X

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

ആ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ പെണ്ണാണെന്ന് അഹങ്കരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നി.

യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുവ മാധ്യമ ക്യാംപില്‍ വച്ച് ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് എം.എം ഹസനോട് അതേ വേദിയില്‍ തന്നെ, “അശുദ്ധിയാണെന്ന് പറയുന്നത് രക്തത്തിന്റെ പേരിലാണോ, ആർത്തവം ഉണ്ടാകുന്ന അവയവത്തിന്റെ പേരിലാണോ” എന്നു തിരിച്ചു ചോദിച്ച പെണ്‍കുട്ടിയാണ് ഹഫീഷ ടി.ബി. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജിലെ മൂന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥി. ഹഫീഷയ്ക്ക് പറയാനുള്ളത്.

ഒരു പെൺകുട്ടി ഋതുമതിയാകുമ്പോൾ അത് ആഘോഷിക്കുകയും അതേ  സമയം മാസമുറയാകുമ്പോൾ മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന ഇരട്ടത്താപ്പിന്റെ ലോകമാണിത്. എങ്ങനെയാണ് ആർത്തവം ഒരേസമയം അനിവാര്യതയും അശുദ്ധിയുമാകുന്നത്? ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ പലയിടങ്ങളിലും തടയുന്നവർ ആരെങ്കിലും ഋതുമതിയാകാത്ത പെൺകുട്ടിയെ ജീവിത പങ്കാളിയാക്കാൻ തയ്യാറാകുമോ?

സ്ത്രീയെന്നാൽ മാറിടങ്ങളും രക്തക്കറയും നിതംബങ്ങളുമാണെന്ന ചിന്താഗതി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടവർ തന്നെ അതിനു കൂച്ചുവിലങ്ങിടുന്നത് ആത്മഹത്യാപരമാണ്. അത്തരത്തിൽ സ്ത്രീത്വത്തെ അടിച്ചമർത്തുന്ന പരാമർശമായിരുന്നു മുതിർന്ന രാഷ്ട്രീയ നേതാവും കെ.പി.സി.സി. പ്രസിഡന്റുമായ എം.എം.ഹസ്സന്റെ ഭാഗത്ത് നിന്നുണ്ടായത്.

യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുവ മാധ്യമ ക്യാംപിന്റെ ‘മാധ്യമവും രാഷ്ട്രീയവും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം, ആർത്തവം അശുദ്ധിയാണ്, മുസ്ലീം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും ആർത്തവകാലത്ത് ആരാധനാലയങ്ങളിൽ പോകരുത് എന്നൊക്കെ അഭിപ്രായപ്പെട്ടത്.

ആ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ പെണ്ണാണെന്ന് അഹങ്കരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നി. “സർ, ആർത്തവം ജൈവികമായ പ്രക്രിയയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അത് അശുദ്ധിയാണെന്ന് പറയുന്നത് രക്തത്തിന്റെ പേരിലാണോ, ആർത്തവം ഉണ്ടാകുന്ന അവയവത്തിന്റെ പേരിലാണോ” എന്നും “ആർത്തവം അശുദ്ധിയാണെങ്കിൽ സാറും ഞാനും ഉൾപ്പെടുന്ന മനുഷ്യസമൂഹം അശുദ്ധിയുടെ ഫലമല്ലേ സർ” എന്നും ചോദിച്ചപ്പോൾ അദ്ദേഹം ശരിക്കും ഒന്ന് പതറി.

പിന്നീട് ഇവിടെ നിലനിൽക്കുന്ന ആചാരങ്ങളെ കുറിച്ചാണ് താൻ പറഞ്ഞതെന്നും, ശേഷം മദ്യപിച്ച് ആരാധനാലയങ്ങളിൽ പോകുന്നതിനെ ആർത്തവകാലത്തെ വിലക്കിനോട് ഉപമിക്കുകയും ചെയ്തു അദ്ദേഹം. ഒടുവിൽ ആർത്തവ സമയത്ത് കുറേ രക്തം നഷ്ടപ്പെടുമ്പോൾ യാത്ര ചെയ്യാതെ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് അദ്ദേഹം തടിതപ്പി. ആർത്തവത്തെ അശുദ്ധിയാക്കിയതും പോരാഞ്ഞിട്ട് മദ്യപാനത്തോട് ഉപമിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ‘ധൈര്യം’ അപാരമാണ്. ഒരിക്കലും ഒരു രാഷ്ട്രീയ പ്രവർത്തകന്റെ പക്കൽ നിന്നു ഉണ്ടാകാൻ പാടില്ലാത്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്.

വയറു വേദനിക്കുമ്പോൾ തന്റെ ആൺ സുഹൃത്തിനോട് മാസമുറ ആണെന്ന് പറയാൻ മടിക്കുന്ന, ഷിമ്മിയുടെ വള്ളി പുറത്ത് കാണുമ്പോൾ എന്തോ അപരാധം ചെയ്തെന്ന മട്ടിൽ അത് ഉള്ളിലോട്ടാക്കാൻ ശ്രമിക്കുന്ന, പാത്തും പതുങ്ങിയും ഒളിപ്പിച്ചും മെഡിക്കൽ ഷോപ്പിൽ നിന്ന് Stayfree വാങ്ങുന്ന, മാറിടങ്ങളും കയ്യും കാലും പോലുള്ള അവയവങ്ങളാണെന്നും മനസ്സിലാക്കാത്ത സ്ത്രീകളും ലിംഗസമത്വത്തിനു എതിരാണ്. ഈ ചിന്താഗതികളിലെല്ലാം മാറ്റം തുടങ്ങുന്നത് സ്ത്രീകളിൽ നിന്നാകണം. മാറ്റങ്ങളിലെല്ലാം പെൺകരുത്താകണം.

ആർത്തവം അശുദ്ധിയാക്കുന്നവരോട് നീയും ആർത്തവ ജീവിയുടെ സന്താനമല്ലേ, നീയും ആ ‘അശുദ്ധി’യുടെ ഫലമല്ലേ എന്നു ചോദിക്കാനുള്ള അറിവും കരുത്തും ആർജവവുമാണ് സ്ത്രീകൾക്കു വേണ്ടത്. ലിംഗം കൊണ്ട് ചിന്തിക്കുന്നവരുടെ സമൂഹത്തിൽ, സ്വത്വം സംരക്ഷിക്കാനുള്ള രക്തം ശുദ്ധിയാണെന്ന് പറയാനുള്ള കരുത്ത്.

 

This post was last modified on April 2, 2017 2:29 pm

Related Post
Leave a Comment