X

വീണ്ടും ആളിക്കത്തിക്കാന്‍ ലവ് ജിഹാദ് പ്രചരണങ്ങള്‍

സെന്‍കുമാര്‍ ഇത് സംബന്ധിച്ച് പറഞ്ഞത് പൊലീസ് ഇപ്പോള്‍ സ്ഥിരീക്കുകയാണ് എന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

വീണ്ടും ലവ് ജിഹാദ് പൊന്തിവരുന്നു. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത് വലിയ വിവാദമാവുകയും തുടര്‍ന്ന് ഇത്തരത്തില്‍ യാതൊരു സ്ഥിരീകരണവും പൊലീസ് നടത്തിയിട്ടില്ലെന്ന് ബെഹ്ര വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയ ഹാദിയ കേസ്, ലവ് ജിഹാദ് പ്രശ്‌നമായി സംഘപരിവാര്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.

സംഘപരിവാര്‍ കേരളത്തെ കേന്ദ്രീകരിച്ച് ഏറെക്കാലമായി നടത്തി വരുന്ന പ്രചാരണങ്ങളിലൊന്നാണ് ലവ് ജിഹാദ്. മുസ്ലീം സമുദായത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ ഹിന്ദു യുവതികളെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്നതായും ഇത് ലവ് ജിഹാദ് എന്ന ആസൂത്രിത പരിപാടിയുടെ ഭാഗമാണെന്നും ആയിരുന്നു പ്രചാരണം. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നില്ലെന്നും തെളിവൊന്നും ലഭിച്ചിട്ടില്ലെന്നുമായിരുന്നു 2009-ല്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോള്‍ അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

മലപ്പുറം ജില്ല കേന്ദ്രീകരിച്ച് മതം മാറ്റം നടത്തുന്നുവെന്ന പ്രചാരണം സംഘപരിവാര്‍ ഒരു ഭാഗത്ത് നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ ഇത്തരത്തിലൊരു വാദവുമായി കഴിഞ്ഞ ദിവസം രംഗത്തു വരികയും ചെയ്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സ്വാധീനത്തില്‍ പെട്ട് കേരളത്തില്‍ നിന്ന് മുസ്ലീം കുടുംബങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കും മറ്റും കടന്നതായി വാര്‍ത്തകള്‍ വരുകയും മറ്റും ചെയ്തത് ഒരു ഇടവേളക്ക് ശേഷം ലവ് ജിഹാദ് പ്രചാരണം സജീവമാക്കിയിരുന്നു. പിന്നീട് ഹാദിയ കേസ് ആണ് ഇത്തരത്തില്‍ വന്നത്.

Also Read: കേരളത്തില്‍ ലവ് ജിഹാദെന്ന് ബെഹ്റ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്; പറഞ്ഞിട്ടില്ലെന്ന് ബെഹ്റ

കേരളത്തില്‍ മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി വലിയ പ്രതിസന്ധിയിലായ സന്ദര്‍ഭത്തിലാണ് തിരുവനന്തപുരം ജില്ലയില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വ്യാപക സംഘര്‍ഷമുണ്ടാവുന്നത്. കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി അടക്കമുള്ളവര്‍ സംസ്ഥാനത്ത് നടത്തിയ പ്രചാരണവും രാഷ്ട്രപതി ഭരണം സംബന്ധിച്ച ചര്‍ച്ചകളും വേണ്ടത്ര ക്ലച്ച് പിടിക്കാതിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ലവ് ജിഹാദ് പൊന്തി വന്നിരിക്കുന്നത്. മുന്‍ ഡിജിപി സെന്‍കുമാര്‍, സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖവും ഓഫ് ദ റെക്കോഡായി പറഞ്ഞ വര്‍ഗീയ പരാമര്‍ശങ്ങളും വലിയ കോളിളക്കമുണ്ടാക്കിയതിന് പിന്നാലെയാണ് ഡിജിപി ബെഹ്റയും ഇത്തരത്തിലുള്ള വാദങ്ങളുമായി രംഗത്ത് വന്നതായി വാര്‍ത്ത വരുന്നത്.

സെന്‍കുമാര്‍ ഇത് സംബന്ധിച്ച് പറഞ്ഞത് പൊലീസ് ഇപ്പോള്‍ സ്ഥിരീക്കുകയാണ് എന്നാണ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. വ്യാപകമായി മതം മാറ്റം നടക്കുന്നതായുള്ള ആരോപണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ബെഹ്റ വ്യക്തമാക്കുന്നു. ഈഴവ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചാണ് ലവ് ജിഹാദിനായുള്ള ദഅവ സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതെന്നും സിപിഎമ്മുമായി ബന്ധമുള്ളവരും ഉന്നത വിദ്യാഭ്യാസമുള്ളവരും ആയവരെയാണ് ലക്ഷ്യമിടുന്നതെന്നുമാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. ഡിജിപി, ലവ് ജിഹാദ് സ്ഥിരീകരിച്ചെന്ന് പറഞ്ഞ് വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണമാണ് മലയാളം വാരികയും. സെന്‍കുമാറിന്റെ ഓഡിയോ ടേപ്പ് തേടി മലയാളം വാരികയുടെ ഓഫീസില്‍ പൊലീസെത്തിയത് വലിയ വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകരും നിയമവിദഗ്ധരും ഇതിനെതിരെ പ്രതിഷേധവും പ്രതികരണങ്ങളുമായി രംഗത്ത് വന്നു. ഇതിന് പിന്നാലെയാണ് ബെഹ്റയ്ക്കെതിരെ തിരിയാവുന്ന വാര്‍ത്തയുമായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് രംഗത്തുവരുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്ന് ബെഹ്റയ്ക്ക് പ്രസ്താവന പുറത്തിറക്കേണ്ടിയും വന്നു.

This post was last modified on August 27, 2017 1:41 pm