X

കാണാതായിട്ട് നാല് മാസം; ജര്‍മ്മന്‍ യുവതി ലിസ്സ വൈസ് എവിടെ? കൊച്ചിയില്‍ നിന്നും കടന്നു കളഞ്ഞ സുഹൃത്ത് മുഹമ്മദ് അലിക്ക് പിന്നാലെ ഇന്റര്‍പോള്‍

കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ലിസ്സ വൈസ്സിനെ കാണാതായത്

കഴിഞ്ഞ മാര്‍ച്ച് മാസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതിന് ശേഷം കാണാതായ ജര്‍മ്മന്‍ യുവതി ലിസ്സ വൈസ്സിനെ നാല് മാസമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് ഇവരൊടൊപ്പമുണ്ടായിരുന്ന യു.കെ പൌരന്‍ മുഹമ്മദ് അലിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ബ്ലൂ നോട്ടീസ് പുറത്തിറക്കി. മാര്‍ച്ച് 15 ന് കൊച്ചിയില്‍നിന്നും കടന്നുകളഞ്ഞ മുഹമ്മദ് അലിയെ കണ്ടെത്താന്‍ കേരള പോലീസിന് സാധിക്കാത്തതിനാലാണ് ഇന്റര്‍ പോള്‍ നോട്ടീസ് ഇറക്കിയത്.

ഇയാള്‍ കൊച്ചിയില്‍നിന്ന് ദുബായിലേക്ക് ഇയാള്‍ കടന്നുകളഞ്ഞതായി സൂചനയുണ്ടെങ്കിലും മറ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചിരുന്നില്ല. അന്വേഷിക്കുന്ന ആളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനുവേണ്ടിയാണ് ഇന്റര്‍പോള്‍ ബ്ലൂ നോട്ടീസ് ഇറക്കുന്നത്. അയാളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും പ്രവര്‍ത്തിച്ച സ്ഥലങ്ങളെക്കുറിച്ചുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ബ്ലൂ നോട്ടീസിന്റെ ലക്ഷ്യം. ഇയാള്‍ ലോകത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ എത്തിയാല്‍ തടഞ്ഞുവെയ്ക്കാന്‍ ഈ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ സാധിക്കും.

ഇയാളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് കേരള പോലീസ് നടത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടില്ല. ജര്‍മ്മന്‍ പോലീസും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അവര്‍ക്കും ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. ജര്‍മ്മന്‍ പോലീസുമായും ഇന്റര്‍പോളുമായി കേസന്വേഷണവുമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ദിനേന്ദ്ര കശ്യപ്പ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലിസ്സയുടെ ചിത്രം എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറിയിട്ടുണ്ട്. ടാക്സി ഡ്രൈവര്‍മാരോടും ഓട്ടോ ഡ്രൈവര്‍മാരോടും ഇതു സംബന്ധിച്ച അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

യുറോപ്പിലെ ഒരു കമ്മ്യൂണില്‍ ജീവിക്കുന്ന ലിസ്സ നേരത്തെ ഇസ്ലാം മതത്തിലേക്ക് മാറിയിരുന്നതായാണ് സൂചന. എന്നാല്‍ അവര്‍ പേരില്‍ മാറ്റം വരുത്തിയിരുന്നില്ല. അമൃതാനന്ദമയിയുടെ ആശ്രമം സന്ദര്‍ശിക്കാനാണ് ഇവര്‍ എത്തിയതെന്ന് പറയുന്നുണ്ടെങ്കിലും അവിടെ അവര്‍ സന്ദര്‍ശിച്ചിട്ടില്ല. കോഴിക്കോടെയും മലപ്പുറത്തെയും അംഗീകൃത മത പരിവര്‍ത്തന കേന്ദ്രങ്ങളില്‍ ഇവര്‍ എത്തിയിരുന്നോ എന്നത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി.

സംസ്ഥാനത്തെ ഹോട്ടലുകളിലും അംഗീകൃത ഹോം സ്‌റ്റേകളിലും ഇവര്‍ താമസിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വിദേശികള്‍ വന്നാല്‍ രേഖപ്പെടുത്തേണ്ട രേഖകളില്‍ ഇവരുടെ സന്ദര്‍ശനം സംബന്ധിച്ച പേര് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഇവര്‍ എവിടെ താമസിച്ചുവെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്.

Read Azhimukham: മുള്‍മുനയില്‍ കാശ്മീര്‍; ബിജെപി സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചു; അധിക സൈനിക വിന്യാസം തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയോ?

This post was last modified on July 29, 2019 12:47 pm