X

മണ്ണിനോട് നന്ദി കാട്ടി മനുഷ്യര്‍ ജീവിക്കുന്ന ഇടയിലക്കാട്

ഇടതൂര്‍ന്ന കാട് നീങ്ങി ജനവാസം പതിയെ കടന്നുവന്ന നാടാണെന്ന തികഞ്ഞ ബോധമാകാം ഒരുപക്ഷേ ഈ സ്‌നേഹത്തിനു പിന്നില്‍

ഇടയിലക്കാട്; കാസറഗോഡിന് തെക്ക് തൃക്കരിപ്പൂരില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ തീരപ്രദേശമുള്ള വലിയപറമ്പ പഞ്ചായത്തിലെ നാല് തുരുത്തുകളില്‍ ഒന്ന്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍ തീരമുള്ള പഞ്ചായത്തിലെ ജനവാസമുള്ള തുരുത്ത് എന്ന് പറയുന്നതാകും ഈ നാടിന് കൂടുതല്‍ ചേര്‍ച്ച. ഇടയിലക്കാടിനെ വെള്ളാപ്പ് ഗ്രാമത്തിലേക്ക് ബന്ധിപ്പിക്കുന്നത് ഒരു ബണ്ട് ആണ്. ദ്വീപ് എന്നു വിളിക്കാന്‍ മാത്രം വിസൃതി (312.01ഏക്കര്‍) കുറവായതിനാല്‍ ഈ നാട് കവ്വായി കായലിലെ തുരുത്തായിതീര്‍ന്നു. അതില്‍ 16 ഏക്കര്‍ വനമാണ്. സമുദ്ര നിരപ്പില്‍ നിന്നും വെറും രണ്ടു മീറ്റര്‍ മാത്രമാണ് തുരുത്തിന്റെ ഉയരം. 1305 പേര്‍ പല കുടുംബങ്ങളിലായി ഇടയിലക്കാടിന്റെ രീതികള്‍ക്കൊത്ത് ജീവിക്കുന്നു.

ഒരു തരി മണ്ണ് പോലും കളഞ്ഞുപോകരുതെന്ന് നിര്‍ബന്ധമുണ്ട് ഇടയിലക്കാടിലെ ജനങ്ങള്‍ക്ക്. ഇടതൂര്‍ന്ന കാട് നീങ്ങി ജനവാസം പതിയെ കടന്നുവന്ന നാടാണെന്ന തികഞ്ഞ ബോധമാകാം ഒരുപക്ഷേ ഈ സ്‌നേഹത്തിനു പിന്നില്‍. അങ്ങനെയൊരു ചരിത്രമുണ്ട് ഈ നാടിന്. ഒരുകാലത്ത് വലിയപറമ്പ് പഞ്ചായത്തിലെ മൂന്ന് തുരുത്തുകളും ഇടതൂര്‍ന്ന കാടുകളായിരുന്നുവെന്നും വന്‍ജൈവവൈവിധ്യ കലവറകളായിരുന്നുവെന്നും കാലാന്തരം കാട് രൂപാന്തരം വന്ന് തുരുത്തുകളായി തീര്‍ന്നതാണെന്നും ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നുണ്ട്. തുരുത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പ്രകൃതിക്ഷോഭങ്ങളെ ചെറുത്തുനില്‍ക്കാനുള്ള കെല്‍പില്ലാത്തവയായതിനാല്‍ നാട്ടിലെ ഏല്ലാവിഭാഗം ജനങ്ങളും ഒരുമിച്ച് തങ്ങളുടെ നിലനില്‍പിന്റെ ശ്രമങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. കണ്ടല്‍ക്കാടുകളുടെ അപൂര്‍വ്വകലവറകളിലൂടെ മദിച്ചു നടന്ന കായല്‍ മുതലകളുടെ കഥകള്‍ കേട്ടുവളര്‍ന്ന ഇടയിലക്കാടുകാര്‍ പിന്നീട് കണ്ടത് വികസനത്തിന്റെയും തീരസംരക്ഷണത്തിന്റേയും പേരില്‍ വന്‍തോതില്‍ കണ്ടലുകള്‍ നശിപ്പിക്കപ്പെടുന്നതാണ്. നാടിനൊരു പുത്തന്‍ ഉദയം സമ്മാനിച്ചുകൊണ്ട് നവോദയ വായനശാലാ പ്രവര്‍ത്തകര്‍ വഴിവിളക്കായി മുന്നില്‍ നിന്നപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ചെറുത്തുനില്‍പ്പിനായി അണിനിരന്നു. കവ്വായിയിലിറങ്ങി കായലിനെ വീണ്ടും കണ്ടലുകള്‍കൊണ്ട് അലങ്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഓളപ്പരപ്പുകള്‍ക്കൊപ്പം കണ്ണിന് കുളിരു നല്‍കുന്ന ആയിരത്തിലധികം കണ്ടലുകളിന്ന് കവ്വായിയില്‍ പച്ചവിടര്‍ത്തുന്നുണ്ട്.

കവ്വായി കായലില്‍തന്നെ സ്ഥിതി ചെയ്യുന്ന പൂഴിക്കാടാണ് ഇടയിലെതുരുത്ത്. കായല്‍തുരുത്തായ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉപ്പുകൂടാത്ത ശുദ്ധജലം നല്‍കുന്നതില്‍ നല്ലൊരു പങ്ക് ഈ പൂഴിക്കാടിനാണ്. പൂഴിക്കാടില്‍ നിന്നും വന്‍തോതില്‍ മണല്‍ക്കൊള്ള നടന്നപ്പോള്‍ അതിനെതിരേ എതിര്‍പ്പിന്റെ ശൃംഖല തീര്‍ത്താണ് അവര്‍ മണല്‍ കൊള്ളക്കാരെ ഓടിച്ചത്. കുടിവെള്ളത്തിനുവേണ്ടി മറ്റൊരു വഴിയും തേടേണ്ടി വന്നിട്ടില്ല ഇവിടുത്തുകാര്‍ക്ക്. ഇടയിലക്കാട് ദ്വീപിന്റെ തെക്കേ അറ്റത്തെ മുനമ്പ് ശക്തമായ നീരൊഴുക്കില്‍ വെള്ളത്തോട് ചേരുന്നതിലെ അപകടം തിരിച്ചറിഞ്ഞ് വായനശാല പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മുനമ്പില്‍ അന്‍പതോളം മരത്തൈകള്‍ വെച്ചുപിടിപ്പിച്ചു. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ ഗ്രാമത്തിലെ വീടുകളില്‍ രണ്ട് വര്‍ഷങ്ങളിലായി 500 നെല്ലിത്തൈകള്‍ നട്ടു വളര്‍ത്തുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇഴുകിച്ചേരലുകളുടെ പുസ്തകമാണ് ഈ നാട്. അതുകൊണ്ടാണ് മതവും രാഷ്ടീയവും കുലവും വലിപ്പ ചെറുപ്പവും നോക്കാതെ ഇവര്‍ക്കിങ്ങനെ ഒരുമിക്കാനായത്. ഏതുനേരവും വെള്ളത്തോട് ചേര്‍ന്നേക്കാവുന്ന മണ്ണിലും ഇവര്‍ സന്തുഷ്ടരാണ്.

ഇവിടെ ഒരു മുത്തശ്ശിയുണ്ട്. പേരമക്കള്‍ക്ക് രാജകുമാരന്‍മാര്‍ കടലുകടന്നുവരുന്ന കഥകളല്ല… പുരാണങ്ങളും ഇതിഹാസങ്ങളുമല്ല അവര്‍ പകര്‍ന്നുകൊടുക്കുന്നത്… പകരം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ കെട്ടുപിണയലുകളെ അവര്‍ തലമുറകള്‍ക്ക് പരിചയപ്പെടുത്തി. അങ്ങനെയാണ് ഇടയിലക്കാടിലെ മാണിക്കമ്മ അക്ഷരാര്‍ത്ഥത്തില്‍ മാണിക്യമാകുന്നത്. മാണിക്കമ്മയുടെ ഒരു ദിവസം തുടങ്ങുന്നത് ഇടയിലക്കാട് കാവിലെ വാനരക്കൂട്ടങ്ങള്‍ക്ക് അന്നം വിളമ്പിക്കൊണ്ടാണ്. അരിക്കലത്തിലെ ഒരു പങ്ക് പറ്റാനായി മാണിക്കമ്മയുടെ വിളിയും കാത്ത് കുരങ്ങ് പടകളും. കാട്ടുവള്ളികളില്‍ ഊഞ്ഞാലാടിയും മലക്കം മറിഞ്ഞും അവ മാണിക്കമ്മയെ പൊതിയും. ഇടയിലക്കാടിന്റെ സൗന്ദര്യമാസ്വദിക്കാനെത്തുന്നവര്‍ക്ക് കൗതുകമാണ് എന്നും ഈ കാഴ്ച. നാട്ടുകാരില്‍ പലരും സാമ്പത്തികമായ സഹായങ്ങള്‍ നല്‍കുന്നതാണ് മാണിക്കമ്മക്ക് അന്നദാനം തുടരാന്‍ പ്രേരണയാകുന്നത്. എത്ര ഇല്ലായ്മയായാലും കുരങ്ങന്‍മാരുടെ ഭക്ഷണത്തിനായുള്ള അരി മാറ്റിവെച്ചിട്ടേ മാണിക്കമ്മയുടെ വീട്ടിലെ അടുപ്പ് പുകയുകയുള്ളൂ.

ഓണക്കാലത്ത് ഈ വാനരപ്പടയ്ക്ക് കുശാലാണ്. ഒരു ഗ്രാമം മുഴുവന്‍ തൂശനിലയിട്ട് വിഭവ സമൃദ്ധമായ ഓണസദ്യ ഈ വിദ്വാന്‍മാര്‍ക്ക് മുന്നില്‍ നിരത്തും. കൗതുകമൊന്നും കൂടാതെ ഇല കാലിയാക്കി അവര്‍ വീണ്ടും കാട്ടുവള്ളികളിലൂഞ്ഞാലാടും. മാണിക്കമ്മ ചെല്ലപ്പേര് ഓരോന്നായി വിളിച്ചുതുടങ്ങുമ്പോള്‍, ഏത് കാട്ടിലാണെങ്കിലും അവരോടിയെത്തും. ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് കാസറഗോഡ് തളങ്കര മുഹമ്മദ് കുഞ്ഞി ബ്യാരി എന്ന ജന്മിയുടെ കൈവശമായിരുന്നു. കടലൊഴിഞ്ഞുപോയി മണല്‍തിട്ടകളും കായല്‍ തീരങ്ങളുമായ എക്കല്‍ മണ്ണ് നിറഞ്ഞ പൂഴി പ്രദേശങ്ങളാണ് ഇടയിലക്കാട്. മണ്ണിന്റെ വളക്കൂറ് തിരിച്ചറിഞ്ഞ ജന്മി കൃഷിയിറക്കുന്നതിനായി പല ഭാഗങ്ങളില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചു. കൃഷിചെയ്തും മണ്ണിനെ സ്‌നേഹിച്ചും അവരങ്ങനെ ഇടയിലക്കാട്ടില്‍ ജീവിച്ചു. പരിസര പ്രദേശങ്ങളിലെ ചെറ്റക്കുടിലുകളില്‍ ആശ്രിതരെ കൊണ്ട് പാര്‍പ്പിച്ചു. അത്തരക്കാര്‍ കൃഷി ഉപജീവനമാര്‍ഗ്ഗമാക്കി ഇവിടെ താമസിച്ചുവന്നു. ഭൂപരിഷ്‌കരണ നിയമത്തോടെ സ്വന്തമായി ഭൂമി ലഭിച്ചവര്‍ കര്‍ഷകകുടുംബങ്ങളായി മാറി.

പിന്നീട് വെള്ളാപ്പ് – ഇടയിലക്കാട് ബണ്ട് വന്നതോടെ ഇടയിലക്കാടിന്റെ മുഖച്ഛായ മാറി. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവും വന്നു. ഇതാണ് ഇടയിലക്കാടിന്റെ ചരിത്രവും വര്‍ത്തമാനവും. മണ്ണും മനുഷ്യനും കുഴഞ്ഞു ജീവിക്കുന്ന അപൂര്‍വ്വകാഴ്ചയാണ് ഇന്ന് ഇടയിലക്കാട്.

കേരളത്തില്‍ മനുഷ്യവാസ പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനപ്പെട്ട മൂന്ന് കാവുകളില്‍ ഏറ്റവും വലിപ്പം കൂടിയ കാവും ഇടയിലക്കാടിന് സ്വന്തമാണ്. കൊയിലാണ്ടി പൊയില്‍ കാവും കൊടുങ്ങല്ലൂര്‍ ശങ്കുളങ്ങരക്കാവുമാണ് മറ്റു രണ്ടു കാവുകള്‍. നാഗക്കാവും ആയിറ്റി ഭഗവതിക്കാവും ചേര്‍ന്ന് 16 ഏക്കര്‍ വിസ്തൃതിയുണ്ട് ഈ കാവിന്. ജനവാസമുള്ള പ്രദേശത്ത് കുരങ്ങന്‍മാരുടെ സാനിധ്യമുള്ള കാവെന്ന ഖ്യാതിയും ഇടയിലക്കാടിനുണ്ട്. കാവിനെ അതിന്റെ ജൈവവൈവിധ്യത്തോടെ സംരക്ഷിക്കാന്‍ നാട്ടുകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. വായനശാല പ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് കാവിനകത്തെ മരങ്ങളെ തിരിച്ചറിയാനും കാവിനെ മലിനമാക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കെ ചെയ്യുകയും അതിന്റെ വൈവിധ്യം ഒട്ടും നഷ്ടപ്പെടുത്താതെ സംരക്ഷിക്കാനുമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടിവിടെ… മറ്റെവിടെയും കാണാത്ത ജൈവ വൈവിധ്യം ഇവിടെ കാണുന്നുവെന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അത്രമേല്‍ മണ്ണും മനുഷ്യനും ഇഴുകിച്ചേര്‍ന്നിട്ടുണ്ടീ നാട്ടില്‍. വലിയ വിസ്താരമൊന്നുമില്ലാത്ത ഏതുനേരവും എന്തും സംഭവിച്ചേക്കാവുന്ന ഒരു നാട്ടില്‍ ഒരുമയുടെ പിന്‍ബലത്തില്‍ മാത്രമാണ് ജനങ്ങള്‍ ജീവിക്കുന്നത്.

 

 

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

This post was last modified on August 31, 2017 11:28 am