X

ലോങ്ങ്മാർച്ചില്‍ ത്രസിച്ചത് ചമ്പാരൻ പ്രക്ഷോഭ സ്മരണകൾ

ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുകയും ഭരണഘടനാ സ്ഥാപനങ്ങളെ വന്ധ്യംകരിക്കുകയും ചെയ്യുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിന്റെ ജൈവികമായ നേതൃത്വമായി പ്രവർത്തിക്കാൻ കഴിയുക ഇടതുപക്ഷത്തിന്

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ജീവൽ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന ഒരു ബഹുജന പ്രസ്ഥാനമായി പരിവർത്തനപ്പെട്ടതിന്റെയും, ആ പ്രസ്ഥാനത്തെ നയിക്കുന്ന രാഷ്ടീയവും ധാർമ്മികവുമായ നേത്യത്വമായി മഹാത്മാഗാന്ധി മാറിയതിന്റെയും ഘട്ടമായാണ് 1917 ഏപ്രിൽ 10 മുതൽ ആരംഭിച്ച് മാസങ്ങളോളം നീണ്ടു നിന്ന ചമ്പാരൻ സമരത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ ജനസാമാന്യത്തിന്റെ നീറുന്ന പ്രശ്നങ്ങളുമായി മുഖാമുഖം വന്ന സന്ദർഭം എന്ന നിലയിൽ ഗാന്ധിജിയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിലും ചമ്പാരൻ സമരം വലിയ പങ്കാണ് വഹിച്ചത്. കർഷകരും കച്ചവടക്കാരും അഭിഭാഷകരും ഉദ്യോഗസ്ഥരുമൊക്കെയടങ്ങുന്ന വ്യത്യസ്ഥ ജനവിഭാഗങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനും ഗാന്ധിജിക്ക് സാധിച്ചു. ദേശീയ പ്രസ്ഥാനം പിന്നീട് കടന്നുപോയ നിരവധി സമരമുഖങ്ങളിലേയ്ക്കുള്ള ഊർജ്ജത്തിന്റെ ചാലകശക്തിയായി പ്രവർത്തിച്ചതും ചമ്പാരനാണ്. കർഷകരുടെ ആത്മാഭിമാനത്തെയും നിസ്സഹായാവസ്ഥയെയും ചോദ്യം ചെയ്തുകൊണ്ട് നീലം കൃഷി നിർബ്ബന്ധപൂർവ്വം അടിച്ചേല്പിച്ച സാമ്രാജ്യത്വ ഭരണകൂടത്തിനെതിരായ സമരത്തിൽനിന്നുയിർകൊണ്ട പോരാട്ട വീര്യമാണ് നിസ്സഹകരണ പ്രസ്ഥാനവും ഉപ്പുസത്യാഗ്രഹവും നിയമലംഘന സമരവും ദണ്ഡിമാർച്ചും ക്വിറ്റ് ഇന്ത്യാ സമരവുമൊക്കെയായി രാജ്യമൊന്നാകെ പടർന്നു പന്തലിച്ചത്. പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച മധ്യവർഗ്ഗത്തിന്റെ പ്രസ്ഥാനം എന്ന നിലയിൽ നിന്നും മാറി, സാമ്രാജ്യത്വ ഭരണകൂടത്തിന്റെ നയങ്ങളാൽ തീരാദുരിതത്തിലാണ്ട ഇന്ത്യൻ അടിസ്ഥാന വർഗ്ഗത്തിന്റെ വിമോചനത്തിന്റെയും ചെറുത്തുനില്പിന്റെയും കേന്ദ്രമായി സ്വാതന്ത്ര്യ സമര പ്രസ്ഥാനം മാറിത്തീരുന്നത് ഇക്കാലയളവിലാണെന്നതും ശ്രദ്ധേയമാണ്.

പത്തു ദശാബ്ദങ്ങൾക്കിപ്പുറം, ഐതിഹാസികമായ മറ്റൊരു കർഷക പോരാട്ടത്തിനു ഇന്ത്യ സാക്ഷ്യം വഹിക്കുമ്പോൾ ചമ്പാരൻ പ്രക്ഷോഭത്തിന്റെ സമരവീര്യം നൂറ്റാണ്ടിനുമപ്പുറത്തേക്ക് പടരുന്നതായും, നിലനില്പിനായി പൊരുതുന്ന ജനതയുടെ സമരവീര്യത്തെ ത്രസിപ്പിക്കുന്നതായും കാണാൻ കഴിയും. അഖിലേന്ത്യാ കിസാൻ സഭയുടെ നേത്യത്വത്തിൽ നാസിക്കിൽ നിന്നുമാരംഭിച്ച്, പൊള്ളിയടർന്നതും ചോരയിറ്റുന്നതുമായ പാദങ്ങളാൽ മുംബൈ നഗരത്തെ പ്രകമ്പനം കൊള്ളിച്ച, മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ്ങ്മാർച്ച് പിൻപറ്റുന്ന സമരവീര്യം ചമ്പാരൻ പ്രക്ഷോഭത്തിന്റേതാണ്. അതുകൊണ്ടു തന്നെ ലോങ്ങ്മാർച്ച് ഒരു തുടക്കം മാത്രമാണ്. ഇന്ത്യ സാക്ഷ്യം വഹിക്കാനിരിക്കുന്ന ബഹുജന പ്രക്ഷോഭങ്ങളുടെ സമുജ്ജ്വലമായ സമാരംഭം.

ഇന്ത്യൻ കാർഷികമേഖലയെ ഗ്രസിച്ചിരിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധിയുടെ ദൃഷ്ടാന്തമാണ് മഹാരാഷ്ട്രയിലെ കർഷകരുടെ പ്രശ്നങ്ങൾ. കാൽ നൂറ്റാണ്ടു പിന്നിട്ട പുത്തൻ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച കെടുതികളുടെ നേർ ചിത്രങ്ങൾ. ‘ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളി’ലാണെന്നു കരുതിയ മഹാത്മാവിന്റെ നാട്ടിൽ, അദ്ദേഹത്തിന്റെ ആശയങ്ങൾ പോലെ കർഷകരും അവഗണിക്കപ്പെടുകയും ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്തതിന്റെ ചരിത്രം കൂടിയാണ് ഇന്ത്യൻ കാർഷിക മേഖല ഇന്നു നേരിടുന്ന പ്രതിസന്ധി. ഇന്ത്യയിലെ ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അഴിക്കും തോറും മുറുകി വരുന്ന കുരുക്കു പോലെ ഒന്നിനു മേലെ ഒന്നായി നിരവധി പ്രശ്നങ്ങൾ കർഷകർ അഭിമുഖീകരിക്കേണ്ടി വരുന്നു. വർദ്ധിച്ചു വരുന്ന കൃഷിച്ചെലവ്, കാർഷികോല്പന്നങ്ങളുടെ വിലയിടിവ്, ന്യായ പലിശയ്ക്ക് വായ്പ ലഭ്യമല്ലാത്ത അവസ്ഥ, കൊള്ളപ്പലിശ സംഘങ്ങൾക്കു തിരിച്ചടക്കേണ്ടതായ കടം, ആദിവാസി വിഭാഗങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥത ഉറപ്പു വരുത്തുന്ന വനാവകാശ നിയമം നടപ്പിലാക്കുന്നതിൽ കാണിക്കുന്ന അലംഭാവം എന്നിവ അവയിൽ ചിലത് മാത്രം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തമായ ധാരണ ഈ പ്രതിസന്ധിയെക്കുറിച്ചുണ്ടായിരുന്നതാണ്. ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്തു തന്നെ കാർഷിക മേഖലയിൽ രൂപപ്പെടാനിരിക്കുന്ന പ്രതിസന്ധിയുടെ സൂചനകൾ ലഭ്യമായിത്തുടങ്ങിയിരുന്നു. പണമുതലാളിത്തം സൃഷ്ടിക്കുന്ന മായിക ജാലങ്ങളാൽ നിയന്ത്രിതമായ ഓഹരിക്കമ്പോളത്തിനനുസരിച്ചുള്ള നയസമീപനങ്ങളിൽ ആണ്ടു മുഴുകിയിരുന്ന ഭരണകൂടങ്ങൾ, കാർഷിക മേഖലയിലെ പ്രശ്നങ്ങളെ ഋഷിതുല്യമായ നിസ്സംഗതയോടെയാണ് സമീപിച്ചത്. ഭരണകൂടത്തിന്റെ നിർലജ്ജമായ അവഗണയുടെ ഫലമായ ഈ പ്രതിസന്ധി ഇന്നു വളർന്നെത്തി നില്ക്കുന്നത്, ഇന്ത്യയിൽ ഓരോ അരമണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു എന്ന ഗുരുതര സാഹചര്യത്തിലേക്കാണ്.

ഇന്ത്യയെ തിരികെ പിടിക്കാന്‍ വൃദ്ധരും ജ്ഞാനികളുമായ ആ കര്‍ഷകര്‍ കാണിച്ച വഴിയേ നാം നടന്നു തുടങ്ങേണ്ടതുണ്ട്

‘കൃഷിയൊഴികെ മറ്റെന്തിനും കാത്തിരിക്കാമെന്ന’ ജവഹർലാൽ നെഹ്റുവിന്റെ പ്രശസ്തമായ വാചകം, കർഷകരെയും കാർഷിക മേഖലയെയും പരമ പ്രാധാന്യത്തോടെ കണ്ട ഒരു മനോഭാവത്തിന്റെതാണ്. സാഹചര്യങ്ങൾ യാതൊരു തരത്തിലും കാത്തിരിക്കാനനുവദിക്കാത്ത ഇന്ത്യൻ കർഷകൻ അഭയം കണ്ടെത്തിയത് ഒരു മുഴം കയറിലോ കീടനാശിനിക്കുപ്പിയിലോ റെയിൽവ്വേ ട്രാക്കിലോ ആയിരുന്നു. ഇന്ത്യൻ കാർഷിക മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചു ഗൗരവകരമായ പഠനങ്ങൾ നടത്തിയിട്ടുള്ള, മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ പ്രൊഫ.കെ. നാഗരാജന്റെ പഠനങ്ങളനുസരിച്ച്, 1996 മുതൽ 2012 വരെ ആത്മഹത്യ ചെയ്ത ഇന്ത്യൻ കർഷകരുടെ എണ്ണം മൂന്നു ലക്ഷം വരും. ഔദ്യോഗികമായ രേഖകളിൽ കർഷക ആത്മഹത്യ എന്നു രേഖപ്പെടുത്തിയ കണക്കുകൾ മാത്രമാണിത്. കർഷക ആത്മഹത്യകൾ പെരുകിയ സാഹചര്യത്തിൽ ഔദ്യോഗിക കണക്കുകളിൽ അവ തെളിയാതിരിയ്ക്കാൻ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ആത്മഹത്യയായി രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും, കാർഷിക ഭൂമിയുടെ പട്ടയം സ്വന്തമായുള്ളവരെ മാത്രം കർഷകർ എന്ന ഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. സ്വന്തം ഭൂമിയിലല്ലാതെ പാട്ടഭൂമിയിൽ കൃഷി ചെയ്യുന്ന ദശലക്ഷക്കണക്കിനു കർഷകർ അതോടെ കർഷകർ എന്ന ഗണത്തിനു പുറത്താകുകയും ഔദ്യോഗിക കണക്കുകളിലൊന്നും തന്നെ പെടാതിരിക്കുകയും ചെയ്തു. മഗ്സാസേ അവാർഡ് ജേതാവു കൂടിയായ മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായ്നാഥ് തന്റെ പഠനങ്ങളിൽ ഈ വസ്തുതകൾ സൂചിപ്പിക്കുന്നുണ്ട്. കാർഷിക പ്രതിസന്ധി കാര്യകാരണങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യാൻ തയ്യാറാകാത്ത മുഖ്യധാരാ മാധ്യമ സമീപനങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നു.

തീക്കാറ്റൂതുന്ന സമരങ്ങളിലൂടെയാണ് ജനകീയ മുന്നണിയുണ്ടാകുന്നത്; അവസരവാദ മുന്നണിയിലൂടെയല്ല

‘ഇന്ത്യൻ കർഷകരുടെ ചുടലപ്പറമ്പെ’ന്നാണ് കെ. നാഗരാജൻ തന്റെ പഠനങ്ങളിൽ മഹാരാഷ്ട്രയെ വിശേഷിപ്പിക്കുന്നത്. 1996-2005 കാലഘട്ടത്തിൽ രാജ്യത്തു നടന്ന കർഷക ആത്മഹത്യകളിൽ ആറിലൊന്ന് മഹാരാഷ്ട്രയിലായിരുന്നെങ്കിൽ, 2006 ൽ അത് നാലിൽ ഒന്നായി വർദ്ധിച്ചു. 1996 മുതൽ 2015 വരെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 70000 മുകളിൽ വരും. ചെറുകിട കർഷകരിൽ വലിയൊരു വിഭാഗം കൃഷി ഉപേക്ഷിക്കുകയും മറ്റു തൊഴിലുകൾ അന്വേഷിച്ചു കൊണ്ട് നഗരങ്ങളിലേയ്ക്ക് പലായനം ചെയ്യുകയും ചെയ്യുന്നു. 1996- 2012 കാലയളവിൽ, 11 ശതമാനം കുറഞ്ഞു, 31 ദശലക്ഷം മാത്രമായി കർഷകരുടെ എണ്ണം ചുരുങ്ങിയതായും പഠനങ്ങൾ കാണിക്കുന്നു. കർഷകരുടെ കൈവശമുള്ള ഭൂമിയുടെ അളവും ഇക്കാലയളവിൽ കുറയുകയുണ്ടായി. 78 ശതമാനം കർഷകരും രണ്ടു ഹെക്ടറിൽത്താഴെ മാത്രം കൃഷിയുള്ള ചെറുകിട കർഷകരാണ്. കാലം തെറ്റിയെത്തുന്ന മഴക്കാലവും കാർഷികോല്പന്നങ്ങളുടെ വിലയിടിവും അനുദിനം ഏറിവരുന്ന കടവും കർഷകർക്കു മുമ്പിൽ ഇല്ലാതാക്കുന്നത് കൃഷിയെന്ന ജീവനോപാധി മാത്രമല്ല, സ്വന്തം ജീവിതത്തെ സംബന്ധിക്കുന്ന അവസാന പ്രതീക്ഷകൾ കൂടിയാണ്. പ്രത്യാശകൾ നശിച്ച നിമിഷങ്ങളിൽ ആത്മഹത്യയിൽ അഭയം തേടിയിരുന്ന ഈ കർഷകരാണ് അവസാന പോരാട്ടത്തിനായ് മഹാരാഷ്ട്രയിലെ ഗ്രാമ- ഗ്രാമാന്തരങ്ങളിൽ നിന്നും മുംബെയിലേയ്ക്ക് നടന്നടുത്തത്. അതിജീവനത്തിനായുള്ള സമരത്തിൽ ഏർപ്പെട്ട, കുട്ടികളും സ്ത്രീകളുമടങ്ങുന്ന ദരിദ്രനാരായണന്മാരായ കർഷകരെയും ആദിവാസികളെയും ‘നഗര മാവോയിസ്റ്റുകൾ’ എന്ന് അപഹസിച്ച പൂനം മഹാജന്മാർ, നഗരവീഥിയിലേക്കൊഴുകിയ മറാത്താ ഗ്രാമങ്ങളുടെ പ്രവാഹത്തെ എത്രമാത്രം ഭയപ്പെടുന്നുവെന്ന് അവരുടെ അപക്വമായ പ്രതികരണം കാണിക്കുന്നു.

ബി.ജെ.പി നയിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിട്ടുവീഴ്ച്ചയില്ലാതെ പിന്തുടർന്ന പുത്തൻ സാമ്പത്തിക നയങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചതും രാജ്യത്തെ കർഷകരെയും സാധാരണ ജനങ്ങളെയുമാണ്. വാചാടോപങ്ങൾ മാത്രമായിച്ചുരുങ്ങിയ കർഷക രക്ഷാ നടപടികൾ കൊണ്ട് യാതൊരു ഗുണവുമില്ലെന്ന തിരിച്ചറിവാണ് പതിനായിരക്കണക്കിന് കർഷകരെ ഈ മഹാപ്രക്ഷോഭത്തിലേക്ക് ആകർഷിച്ചത്. ലോങ്ങ് മാർച്ചിന്റെ ഏറ്റവും വലിയ വിജയം, മൂന്നുനേരവും കഴിക്കാനുള്ള ഭക്ഷണം ഉല്പാദിക്കുന്നവരെപ്പറ്റിയും അവരുടെ പ്രശ്നങ്ങളെപ്പറ്റിയും രാജ്യം ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നുവെന്നതാണ്. ഭരണകൂടങ്ങൾക്ക് ഇനിയും അവഗണിക്കാനാവാത്ത വിധം സംഘടിതശക്തിയായി കർഷകർ ഐക്യപ്പെടുന്നതിലൂടെ, രാജ്യത്തെ ബഹുജനപ്രക്ഷോഭങ്ങൾക്ക് പുതിയ ദിശാബോധം പകർന്നു നല്കാനും ഈ സമരത്തിനു സാധിച്ചു.

പാടത്തുനിന്നും കാട്ടില്‍ നിന്നും മുംബൈയിലേക്കൊരു ലോംഗ് മാര്‍ച്ച്

വിഖ്യാത ചരിത്രകാരനായ രാമചന്ദ്രഗുഹ ‘ദി ടെലിഗ്രാഫ്’ പത്രത്തിലെഴുതിയ, ചമ്പാരൻ സമരത്തെക്കുറിച്ചുള്ള ലേഖനത്തിൽ, ഗാന്ധിജിയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ ചമ്പാരൻ പ്രക്ഷോഭം വഹിച്ച പങ്കിനെക്കുറിച്ച് അക്കമിട്ട് പ്രതിപാദിക്കുന്നുണ്ട്. ഗുജറാത്തിലും രാജ്യത്തൊട്ടാകെ തന്നെയും സ്വീകാര്യനായ നേത്യത്വമായി മാറിയ മഹാത്മാഗാന്ധി, അദ്ദേഹത്തിന്റെ ഏറ്റവും പ്രമുഖരായ അനുയായികളെ സന്ധിക്കുന്നത് ഈ സമരമുഖത്തു വെച്ചാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കർഷകരടക്കം, രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുവാൻ തനിക്കാകുമെന്ന ആത്മവിശ്വാസം ഗാന്ധിജിക്കു പകർന്നു നല്കിയ ചമ്പാരൻ, സാമ്രാജ്യത്യ ഭരണകൂടത്തിന്റെ വിവിധ ഘടകങ്ങളുമായി സംവദിക്കാനുള്ള അടവുനയങ്ങളും അദ്ദേഹത്തിനു സമ്മാനിക്കുകയുണ്ടായി. രാജ്യത്തെയാകെ നയിച്ച ഒരു രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ഏറ്റവും ധനാത്മകമായ സമരാനുഭവമായിരുന്നു, ആ അർത്ഥത്തിൽ ചമ്പാരൻ പ്രക്ഷോഭം. ലോങ്ങ്മാർച്ചും ചമ്പാരനിലെ പ്രക്ഷോഭവും തമ്മിലുള്ള താരതമ്യത്തിന്റെ യുക്തിയും ഇതുതന്നെയാണ്. ജനവിരുദ്ധവും അപരവിദ്വേഷത്തിലധിഷ്ഠിതവുമായ ഹിന്ദുത്വ ഭരണകൂടത്തിനെതിരായി വളർന്നു വരുന്ന ബഹുജന പ്രക്ഷോഭങ്ങളുടെ പ്രകൃതത്തെയും മാർഗ്ഗത്തെയും സംബന്ധിക്കുന്ന വ്യക്തമായ ദൃഷ്ടാന്തമായി ലോങ്ങ്മാർച്ച് മാറുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റുകയും ഭരണഘടനാ സ്ഥാപനങ്ങളെ വന്ധ്യംകരിക്കുകയും ചെയ്യുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരായ പ്രക്ഷോഭത്തിന്റെ ജൈവികമായ നേതൃത്വമായി പ്രവർത്തിക്കാൻ കഴിയുക ഇടതുപക്ഷത്തിനാണെന്ന വസ്തുതയും ഉജ്ജ്വലമായ വിജയം നേടിയ ഈ പ്രക്ഷോഭം ആവർത്തിച്ചുറപ്പിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ലോംഗ് മാര്‍ച്ചിലെ അമ്മമാര്‍; അവര്‍ മണ്ണില്‍ കൃഷിചെയ്തു, അവര്‍ മണ്ണില്‍ ചവിട്ടി ജാഥ നയിച്ചു

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

വടക്കാഞ്ചേരി ശ്രീവ്യാസ എൻ. എസ്. എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍

More Posts