X

എന്തുകൊണ്ടാണ് ബബിയ ‘മരിച്ചു’ എന്ന വാര്‍ത്ത കാസര്‍ഗോട്ടെ കുമ്പളക്കാരെ അത്രമേല്‍ പ്രകോപിപ്പിച്ചത്? ആരാണവള്‍?

എഴുപതു വയസ്സോളം പ്രായമുള്ള ബബിയയെ കൗതുകത്തോടെയും തെല്ലു ബഹുമാനത്തോടെയും മാത്രം നോക്കിക്കാണുന്നവരാണ് ഇവിടെയുള്ളത്

കാസര്‍കോട്ടെ അനന്തപുര ക്ഷേത്രത്തില്‍ മറ്റെങ്ങുമില്ലാത്ത ചില പതിവുകളുണ്ട്. പൂജ കഴിഞ്ഞാല്‍ നേദിച്ച ചോറുമായി പൂജാരി നേരെയെത്തുക അടുത്തുള്ള തടാകത്തിലേക്കാണ്. പേരു വിളിച്ചാല്‍ തിരിച്ചറിഞ്ഞ് എത്തുമെന്ന് പറയപ്പെടുന്ന ബബിയയ്ക്കുള്ളതാണ് ആ ചോറ്. ബബിയയെ കാണാനായി മാത്രം ധാരാളം പേര്‍ ദിവസേന ഇവിടെയെത്തുന്നു. എഴുപതു വയസ്സോളം പ്രായമുള്ള ബബിയയെ കൗതുകത്തോടെയും തെല്ലു ബഹുമാനത്തോടെയും മാത്രം നോക്കിക്കാണുന്നവരാണ് ഇവിടെയുള്ളത്. തടാകത്തിലെ താമസക്കാരിയായ മുതലയാണ് ബബിയ.

ക്ഷേത്രത്തിലെ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും ഭാഗമെന്ന നിലയ്ക്കും, പ്രദേശത്ത് പ്രചാരത്തിലുള്ള പല കഥകളിലേയും നായികയെന്ന നിലയ്ക്കും ബബിയയ്ക്ക് വലിയ പ്രാധാന്യമാണ് ഇവിടത്തുകാര്‍ നല്‍കിയിട്ടുള്ളത്. മുതലയുടെ കാവലിലുള്ള കേരളത്തിലെ ഏക ക്ഷേത്രമെന്ന ഖ്യാതിയുള്ളതിനാല്‍ ഇടയ്ക്കിടെ വാര്‍ത്തകളിലെത്താറുള്ള ബബിയ കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയായത് മറ്റൊരു തരത്തിലാണെന്നു മാത്രം. 1947 മുതല്‍ തടാകത്തിലുള്ള ബബിയ മരിച്ചുപോയിരിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രായം ചെന്ന ഒരു മുതല ചത്തുപോയി എന്ന വാര്‍ത്ത പക്ഷേ, അനന്തപുരയിലെ വിശ്വാസികള്‍ വലിയ വിഷയമായാണെടുത്തത്.

വിശ്വാസത്തിന്റെ തന്നെ ഭാഗമായ ബബിയയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടവര്‍ക്കെതിരെ പൊലീസിനെ സമീപിക്കുക വരെ ചെയ്തു ഇവിടത്തുകാര്‍. എന്നാല്‍, പിന്നീട് നടന്ന അന്വേഷണത്തില്‍, വാര്‍ത്ത മനഃപൂര്‍വ്വം പ്രചരിപ്പിക്കപ്പെട്ടതല്ലെന്നും ആരുടെയോ തെറ്റിദ്ധാരണയെത്തുടര്‍ന്ന് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തെളിഞ്ഞിരുന്നു. ഛത്തീസ്ഗഡിലെ ഒരു ക്ഷേത്രത്തിലുള്ള മുതല ചത്തുപോയി എന്ന വാര്‍ത്ത അനന്തപുരയില്‍ നിന്നുമുള്ളതായി തെറ്റിദ്ധരിക്കപ്പെടുകയും, സത്യമറിയാതെ വിശ്വാസികള്‍ തന്നെ പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് കുമ്പള പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബബിയ ജീവനോടെയുണ്ടെന്നും, വാര്‍ത്ത പ്രചരിപ്പിച്ചവര്‍ സത്യം മനസ്സിലാക്കി മാപ്പു പറഞ്ഞിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികള്‍ തന്നെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

ഒരു പ്രദേശം മുഴുവന്‍ ഇത്രയേറെ പ്രാധാന്യം നല്‍കുന്ന ബബിയയെക്കുറിച്ച് അന്വേഷിച്ചാല്‍ മിത്തുകളും ഐതിഹ്യങ്ങളും നിറഞ്ഞ പല കഥകളും കുമ്പളയിലുള്ളവര്‍ക്ക് പറയാനുണ്ടാകും. ഗജേന്ദ്രമോക്ഷം എന്ന പുരാണകഥയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രാമചന്ദ്ര ഭട്ടിനും മഹാലിംഗ ഭട്ടിനും ബബിയയെക്കുറിച്ച് പങ്കുവയ്ക്കാനുള്ളത്. ക്ഷേത്രഭൂമി മുതലയുടെ സംരക്ഷണത്തിലാണെന്നതാണ് അതിലൊന്ന്. നേരത്തേ തടാകത്തിലുണ്ടായിരുന്ന മുതലയുടെ പേരും ബബിയ എന്നു തന്നെയായിരുന്നു. 1947ല്‍ ബ്രിട്ടീഷുകാര്‍ ആദ്യത്തെ ബബിയയെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. എല്ലാക്കാലത്തും ഒരു മുതല തടാകത്തിലുണ്ടാകും എന്ന വിശ്വാസത്തെ ബലപ്പെടുത്തിക്കൊണ്ട് അതിനു ശേഷം താനേ പ്രത്യക്ഷപ്പെട്ട മുതലക്കുഞ്ഞാണ് ഇന്നുള്ള ബബിയ എന്ന് മഹാലിംഗ ഭട്ട് പറയുന്നു. ഇക്കാലത്തിനിടെ ഒരിക്കല്‍പ്പോലും ആരേയും ഉപദ്രവിച്ചിട്ടില്ലാത്ത ബബിയ എങ്ങിനെ തടാകത്തിലെത്തിപ്പെട്ടു എന്നതിനെക്കുറിച്ച് ആര്‍ക്കും അറിവില്ല.

ആദ്യകാലം മുതല്‍ക്കു തന്നെ ക്ഷേത്രത്തില്‍ നിന്നുള്ള സസ്യാഹാരം മാത്രമാണ് ജീവനക്കാര്‍ ബബിയയ്ക്കു നല്‍കുന്നത്. ബബിയാ എന്നു വിളിക്കുമ്പോള്‍ വെള്ളത്തിനു മേലെ പൊങ്ങിവരുന്ന ബബിയ മനുഷ്യനോട് നല്ല ഇണക്കമുള്ള കൂട്ടത്തിലാണെന്ന് രാമചന്ദ്രഭട്ട് പറയുന്നു. ‘കുളത്തിലിറങ്ങി എത്രയോ ആളുകള്‍ കുളിക്കാറുണ്ട്. ഇതുവരെ ബബിയ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടുണ്ടായിട്ടില്ല. ഒരിക്കല്‍ ഒരു ചെറിയ കുട്ടി കാലു തെറ്റി ബബിയയ്ക്കു മുന്നില്‍ വീണു പോയിട്ടുവരെയുണ്ട്. മറ്റു മുതലകളെപ്പോലെയല്ല ബബിയ. ആ കുട്ടിക്കും ഒരു ഉപദ്രവവുമുണ്ടായില്ല.’ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായുള്ള ബന്ധവും, അവിടംവരെ എത്തുന്ന തുരങ്കത്തെക്കുറിച്ചുള്ള കഥകളുമടക്കം അനവധി ഐതിഹ്യങ്ങള്‍ അനന്തപുര ക്ഷേത്രത്തിന്റേതായുണ്ടെങ്കിലും, ബബിയയാണ് എല്ലാ തരത്തിലും ഇവിടത്തെ താരം.

കുമ്പളയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറിയാണ് അനന്തപുര ക്ഷേത്രമുള്ളത്. ബബിയയുടെ കാലശേഷം മറ്റൊരു മുതല പ്രത്യക്ഷപ്പെടും എന്നു തന്നെയാണ് ഇവിടെയുള്ളവരുടെ വിശ്വാസം. എന്നാല്‍, ഇത്രയേറെ കൗതുകമുണര്‍ത്തുന്ന, ദൈനം ദിന ജീവിതത്തിന്റെ തന്നെ ഭാഗമായ ബബിയയോട് അത്രയേറെ പ്രിയമാണ് ഇവിടത്തുകാര്‍ക്ക്. അതുകൊണ്ടു തന്നെയാണ് മറ്റെങ്ങുമില്ലാത്തവിധം മുതലയെക്കുറിച്ചുള്ള വ്യാജവാര്‍ത്തയ്ക്കു പോലും കേസുമായി മുന്നോട്ടുപോകാന്‍ അനന്തപുരയിലുള്ളവര്‍ തീരുമാനിച്ചതും.

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:

This post was last modified on January 28, 2019 1:03 pm