X

ശ്രീകൃഷ്ണ ജയന്തിയോ സുന്നത്തോ ആകട്ടെ; കുട്ടികള്‍ക്കും അവകാശങ്ങളുണ്ട്‌

കുട്ടികള്‍ സുരക്ഷിതരാണെന്നു മാത്രമല്ല അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്‌

‘രാജ്യം സുരക്ഷിതമാകണമെങ്കില്‍ കുട്ടികളും സുരക്ഷിതരായിരിക്കണം. കുട്ടികളുടെ ജീവന്‍ അപകടത്തിലായാല്‍ രാജ്യവും അപകടത്തിലാകും.’ ഇക്കഴിഞ്ഞ ചൊവ്വാഴ്ച കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടത്തുന്ന ഭാരത് യാത്രയ്ക്ക് തിരുവനന്തപരുത്ത് നല്‍കിയ സ്വീകരണം സ്വീകരിച്ചുകൊണ്ട് നൊബേല്‍ സമ്മാന ജേതാവ് കൈലാശ് സത്യാര്‍ത്ഥി പറഞ്ഞ വാക്കുകളാണ് ഇത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം നടത്തുന്ന പര്യടനത്തിനിടയില്‍ തന്നെ പയ്യന്നൂരില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുടെ ഭാഗമായി ഒരു കുട്ടിയോട് ഈ സമൂഹം കാണിച്ച ക്രൂരതയും നാം കണ്ടു. ആലിലയില്‍ ഉറങ്ങുന്ന കൃഷ്ണനെ ചിത്രീകരിക്കാന്‍ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള  കുട്ടിയെ കൃത്രിമമായി നിര്‍മ്മിച്ച ആലിലയില്‍ കെട്ടിവച്ച് വെയിലത്ത് നഗരം ചുറ്റുകയായിരുന്നു. രണ്ടര മണിക്കൂറോളം നേരമാണ് ഈ കുട്ടിയെ വാഹനത്തിന്റെ മുകളിലിരുത്തി വെയില്‍ കൊള്ളിച്ചത്.

ഇന്നലെ ഈ സംഭവം വാര്‍ത്തയായതോടെ കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലെങ്കില്‍ പിന്നെ എന്താണ് പ്രശ്‌നം?, ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്, ഹിന്ദു മതത്തിലായതിനാലാണ് ഇത് ചോദ്യം ചെയ്യപ്പെടുന്നത് മറ്റേതെങ്കിലും മതത്തിലാണെങ്കില്‍ ഇത് സമ്മതിക്കുമോ?, സുന്നത്ത് പോലുള്ളവയും കുട്ടികള്‍ക്കെതിരായ പീഡനമല്ലേ? തുടങ്ങിയ ചോദ്യങ്ങളുയര്‍ത്തി പലരും അസ്വസ്ഥരാകുന്നുണ്ടായിരുന്നു. അതേസമയം കുട്ടിയ്ക്ക് ഈ അപകടകരമായ ഘോഷയാത്രക്കിടെ എന്തെങ്കിലും അപകടം സംഭവിക്കുകയോ തുടര്‍ച്ചയായി കടുത്ത വെയില്‍ കൊള്ളേണ്ടി വന്നതിന്റെ ഭാഗമായി ആരോഗ്യപ്രശ്‌നം ഉണ്ടാവുകയോ ചെയ്തിരുന്നെങ്കില്‍  എന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല.

അപകടങ്ങളൊന്നും സംഭവിച്ചില്ലെങ്കിലും കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് അപകടമുണ്ടാകാവുന്ന ഒരു സാഹചര്യം പോലും സൃഷ്ടിക്കരുതെന്നാണ് ബാലാവകാശ നിയമം ആവശ്യപ്പെടുന്നത്.

ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ടാണ് ബാലാവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നതെങ്കിലും അതില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ വിഷയം. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം മാതാപിതാക്കളേക്കാള്‍ സ്റ്റേറ്റിനാണെന്നതാണ് സത്യം. മാതാപിതാക്കളുടെ സമ്മതത്തോടെയാണെങ്കിലും ജീവന് അപകടം സംഭവിച്ചേക്കാവുന്ന വിധത്തില്‍ ഒരു കുട്ടിയെ ഉപയോഗിച്ചാല്‍ അത് ശിക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. ഇവിടെ കുട്ടിയുടെ മാതാപിതാക്കളും കുറ്റക്കാരായി തീരും. പതിനെട്ട് വയസ്സില്‍ താഴെയുള്ള ഏതൊരു വ്യക്തിയുടെയും അവകാശങ്ങള്‍ ബാലാവകാശ നിമയത്തിന് കീഴില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസത്തിനുള്ള അവകാശത്തോടൊപ്പം സ്‌കൂള്‍ മുറികളിലും വീടുകളിലും പൊതു ഇടങ്ങളിലും ഏല്‍ക്കുന്ന ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ക്കെതിരെയും ബാലാവകാശ നിയമപ്രകാരം കേസെടുക്കാനാകും. കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ അടിച്ചേല്‍പ്പിക്കുന്ന ക്രൂരതകളും ഇതില്‍ ഉള്‍പ്പെടും. സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയില്ലാത്ത വ്യക്തിയെന്ന നിലയില്‍ കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ ആര് റിപ്പോര്‍ട്ട് ചെയ്താലും ബാലവകാശ കമ്മിഷന് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കാം.

പയ്യന്നൂരില്‍ ശ്രീകൃഷ്ണ ജയന്തിക്കിടെ നടന്ന സംഭവമായതിനാല്‍ തന്നെ ഒരു വിഭാഗം ഇതിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മുസ്ലിം സമുദായത്തില്‍ നടക്കുന്ന സുന്നത്ത് എന്ന ആചാരത്തെയാണ് ഇവര്‍ അതിനായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം ചേകന്നൂര്‍ മൗലവിയുടെ പിന്‍ഗാമിയായ അബ്ദുല്‍ ജലീല്‍ പുറ്റേക്കാട് മതചരിത്രവും പ്രമാണങ്ങളും ചൂണ്ടിക്കാട്ടി സുന്നത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രാകൃതരൂപമാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്. അവന്റെ സമ്മതത്തോടെയോ അല്ലാതെയോ ഒരു കുട്ടിയുടെ ശരീരഭാഗത്തില്‍ മുറിവേല്‍പ്പിക്കുന്ന പ്രക്രിയയാണ് ഇത്. അങ്ങനെ നോക്കിയാല്‍ ഇതും എതിര്‍ക്കപ്പെടേണ്ടതാണ്. ഏതൊരു ആചാരത്തിന്റെ പേരിലായാലും ഒരു കുട്ടിയും ഉപദ്രവിക്കപ്പെടാന്‍ പാടില്ലെന്ന സാമാന്യ തത്വം മാത്രമാണ് ഇതിന് ആധാരം.

പയ്യന്നൂര്‍ സംഭവത്തിന് ശേഷം ചൈല്‍ഡ് ലൈനും ബാലാവകാശ കമ്മിഷനും എന്തു നടപടി സ്വീകരിച്ചുവെന്ന് അഴിമുഖം അന്വേഷിച്ചു. നാട്ടുകാര്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് ആ സമയത്ത് തന്നെ പയ്യന്നൂരില്‍ പോലീസ് വിവരം അറിയിച്ചിരുന്നതായാണ് ചൈല്‍ഡ് ലൈന്റെ കണ്ണൂര്‍ ജില്ല കോര്‍ഡിനേറ്റര്‍ അമല്‍ ജിത്ത് പറയുന്നത്. ജീവനക്കാര്‍ എല്ലാവരും ഓരോ കേസുകളിലായിരുന്നതിനാലാണ് പോലീസില്‍ വിവരം അറിയിച്ചത്. കുട്ടി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അവരുടെ യാത്ര തുടരാന്‍ അനുവദിച്ചത്. കുട്ടിയ്‌ക്കൊപ്പം മാതാപിതാക്കളുമുണ്ടായിരുന്നു. കുട്ടിയുടെ അവകാശം ലംഘിക്കപ്പെടുകയാണെന്ന് സമ്മതിക്കുന്ന അമല്‍ജിത്ത് അതേസമയം കുട്ടി സുരക്ഷിതമാണെന്ന് ഉറപ്പാക്കല്‍ മാത്രമാണ് തങ്ങളെക്കൊണ്ട് സാധിക്കുകയെന്നും പറയുന്നു. കുട്ടി ആരാണെന്ന് ഇതുവരെയും ചൈല്‍ഡ്‌ലൈന് കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല.

ഘോഷയാത്രയില്‍ കുട്ടികള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇത്തരത്തില്‍ അപകടകരമായി ഉപയോഗിച്ചുവെന്ന പരാതി ചൈല്‍ഡ് ലൈന് ലഭിക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭാവിയില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലോ ജീവന് അപകടമുണ്ടായേക്കാവുന്ന വിധത്തിലോ ഉപയോഗിക്കാന്‍ അനുവദിക്കാത്ത വിധത്തിലുള്ള നടപടികള്‍ കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു. അതിനായി കളക്ടറുമായി കൂടിയാലോചന നടത്തും. ഘോഷയാത്ര തടയാനോ കുട്ടിയെ ബലംപ്രയോഗിച്ച് ഈ അപകടരമായ സാഹചര്യത്തില്‍ നിന്നും ഇറക്കുകയോ ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കില്ല. പോലീസിന്റെ സഹായത്തോടെ കുട്ടിയെ മാറ്റാന്‍ മാത്രമാണ് സാധിക്കുന്നത്. ഈ കേസിലെന്നല്ല ഒരു കേസിലും ചൈല്‍ഡ്‌ലൈനെ സംബന്ധിച്ച് മതമല്ല പ്രശ്‌നം. ഏതൊരു മതത്തിന്റെ പേരിലാണെങ്കിലും ഉപദ്രവിക്കപ്പെടുന്നത് കുട്ടികളാണോയെന്നതാണ് ചൈല്‍ഡ്‌ലൈന്‍ നോക്കുന്നത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കണ്ണിലൂടെ ചൈല്‍ഡ് ലൈന്‍ ഈ കേസിനെ സമീപിക്കില്ല. കുട്ടിയെ കുട്ടിയായി തന്നെ കണ്ട് ശക്തമായ നടപടി സ്വീകരിക്കും.

കുട്ടിയെ അപകടകരമായി ഉപയോഗിച്ചതിന് പത്രവാര്‍ത്തയുടെ പേരില്‍ സ്വമേധയാ കേസെടുക്കുന്നുണ്ടെന്നാണ് ബാലാവകാശ കമ്മിഷന്‍ അധികൃതര്‍ പറയുന്നത്. ഈ കേസില്‍ അപകടമൊന്നും സംഭവിച്ചില്ലെങ്കിലും ഇതിലെ അപകട സാധ്യതകള്‍ കണക്കിലെടുത്തുള്ള ഒരു തീരുമാനം ബാലാവകാശ കമ്മിഷനില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥ അറിയിച്ചു. അതേസമയം ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് ബാലാവകാശ കമ്മിഷന്‍ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷ ശോഭ കോശി പറയുന്നു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. എല്ലാ ജില്ലകളിലും ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് കളക്ടര്‍മാരാണ്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്നതാണ് പയ്യന്നൂരിലെ സംഭവത്തോടെ വ്യക്തമായിരിക്കുന്നത്.

രാജ്യങ്ങളിലെ നിയമങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കിലും ബാലാവകാശത്തിന്റെ കാര്യത്തില്‍ അതിന് വ്യത്യാസമില്ല. എല്ലാ കുട്ടികളും തങ്ങള്‍ക്ക് ഒരുപോലെയാണെന്ന് ചൈല്‍ഡ് ലൈന്‍ തന്നെ പറയുന്നുണ്ട്. സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചില സംഭവങ്ങളില്‍ നിന്നും വിദേശരാജ്യങ്ങള്‍ കുട്ടികളുടെ പൗരാവകാശത്തിന് നല്‍കുന്ന വിലയെന്താണെന്ന് വ്യക്തമാകും. ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ ഒരു കുഞ്ഞ് മരിച്ചപ്പോള്‍ വാഹനം ഓടിച്ചിരുന്ന അമ്മയെ കോടതി ശിക്ഷിച്ചിരുന്നു. അപകടകരമായ ഡ്രൈവിംഗ് മരണകാരണമായി എന്ന പേരിലാണ് ശിക്ഷിച്ചത്. ശാസ്ത്രീയ ചികിത്സ കൊടുക്കാതെ ഹോമിയോ മരുന്ന് കൊടുത്ത് കുഞ്ഞ് മരിച്ചതിന് മലയാളികളായ മാതാപിതാക്കളെ ശിക്ഷിച്ചതും ഓസ്‌ട്രേലിയയില്‍ തന്നെയാണ്. കുട്ടികളുടെ സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ ഇടപെടുമെന്നും കുറവുകളുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിരുന്നു. എല്ലാ വിധത്തിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി തന്നെ സ്വീകരിക്കേണ്ടതുണ്ട്. ഏതൊരു മതത്തിന്റെ ആചാരത്തിന്റെ പേരിലാണെങ്കിലും ഒരു കുട്ടിയും ഇവിടെ ഉപദ്രവിക്കപ്പെടാന്‍ പാടില്ല. ഇനിയും അതിനുള്ള നിയമം രൂപീകരിക്കപ്പെട്ടില്ലെങ്കില്‍ ദുരന്തമുണ്ടാകാന്‍ നാം കാത്തിരിക്കുകയാണെന്ന് പറയേണ്ടി വരും.

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on September 14, 2017 6:04 pm