X

ഫീസ് 2.5 ലക്ഷത്തില്‍ നിന്നും 4.85 ലക്ഷമായി; പരിയാരം മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിൽ

മെറിറ്റ് സീറ്റിലെയും മാനേജ്‌മെന്റ് സീറ്റിലെയും മെഡിസിൻ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ഏകീകൃത ഫീസ് ഏർപ്പെടുത്തിയത് വഴിയാണ് ഉയർന്ന റാങ്കോടെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ വെട്ടിലായത്

പരിയാരം മെഡിക്കൽ കോളേജിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിൽ. മെറിറ്റ് സീറ്റിലെയും മാനേജ്‌മെന്റ് സീറ്റിലെയും മെഡിസിൻ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി ഏകീകൃത ഫീസ് ഏർപ്പെടുത്തിയത് വഴിയാണ് ഉയർന്ന റാങ്കോടെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ വെട്ടിലായത്. ഹൈക്കോടതി ഉത്തരവിലെ ഫീസ് വ്യവസ്ഥ പ്രകാരം മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ഉയർന്ന ഫീസ് നൽകേണ്ടി വരുകയും മാനേജ്‌മെന്റ് സീറ്റിൽ പ്രവേശനം നേടിയവർക്ക് ഫീസ് ഇളവ് ലഭിക്കുകയുമാണ് ചെയ്യുന്നത്. 2.5 ലക്ഷമെന്ന നിലവിലെ പ്രതിവർഷ മെറിറ്റ് ഫീസിൽ നിന്നുമാണ് മുന്നറിയിപ്പില്ലാതെ വന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം 4.85 ലക്ഷമെന്ന ഉയർന്ന ഫീസിലേക്ക് മാറിയത്. മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച ഭൂരിഭാഗം വിദ്യാർത്ഥികളും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ ഇത്രയും ഉയർന്ന തുക ഫീസായി നൽകാൻ പ്രയാസമുള്ളവരാണ്. മാത്രമല്ല, പതിനഞ്ചു ദിവസത്തിനകം നിർബന്ധമായും ഫീസടയ്ക്കണമെന്നും, അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും ഹോസ്പിറ്റൽ മാനേജ്‌മെന്റ് പറയുന്നതായും വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഒപ്പം, പത്തു ലക്ഷമെന്ന മാനേജ്‌മെന്റ് വിഭാഗത്തിലെ പ്രതിവർഷ ഫീസ് ചുരുക്കി അഞ്ചു ലക്ഷമാക്കുന്നതു വഴി മെറിറ്റ് – മാനേജ്‌മെന്റ് സീറ്റുകളുടെ ഫീസ് സമാനമാകുന്നതിലെ യുക്തിരാഹിത്യവും വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നു.

പ്രസ്തുത മെഡിക്കൽ കോളേജിൽ 2017 ബാച്ചിലെ 100 വിദ്യാർത്ഥികളിൽ 50% പേർ മെറിറ്റ് സീറ്റിലും 50% മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം നേടിയവരാണ്. മെറിറ്റ് വിഭാഗത്തിൽ പ്രവേശനം ലഭിച്ച 50 പേരിൽ 10 പേർ സംവരണം വഴി യോഗ്യത നേടിയവരും, 40 പേർ മെറിറ്റ് സീറ്റിൽ പ്രവേശനം കിട്ടിയവരുമാണ്. എന്നാൽ, ബാക്കി പകുതിയിൽ 35 പേർ മാനേജ്‌മെന്റ് സീറ്റ് വഴിയും 15 പേർ എൻആർഐ സീറ്റ് വഴിയുമാണ് മെഡിസിൻ പഠനത്തിന് യോഗ്യത നേടിയത്. ഇതിൽ റിസർവേഷനർഹരായ 10 പേർക്ക് 40,000 രൂപയും, മെറിറ്റ് സീറ്റുകാർക്ക് 2.5 ലക്ഷം രൂപയും, മാനേജ്‌മെന്റ് സീറ്റിന് 10 ലക്ഷവും, എൻആർഐ സീറ്റിന് 14 ലക്ഷവുമാണ് പ്രതിവർഷ ഫീസായി ഇടാക്കിയിരുന്നത്. സർക്കാരും ഹോസ്പിറ്റൽ മാനേജ്‌മെന്റും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് പരിയാരത്ത് മാത്രം മെറിറ്റ് സീറ്റിന് കുറഞ്ഞ ഫീസ് അനുവദിച്ചു നൽകിയിരുന്നത്. ഹോസ്പിറ്റലിനെ സർക്കാർ ഏറ്റെടുത്ത ശേഷം സ്വാഭാവികമായും കുറയേണ്ട ഫീസ് ഇപ്പോൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്.

മറ്റു കോളേജുകളിൽ മാനേജ്‌മെന്റ് സീറ്റിന് ഫീസ് അഞ്ചു ലക്ഷമാണെന്നും നിലവിലെ 10 ലക്ഷമെന്ന ഫീസ് കുറയ്ക്കണമെന്നുമാവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇരു വിഭാഗങ്ങളിലെയും ഫീസ് വ്യവസ്ഥകളിൽ മാറ്റം വന്നത്. ഇതുമൂലം മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്കോടെ പ്രവേശിച്ച വിദ്യാർത്ഥികൾക്ക് ഫീസ് ഇരട്ടിയായി വർധിക്കുകയും, റാങ്കിൽ ഏറെ പിന്നിലായ സാമ്പത്തിക സ്വാധീനം വഴി സീറ്റ് നേടിയവർക്ക് ഫീസ് പകുതിയായി കുറയുകയും ചെയ്തു. ഫലത്തിൽ ഇരു കൂട്ടരുടെയും ഫീസ് സമാനമായി. പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ ഏറ്റെടുത്ത ശേഷം വന്ന ഉത്തരവിലെ പാകപ്പിഴവുകളാണ് വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിയത്. ഹൈക്കോടതിയുടെ ഫീസ് റെഗുലേറ്ററി കമ്മറ്റിയുടെ മുന്നറിയിപ്പില്ലാതെ വന്ന ഉത്തരവ് തങ്ങളുടെ തുടർ വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കിയെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

“കുറഞ്ഞ ഫീസ് എന്ന കാരണത്താലാണ് ഞങ്ങളിൽ പലരും പരിയാരം മെഡിക്കൽ കോളേജ് പഠനത്തിനായി തിരഞ്ഞെടുത്തത്. അഡ്മിഷൻ സമയത്ത് ഫീസ് വർദ്ധനവിനെ സംബന്ധിക്കുന്ന സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മറ്റു പല കോഴ്സുകളിലും അഡ്മിഷൻ ലഭിച്ചെങ്കിലും മെഡിസിൻ തിരഞ്ഞെടുത്തത് ഈ മേഖലയോടുള്ള താൽപ്പര്യം കൊണ്ടാണ്. ഒന്നും രണ്ടും വർഷം ആവർത്തിച്ചു പഠിച്ച് പ്രവേശന പരീക്ഷയെഴുതിയാണ് ഞങ്ങൾ മെറിറ്റ് സീറ്റിൽ പഠനത്തിന് യോഗ്യത നേടിയത്. ലോൺ എടുത്തും മറ്റുമാണ് 2.5 ലക്ഷമെന്ന ഫീസ് വർഷാവർഷം അടക്കുന്നത്. ഇപ്പോഴത് 5 ലക്ഷമായി ഉയർത്തിയിരിക്കുന്നു. സാധാരണ കുടുംബങ്ങളിൽ നിന്നുമുള്ളവരാണ് ഞങ്ങളിൽ ഭൂരിഭാഗവും. ഇത്രയും ഉയർന്ന ഫീസിൽ തുടർ പഠനം സാധ്യമല്ല. 2018ലെ നീറ്റ് പരീക്ഷയുടെ പ്രഖ്യാപനം അവസാനിച്ചതിനാൽ പരിയാരം ഉപേക്ഷിച്ച് അടുത്തവർഷം മുതൽ മറ്റൊരു കോളേജിൽ പoനമാരംഭിക്കാമെന്ന മാർഗവും സാധ്യമല്ല. വാസ്തവത്തിൽ ഞങ്ങളുടെ ജീവിതം വെച്ചാണ് അവർ പന്താടുന്നത്.” മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനി അപർണ പ്രതികരിക്കുന്നു. ഹൈക്കോടതിയുടെ ഉത്തരവ് വന്ന ശേഷം 15 ദിവസത്തിനകം ഫീസടയ്ക്കണമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് തങ്ങളെ നിർബന്ധിച്ചതായി മറ്റു വിദ്യാർത്ഥികളും പരാതിപ്പെടുന്നു.

എന്നാൽ, വിദ്യാർത്ഥികളെ നിശ്ചിത ദിവസത്തിനകം ഫീസ് അടയ്ക്കാൻ തങ്ങൾ നിർബന്ധിച്ചിട്ടില്ലെന്നും, ഫീസിൽ മാറ്റം വരുത്തണമെന്ന ഹൈക്കോടതിയുടെ നിർദേശം വിദ്യാർത്ഥികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സാമ്പത്തിക പ്രയാസങ്ങൾ കോളേജ് മാനസ്സിലാക്കുന്നെന്നും, ഹൈക്കോടതി ഉത്തരവിന് മുൻപിൽ മാനേജ്‌മെന്റ് നിസ്സഹായരായതിനാൽ പരാതിയുമായി വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്നും പ്രിൻസിപ്പൾ ഡോ.സുധാകരൻ അഴിമുഖത്തോട് പ്രതികരിച്ചു.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നല്ല കാര്യം; പക്ഷേ, സ്വയംഭരണ സ്ഥാപനമാക്കരുത്

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:

This post was last modified on April 23, 2018 2:57 pm