X

വാലന്റൈന്‍സ് വീക്ക്; പ്രണയം ആഘോഷിക്കാന്‍ ഒരു ദിവസമല്ല, ഒരാഴ്ച തന്നെയുണ്ട്…

പ്രണയാഭ്യര്‍ത്ഥന മുതല്‍ ചോക്ലേറ്റ് സമ്മാനം വരെ ഓരോ ദിവസവും ഓരോന്ന്

ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്. പ്രണയമറിയിക്കാനും സമ്മാനങ്ങള്‍ നല്‍കാനും പ്രണയിക്കുന്നവര്‍ക്കിടയിലെ അടുപ്പം ഊട്ടിയുറപ്പിക്കാനുമൊക്കെ ഓരോരോ ദിവസങ്ങളുണ്ട് ഈ മാസത്തില്‍. ഫെബ്രുവരി 14 ലോകമെങ്ങും വാലന്റൈന്‍സ് ദിനമായാണ് ആഘോഷിക്കുന്നത്. പ്രണയത്തിന്റെ ഈ ദിവസത്തിന് മുമ്പുള്ള ഒരാഴ്ചയാണ് വാലന്റൈന്‍സ് വീക്ക്.

വാലന്റൈന്‍സ് വീക്കില്‍ ഓരോ ദിവസത്തിനും പ്രത്യേകതകളുണ്ട്. പ്രണയാഭ്യര്‍ത്ഥന മുതല്‍ ചോക്ലേറ്റ് സമ്മാനം വരെ ഓരോ ദിവസവും ഓരോന്ന്. കണ്‍ഫ്യൂഷനടിക്കാതെ വാലന്റൈന്‍സ് വീക്ക് ആഘോഷിക്കാനുള്ള വിവരങ്ങളാണ് ഇനി പറയാന്‍ പോകുന്നത് !

ഫെബ്രുവരി7; റോസാപ്പൂക്കളുടെ ദിവസം
വാലന്റൈന്‍സ് വീക്കിന്റെ ആദ്യ ദിവസം പനിനീര്‍പ്പൂക്കളുടെ ദിനമാണ്. ഇഷ്ടത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ആളുകള്‍ റോസാപ്പൂക്കള്‍ കൈമാറുന്നു. ഹൃദയച്ചുമപ്പുള്ള പൂക്കളാണ് കമിതാക്കള്‍ നല്‍കുന്നത്. സുഹൃത്തുക്കള്‍ തമ്മിലാകുമ്പോള്‍ നിറം മഞ്ഞയാകും. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍ അല്ല, വെറും സുഹൃത്താണോ എന്നാലോചിച്ചാല്‍ അതും അല്ല. ഈ സ്‌റ്റേജില്‍ ഉള്ളവര്‍ സമ്മാനിക്കുക പിങ്ക് റോസാപ്പൂവാണ്.

വെള്ള റോസാപ്പൂക്കള്‍ പതിവ് പോലെ സമാധാന വാഹകരാണ്. വഴക്കിട്ടിരിക്കുന്നവര്‍ക്ക് വെള്ളപ്പൂക്കള്‍ നല്‍കി മഞ്ഞുരുക്കാം. അങ്ങനെ പലതരം ബന്ധങ്ങളെ പുഷ്പം പോലെ സ്‌ട്രോങ്ങാക്കിയിട്ടാണ് വാലന്റൈന്‍സ് വീക്ക് തുടങ്ങുക.

ഫെബ്രുവരി 8; പ്രണയാഭ്യര്‍ത്ഥനയുടെ ദിവസം
തലേന്ന് റോസാപ്പൂക്കള്‍ കൊടുത്ത് സൂചിപ്പിച്ച ഇഷ്ടം തുറന്ന് പറയാനുള്ള ദിവസമാണ് ഇത്. വാലന്റൈന്‍സ് വീക്കിലെ രണ്ടാം ദിനം പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ദിവസമായാണ് അറിയപ്പെടുന്നത്. പലരും റിലേഷന്‍ഷിപ്പ് സ്റ്ററ്റാസ് single ല്‍ നിന്ന് Committed ആക്കുന്ന ദിവസം. ഇഷ്ടമുള്ള ആളോട് ധൈര്യം സംഭരിച്ച് മനസിലുള്ളത് പറയാന്‍ ഇതിലും നല്ലൊരു അവസരം വേറെയില്ല!

ഫെബ്രുവരി 9; മധുരമൂറും ചോക്ലേറ്റ് ഡേ
കാമുകിക്ക് സമ്മാനിക്കാനുള്ള ഏറ്റവും മികച്ച സമ്മാനമായിട്ടാണ് ചോക്ലേറ്റ് അറിയപ്പെടുന്നത്. ഏത് പിണക്കവും അലിയിച്ച് കളയാന്‍ ഇത്തിരി ചോക്ലേറ്റ് മധുരം മതി. പ്രായഭേതമന്യേ പ്രണയിതാക്കള്‍ ചോക്ലേറ്റുകള്‍ സമ്മാനിക്കുന്നത് വാലന്റൈന്‍സ് വീക്കിലെ മൂന്നാം ദിനത്തിലാണ്. പോക്കറ്റിന്റെ വലിപ്പമനുസരിച്ച് വിവിധയിനം മധുരങ്ങള്‍ വിപണിയിലുണ്ട്. ഇത്തിരി ക്രിയേറ്റിവിറ്റിയും പാചകത്തോടുള്ള താല്‍പര്യവും മതി, പേഴ്‌സണലൈസ്ഡ് രുചിയിലും പാക്കിങ്ങിലും ഹോംമേഡ് ചോക്കളേറ്റ് ഉണ്ടാക്കാം.

ഫെബ്രുവരി 10; കൃസൃതിക്കരടിപ്പാവയുടെ ദിവസം
വാലന്റൈന്‍സ് വീക്കിലെ ഏറ്റവും ഓമനത്തമുള്ള ദിവസം ഫെബ്രുവരി പത്താണ്. പ്രണയ സമ്മാനങ്ങളില്‍ ഒഴിവാക്കാനാകാത്ത ടെഡി ബിയറിന്റെ ദിവസമാണന്ന്. . പഞ്ഞി പോലുള്ളൊരു കരടിപ്പാവയെ ഈ ദിവസം തന്നെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിച്ചോളൂ. അതിനു ശേഷമുള്ള ദിവസങ്ങളെയൊക്കെ സന്തോഷപ്രദമാക്കാന്‍ ഷെല്‍ഫിലിരിക്കുന്ന ഓമനത്തം നിറഞ്ഞ ടെഡി ബിയറിന്റെ സാമിപ്യത്തിനാകും.

ഫെബ്രുവരി 11; വാഗ്ദാന ദിനം
ഈ ദിവസം കുട്ടിക്കളിയല്ല. നിങ്ങളുടെ ബന്ധത്തിന്റെ തീവ്രതയും ആത്മാര്‍ത്ഥതയും പരസ്പരം പങ്കു വെക്കേണ്ട ദിവസമാണിത്. സന്തോഷത്തിലും സങ്കടത്തിലും പ്രതിസന്ധികളിലും ഒന്നിച്ചു നിന്ന് തീവ്ര പ്രണയത്തില്‍ മുന്നോട്ട് പോകാമെന്ന വാഗ്ദാനം ഈ ദിവസം നല്‍കാം.

ഫെബ്രുവരി 12; ആലിംഗനത്തിന്റെ ദിവസം
ഊഷ്മളമായൊരു കെട്ടിപ്പിടുത്തത്തിന് പ്രണയിക്കുന്നവരുടെ ഇടയില്‍ വലിയ സ്ഥാനമുണ്ട്. സ്‌നേഹവും കരുതലുമൊക്കെ അതിലൂടെ വ്യക്തമാക്കപ്പെടും. എത്രയോ നേരത്തെ പിണക്കവും, വിഷമവും, ഏറെ നേരം കാണാതിരുന്നതിന്റെ വേദനയുമൊക്കെ ഒരൊറ്റ ആലിംഗനത്തില്‍ ഇല്ലാതാകും. വാലന്റൈന്‍സ് വീക്കിലെ അഞ്ചാം ദിനം ‘ഹഗ്ഗ് ഡേ’ ആണ്.

ഫെബ്രുവരി 13; ഉമ്മകളുടെ ദിവസം
വാലന്റൈന്‍സ് ഡേയുടെ തൊട്ട് തലേ ദിവസം, ഇത് ഉമ്മകളുടെ ദിവസമാണ്. പ്രണയത്തിന്റെയും അടുപ്പത്തിന്റെയും ഒരാഴ്ച അവസാനിക്കാറാകുമ്പോള്‍ ഇതിലും നല്ലൊരു സ്‌നേഹ പ്രകടന മാര്‍ഗ്ഗമുണ്ടോ. മധുരമുള്ളൊരു ചുംബനം കൊണ്ട് ഈ ദിവസത്തെ അടയാളപ്പെടുത്താം.

ഫെബ്രുവരി 14; വാലന്റൈന്‍സ് ഡേ
അവസാനം പ്രണയത്തിന്റെ ആ ദിവസമെത്തി! റോമന്‍ പുണ്യാളനായ വാലന്റൈന്റെ ഓര്‍മക്ക് ലോകമെങ്ങും പ്രണയം ആഘോഷിക്കുന്ന ദിവസം. പ്രിയപ്പെട്ടവരോടൊത്ത് ഈ ദിവസം അവിസ്മരണീയമാക്കാം.