X

പടിയിറങ്ങിയത് നന്മയാണ്, പക്ഷേ കൊച്ചി മെട്രോയുടെ ചരിത്രത്തില്‍ ഏലിയാസ് ജോര്‍ജ് ഉണ്ടാവുമോ?

ക്യാമറകളുടെ വെള്ളി വെളിച്ചത്തില്‍, പടം പിടിക്കാനുള്ള ഉന്തിലും തള്ളിലും പെടാതെ എന്നും മാറി നിന്നിട്ടുള്ള, ശിലാഫലകങ്ങളില്‍ പേര് വേണ്ടെന്ന് ഉറപ്പോടെ പറഞ്ഞിട്ടുള്ള ആളാണ് ഏലിയാസ് ജോര്‍ജ്‌

ചരിത്രം ഇനി അടയാളപ്പെടുന്നത് ചിത്രങ്ങളിലൂടെയോ കൊത്തിവച്ച പേരുകളിലൂടെയോ ആണെങ്കില്‍ കൊച്ചി മെട്രോയുടെ ചരിത്രത്തില്‍ ഏലിയാസ് ജോര്‍ജ് ഉണ്ടാവുമോ എന്ന് എനിക്കറിയില്ല. കാരണം, ക്യാമറകളുടെ വെള്ളി വെളിച്ചത്തില്‍, പടം പിടിക്കാനുള്ള ഉന്തിലും തള്ളിലും പെടാതെ എന്നും മാറി നിന്നിട്ടുള്ള ആളാണ്, ശിലാഫലകങ്ങളില്‍ പേര് വേണ്ടെന്ന് ഉറപ്പോടെ പറഞ്ഞിട്ടുള്ള ആളാണ്, അതുകൊണ്ടുതന്നെ ചില സുമനസ്സുകളുടെ ഓര്‍മകള്‍ക്കപ്പുറം, എഴുതപ്പെട്ട ചരിത്ര കഥകളില്‍ നിന്ന് മറഞ്ഞു പോകാന്‍ എളുപ്പമാണ്; അത് പാടില്ല എന്നത് കൊണ്ടാണ് ഈ കുറിപ്പ്.

വലിയ വിഗ്രഹങ്ങള്‍ക്കാണ് എപ്പോഴും വാര്‍ത്ത പ്രാധാന്യം. എഴുതുന്നവര്‍ക്കുകൂടി credibility പകര്‍ന്നു കൊടുക്കും എന്നത് കൊണ്ട് ചിലര്‍ക്ക് എന്നും വാര്‍ത്തകളില്‍ മുന്‍ഗണയുണ്ട്. ത്രാസില്‍ തൂക്കം കൂടിയ ഭാഗത്ത് നില്‍ക്കാനാണ് പൊതുവില്‍ എല്ലാവര്‍ക്കും ഇഷ്ടം… അതുകൊണ്ടുതന്നെ ആത്മാര്‍ത്ഥമായ, സത്യസന്ധമായ ചില ശ്രമങ്ങള്‍, കാല്‍വയ്പുകള്‍, സംഭാവനകള്‍ അത് മറഞ്ഞു പോകുന്നു…

ഇന്ന് ഇന്ത്യയിലെ മെട്രോകളില്‍ technically & aesthetically ഏറ്റവും മികച്ച മെട്രോ ആണ് കൊച്ചിയിലേത്.

2012 ഓഗസ്റ്റില്‍ ഏലിയാസ് ജോര്‍ജ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ എംഡി ആയി കടന്നു വരുമ്പോള്‍ ഡല്‍ഹി മെട്രോയുടെ ആദ്യ ഘട്ടത്തിന്റെ അതെ ടെക്‌നോളജി പിന്തുടരുന്ന (15 വര്‍ഷം പഴക്കമുള്ള ടെക്‌നോളജി ) ഒരു Engineering DPR മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. Technically modern ആയ ഏറ്റവും പുതിയ ഒരു മെട്രോ ആണ് ഇവിടെ വരേണ്ടത് എന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനൊടുവിലാണ് മെട്രോ ബോര്‍ഡ് ഒരു സബ് കമ്മിറ്റി രൂപീകരിച്ച് recommendations നടത്തിയത്. തുടര്‍ന്നാണ് തേര്‍ഡ് റെയിലും CBTC യും അടക്കമുള്ള technological advancement കൊച്ചി മെട്രോയില്‍ വന്നത്. അതിനു വേണ്ടി വന്ന യുദ്ധങ്ങളുടെ കഥ വേറെ..!!!

കൊച്ചി മെട്രോയെ മറ്റു മെട്രോകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന, ഒരുപാട് പ്രശംസകള്‍ക്കു പ്രാപ്തമാക്കിയ എല്ലാ പ്രത്യേകതകളും പുതുമകളും ഏലിയാസ് ജോര്‍ജ്ജിന്റെ സംഭാവനകള്‍ ആണ്.

നന്ദി….

സാധാരണ ഒരു മെട്രോകളും ട്രെയിനിന്റെ technical അല്ലാത്ത specification നുകളെ പറ്റി ആലോചിക്കാന്‍ പോലും മെനക്കെടാത്തപ്പോള്‍, യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും aesthetics നും തനിമയ്ക്കും പ്രാധാന്യം നല്‍കുന്ന ട്രെയിനുകള്‍ കൊച്ചിക്ക് തന്നതിന്,

കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും സാഹിത്യവും പാരിസ്ഥിതിക സവിശേഷതകളും ഉള്‍ക്കൊള്ളിച്ച മനോഹരമായ സ്‌റ്റേഷനുകള്‍ സമ്മാനിച്ചതിന്…

സാധാരണ ഗതിയില്‍ രണ്ടും മൂന്നും ഇരട്ടി ചെലവ് വരുത്തുന്ന പദ്ധതിയില്‍ ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷനില്‍ നടത്തിയ വിപ്ലവകരമായ innovation നിലൂടെയും കോച്ചുകളുടെ റീടെന്‍ഡറിലൂടെയും ഏതാണ്ട് 600 കോടിയോളം രൂപ ലാഭിച്ചതിന്… (ഈ റീടെണ്ടറിന്റെ സമയത്ത് KMRL ന്റെ ഹിഡന്‍ അജണ്ടകളെപ്പറ്റി ഘോരഘോരം എഴുതിയ ചില മാധ്യമങ്ങള്‍ ഈ ലാഭത്തിന്റെ ക്രെഡിറ്റ് വേറെ പലര്‍ക്കും കൊടുക്കുന്നത് കാണാനും ഭാഗ്യമുണ്ടായി !!!)

കുടുംബശ്രീയെയും t ransgender വിഭാഗത്തെയും ഒപ്പം കൂട്ടി അടിസ്ഥാന സൗകര്യ വികസനത്തിന് ലോകശ്രദ്ധയാകര്‍ഷിച്ച മാനുഷിക മുഖം നല്‍കിയതിന്…

ഭാവിയില്‍ കൊച്ചിയുടെ മുഖമുദ്രയാവാന്‍ കെല്‍പ്പുള്ള വാട്ടര്‍മെട്രോ പ്രോജക്ടിന് രൂപം നല്‍കിയതിന്…

അദ്ദേഹത്തെ ഏല്‍പ്പിച്ച കൊച്ചി മെട്രോ എന്ന പ്രോജെക്റ്റിനപ്പുറം കൊച്ചിക്ക് ഒരു സമഗ്ര ഗതാഗത സംവിധാനം ഉണ്ടാക്കാനുള്ള പദ്ധതിയും പരിപാടിയും ആസൂത്രണം ചെയ്തതിന് , അഞ്ചു വര്‍ഷത്തിന് ശേഷമുള്ള ഒരു കൊച്ചിയെ വിഭാവനം ചെയ്യാനും അതിനുള്ള അടിസ്ഥാന ശിലപാകാനും കഴിഞ്ഞതിന്…

കൊച്ചിയുടെ public-space സങ്കല്‍പ്പങ്ങളെ നവീകരിച്ചതിന്, മനോഹരമാക്കിയതിന്, കൊച്ചിക്ക് ഒരു പുതിയ നഗര സംസ്‌കാരം കാണിച്ചു കൊടുത്തതിന്…

എല്ലാത്തിനുമപ്പുറം KMRL എന്ന സ്ഥാപനത്തിന്…

എല്ലാ നല്ല കാര്യങ്ങളും KMRL ലെ യുവ മനസ്സുകളില്‍ നിന്ന് വന്നതാണെന്ന് സര്‍ എന്നും പറയും; കുറച്ച് അതിശയോക്തി അതില്‍ ഉണ്ടെങ്കിലും ഒന്ന് പറയാതെ വയ്യ. Designations ന് അപ്പുറം ഞങ്ങള്‍ ഓരോരുത്തരെയും കാണാനും വിശ്വസിക്കാനും ഞങ്ങളുടെ മേലധികാരിക്ക് കഴിഞ്ഞു എന്നതുകൊണ്ടാണ് പലതും ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്…

സര്‍, സാറിന്റെ ആഗ്രഹം പോലെ KMRL ഇനിയുമിനിയും ഉയരങ്ങള്‍ കീഴടക്കും എന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു… ഒരുപാട് പ്രതിഭാശാലികള്‍ ആ കസേരയില്‍ ഇനിയും ഇരിക്കുമായിരിക്കുമെന്നും… പക്ഷെ, അധികാരസ്ഥാനങ്ങളെക്കാള്‍ മനുഷ്യത്വത്തിന് വില കല്‍പ്പിച്ച, മുന്നില്‍ നിന്ന് നയിക്കുന്നവനല്ല കൂടെയുള്ളവരെ ഒപ്പം നടക്കാന്‍ പ്രാപ്തനാക്കുന്നവനാണ് ശരിക്കും നായകന്‍ എന്ന് എന്നും ഓര്‍മിപ്പിച്ച സുഹൃത്തും വഴികാട്ടിയുമായ ഏലിയാസ് ജോര്‍ജ് എന്നും ഞങ്ങളുടെ അഭിമാനമാണ്.. സ്വകാര്യ അഹങ്കാരമാണ് ….

പടിയിറങ്ങിപ്പോയത് നന്മയാണ്…!!!

(കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നു വിരമിച്ച ഏലിയാസ് ജോര്‍ജ് ഐഎഎസ്സിനെ കുറിച്ച്  രശ്മി സി ആര്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്)

രശ്മി സി ആര്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) പി ആര്‍ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്നു

More Posts

This post was last modified on November 2, 2017 3:48 pm