്മുടെ അനുഭവം. ഇത്തവണയും അതിന്റെ സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല. എന്നാല്‍ മണ്‍സൂണ്‍ കാലയളവില്‍ വന്നിട്ടുള്ള മാറ്റം, പാറ്റേണ്‍ മാറ്റത്തിനുള്ള സാധ്യതകളും കാണാതിരിക്കാനാവില്ല. ജൂണ്‍ മാസത്തില്‍ മഴ കുറവും തുടര്‍ന്നുള്ള മാസങ്ങളില്‍ മഴ ശക്തമാവുകയും ചെയ്യുന്ന പ്രവണത ഇപ്പോള്‍ പല വര്‍ഷങ്ങളിലായി കണ്ടുവരുന്നു.’

നയമില്ലാതെ സര്‍ക്കാരുകള്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മഴയുടെ അളവ് കുറയുമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരമാമര്‍ശിക്കുമ്പോള്‍ പോലും കാലാവസ്ഥാ വ്യതിയാനത്തെ തടുക്കുവാന്‍ വേണ്ട നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പരിസ്ഥിതി ധവള പത്രമിറക്കിയെങ്കിലും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമുണ്ടാക്കുന്ന അനന്തരഫലങ്ങളെ തടുക്കുവാനുതകുന്ന പദ്ധതികള്‍ തയ്യാറാക്കുന്നതിനോ നയ രൂപീകരണത്തിനോ സംസ്ഥാന സര്‍ക്കാരും വിമുഖത കാട്ടുന്നു. ഓഖിയും പ്രളയവും അടക്കം ഇതേവരെ നേരിടാത്ത പ്രകൃതി ദുരന്തങ്ങള്‍ കേരളത്തിലേക്കുമെത്തുമ്പോഴും നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിക്കുന്നു. ദുരന്തനിവാരണ വിഭാഗം വഴിയുള്ള അലേര്‍ട്ടുകള്‍ ശക്തമാക്കുമ്പോഴും ദുരന്തലഘൂകരണത്തിനായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷിക്കരിക്കുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകനായ എസ് പി രവി പറയുന്നു ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രെറ്റ ട്യുബേരി എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി തുടങ്ങിയ സമരം പിന്നീട് ലോകമെമ്പാടുമുള്ള വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുന്നതരം അഭിമാനകരമായ മുന്നേറ്റങ്ങളാണ് ലോകത്ത് നടക്കുന്നത്. എന്നാല്‍ ഇവിടെ, വലിയ ദുരന്തങ്ങള്‍ ഉണ്ടായിട്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും കാലാവസ്ഥാ വ്യതിയാനം ഒരു ചര്‍ച്ച പോലും ആയി വരുന്നില്ല. അതിനായി പദ്ധതികളുണ്ടാവുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാനുള്ള നയം രൂപീകരിക്കുന്നില്ല. പ്രളയവും വരള്‍ച്ചയും ചുഴലിക്കാറ്റുകളുമെല്ലാം ഉണ്ടായ സാഹചര്യത്തിലും അത്തരമൊരു ചര്‍ച്ച പോലും ഉയര്‍ന്ന് വരുന്നില്ലെങ്കില്‍ പിന്നെ ഇനി എന്നാണ്?’

ഓഖിയും അതിതീവ്ര മഴയും തുടര്‍ന്നുണ്ടായ പ്രളയവും എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളായാണ് ഭൗമശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ചുഴലിക്കാറ്റുകള്‍ ബാധിക്കാത്ത കേരളത്തിന് ഓഖി ആദ്യ അനുഭവമായിരുന്നെങ്കില്‍ തുടര്‍ന്നും സൈക്ലോണുകള്‍ കേരളത്തിലേക്കെത്താനുള്ള സാധ്യതകളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ‘ഗജ’യും ‘വായു’വും കേരളത്തെ ബാധിച്ചേക്കുമെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും തലനാരിഴക്ക്് കേരളം അവയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. അതിശക്തമായ മഴയും അതിശൈത്യവും കനത്ത ചൂടും വരള്‍ച്ചുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെമ്പാടും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഏത് കാലാവസ്ഥും അതിന്റെ തീവ്രതയില്‍ എത്തുക എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായി കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലും കുറച്ചു വര്‍ഷങ്ങളായി അതിന്റെ പ്രതിഫലനങ്ങളാണ് കണ്ടുവരുന്നതെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു.

രാജ്യത്തെ 91 സുപ്രധാന ജലസംഭരണികളിലെ ജജലനിരപ്പ് 16 ശതമാനം മാത്രമാണെന്ന് കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ടും പുറത്തുവന്നു. സാധാരണ ഈ സമയത്ത് ഉണ്ടാകുന്ന ജലനിരപ്പിന്റെ പകുതി ജലം മാത്രമാണ് സംഭരണികളിലുള്ളത്. ദക്ഷിണേന്ത്യയിലെ ജലസംഭരണികളിലും 10 ശതമാനം മാത്രം ജലമുള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം 44 ശതമാനം വെള്ളമുണ്ടായിരുന്നു. കേരളത്തിലെ ജലസംഭരണികളിലെ നിലവിലെ സ്ഥിതിയും ആശാവഹമല്ല എന്ന മുന്നറിയിപ്പാണ് കെഎസ്ഇബി നല്‍കുന്നത്. മണ്‍സൂണ്‍ എത്താന്‍ ഇനിയും വൈകിയാല്‍ കേരളത്തിലെ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാവുമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന അളവില്‍ നിന്ന് 44അടി വെള്ളം കുറഞ്ഞതായാണ് കണക്ക്. പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുമെന്ന മുന്നറിയിപ്പാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ നല്‍കുന്നത്.

Read More: ഇനി ‘മൂന്നാംലിംഗ’വും ‘ഭിന്നലിംഗ’വും ഇല്ല; ട്രാൻസ്ജെൻഡർ എന്ന പദം ഉപയോഗിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ്

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:

This post was last modified on June 30, 2019 1:33 pm