കീഴാറ്റൂർ പ്രശ്നത്തിൽ സംഘപരിവാര്‍ നേതാക്കളുമായി കൈകോർത്തത് ശരിയായില്ലെന്നും ഇക്കാര്യത്തിൽ തങ്ങൾക്കു ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ തുറന്നു സമ്മതിച്ചു കഴിഞ്ഞു. തുടക്കം മുതൽ സമരത്തെ പിന്തുണച്ച ഐക്യദാർഢ്യ സമിതിയുടെ കൂടി വിമർശനത്തെ ഉൾക്കൊണ്ടുകൊണ്ടാണ് സുരേഷ് കുറ്റസമ്മതത്തിനു മുതിർന്നത്. എന്നാൽ ഇനിയും എങ്ങുമെത്താതെ നിൽക്കുന്ന കീഴാറ്റൂരിലെ വയൽ നികത്തൽ വിരുദ്ധ പ്രക്ഷോഭത്തിന് സത്യത്തിൽ സംഭവിച്ച പോരായ്‌മ സംഘപരിവാര്‍ സമരത്തെ ഹൈജാക്ക് ചെയ്യാൻ രംഗത്ത് വന്നത് മാത്രമാണോ? സമരത്തിന്റെ തുടക്കം മുതലുള്ള ഗതിവിഗതികൾ പരിശോധിച്ചാൽ ഇത് മാത്രമായിരുന്നില്ല കാരണം എന്ന് വ്യക്തമാകും.
ബൈപാസ് നിർമാണം തങ്ങളുടെ വയലിലൂടെ നടത്താൻ പാടില്ലെന്ന ഒരേയൊരു മുദ്രാവാക്യമാണ് വയൽക്കിളികൾ തുടക്കം മുതൽക്കേ ഉയർത്തിയത്. നാഷണൽ ഹൈവേയിൽ നിന്നും ഏറെ താഴെ സ്ഥിതി ചെയ്യുന്ന കീഴാറ്റൂരിലെ വയൽ നികത്തുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെയാണ് വയൽക്കിളികൾ ഇങ്ങനെയൊരു മുദ്രാവാക്യം ഉയർത്തിയത്. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടതാണ് കീഴാറ്റൂരിലെ നെൽവയൽ. വയൽ നികത്തുമ്പോൾ സ്വാഭാവികമായും ഈ കുന്നുകൾ ഇടിച്ചു നിരത്തപ്പെടും. ബൈപാസ് യാഥാർഥ്യമാകുന്നതോടുകൂടി മഴക്കാലത്തു വയൽ പ്രദേശം വെള്ളക്കെട്ടായി പരിണമിക്കും. ഇതൊക്കെയാണ് സമരക്കാർ ഉയർത്തിയ ആശങ്കകൾ. ആശങ്ക ന്യായമാണെന്നു ബോധ്യപ്പെട്ടതിനാലായിരുന്നു തുടക്കത്തിൽ കീഴാറ്റൂരിലെ മുഴുവൻ കർഷകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നതും. എന്നാൽ സർക്കാർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചകളിലൊന്നും ഒരു ബദൽ നിർദ്ദേശം വെക്കാൻ സമരക്കാർക്കു കഴിഞ്ഞില്ലയെന്നതിനെ മുതലെടുത്തുകൊണ്ടാണ് സർക്കാരും സി പി എമ്മും സമരത്തെ നേരിട്ടതും കർഷർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ചതും,
കീഴാറ്റൂർ ഒരു പാർട്ടി ഗ്രാമമാകയാൽ അച്ചടക്കത്തിന്റെ വാൾ ആഞ്ഞുവീശാനും അതുവഴി സമരത്തെ ദുർബലമാക്കാനും പാർട്ടിക്ക് എളുപ്പത്തിൽ കഴിഞ്ഞതും.
കീഴാറ്റൂരിലെ വയൽക്കിളി സമരം സത്യത്തിൽ ഓർമപ്പെടുത്തുന്നത് പരാജയപ്പെട്ടുപോയ 1871 ലെ പാരീസ് കമ്മ്യൂണിനെയും 1919 ലെ സ്പാർട്ടസിസ്റ്റ് പ്രക്ഷോഭത്തെയുമാണ്. ഗൃഹപാഠം ചെയ്യുന്നതിൽ വന്ന വീഴ്ചയും ദീര്‍ഘവീക്ഷണക്കുറവുമാണ് ഇവ രണ്ടിന്റെയും പരാജയത്തിന് കാരണം എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. വയൽക്കിളികൾ സമരത്തിൽ നിന്നും പൂർണമായും പിൻവാങ്ങിയിട്ടില്ലെങ്കിലും സമരം ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന കാര്യത്തിൽ സമരക്കാർക്കു കൃത്യമായ ധാരണയുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ഭാഗത്തു കീഴാറ്റൂർ പ്രശ്നത്തിൽ സി പി എം സ്വീകരിച്ചിട്ടുള്ള നിലപാടിനെ ന്യായീകരിച്ചും ആ നിലപാടിന് ജനപിന്തുണ തേടിക്കൊണ്ടും പാർട്ടി കണ്ണൂർ ഘടകം രണ്ടു ജാഥകൾ നടത്തിവരികയാണ്. സ്ഥലം എം എൽ എ ജയിംസ് മാത്യു, കെ കെ രാഗേഷ് എം പി എന്നിവർ നയിക്കുന്ന ഈ ജാഥകളിൽ കീഴാറ്റൂർ വിഷയത്തിനൊപ്പം യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവും വിശദീകരിക്കപ്പെടുന്നുണ്ടെങ്കിലും കൂടുതൽ ഊന്നൽ നൽകുന്നത് കീഴാറ്റൂരിന് തന്നെയാണ്.
അതിനിടെ കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറിങ്ങിയ ബി ജെ പി കളം വിട്ടിട്ടില്ല. സി പി എം ജാഥകൾ അവസാനിച്ചാൽ ഉടൻ തളിപ്പറമ്പ് നഗരത്തെ രക്ഷിക്കുക എന്നൊരു മുദ്രാവാക്യവുമായി ഒരു ബദൽ ജാഥക്കുള്ള ഒരുക്കത്തിലാണ് ബി ജെ പി. ബൈപാസ് കീഴാറ്റൂരിലുടെ നിർമിക്കപ്പെട്ടാൽ തളിപ്പറമ്പ് നഗരം പൂർണമായും ഒഴിവാക്കപ്പെടും എന്ന വാദമാണ് ബി ജെ പി ഇപ്പോൾ മുന്നോട്ടു വെക്കുന്നത്. തളിപ്പറമ്പ് നഗരത്തിലെ കച്ചവടക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി സി പി എമ്മും മുസ്ലിം ലീഗും കോൺഗ്രസ്സും കൈകോർത്തിരിക്കുന്നു എന്ന് തുടക്കത്തിൽ ആക്ഷേപം ഉന്നയിച്ചവരാണ് ഇപ്പോൾ ഇങ്ങിനെയൊരു വാദം ഉയർത്തിക്കൊണ്ടുവരുന്നതെന്നത് കീഴാറ്റൂർ വിഷയത്തിൽ മുതലെടുപ്പ് നടത്താൻ ബി ജെ പി എത്രകണ്ട് ശ്രമിക്കുന്നുവെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്.
Leave a Comment