X

പ്രധാനമന്ത്രി നല്‍കിയ ഒരു വാഗ്ദാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കാൻ ഒഡീഷ മുതൽ ഡൽഹി വരെ അയാള്‍ നടന്നത് 1400 കിമീറ്റര്‍

റൂർക്കേലയില്‍ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഒരു വാഗ്ദാനത്തെക്കുറിച്ച് അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ ഒഡീഷ മുതൽ ഡൽഹി വരെ 80 ദിവസങ്ങള്‍ കൊണ്ട് 1400 കിലോമീറ്ററിൽ കൂടുതൽ നടന്ന് ഒഡീഷ സ്വദേശിയായ മുക്തി ബിസ്വാൾ. റൂർക്കേലയില്‍ നിന്നുള്ള ഒരു ശിൽപ്പിയാണ് ഇദ്ദേഹം. റൂർക്കേലയില്‍ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തപ്പോള്‍ ലക്ഷക്കണക്കിന് ആളുകളെപ്പോലെ മുക്തിയും അത് വിശ്വസിച്ചു. പക്ഷെ നാല് വര്‍ഷം പിന്നിന്നിട്ടിട്ടും ഒന്നും നടന്നില്ല. തുടര്‍ന്നാണ്‌ മോദിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

മുക്തി ആദ്യം കണ്ടത് ഒഡീഷയില്‍ നിന്നുള്ള എംപിയും ട്രൈബല്‍ വകുപ്പ് മന്ത്രിയുമായ ജുവാൽ ഓറത്തെയാണ്. നിന്നെ ഒന്നുകാണാന്‍ അപേക്ഷിച്ചിട്ടും പ്രധാനമന്ത്രി താല്പര്യം പ്രകടിപ്പിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മാത്രവുമല്ല, രാഷ്ട്രീയമായ കാരണങ്ങള്‍കൊണ്ടാണ് നീ ഇങ്ങനെ ചെയ്യുന്നതെന്നും, രാഹുല്‍ഗാന്ധിയാണ് ഇതിനു പിന്നിലെന്നും പറഞ്ഞ് മന്ത്രി മുക്തിയെ അപമാനിക്കുകയും ചെയ്തു.

മോദിയുമായി ഒരു കൂടിക്കാഴ്ചക്ക് അവസരം ആവശ്യപ്പെട്ട് ഇന്നലെ മുക്തി പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) ഒരപേക്ഷ സമര്‍പ്പിച്ചു. പ്രധാനമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആയിരക്കണക്കിന് കത്തുകള്‍ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നും, അതില്‍ ബഹുഭൂരിപക്ഷവും അദ്ദേഹം കാണാറില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടിയാണ് താന്‍ വന്നതെന്ന് അറിയിച്ചപ്പോള്‍ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്നും പറഞ്ഞു.

മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വരുമെന്ന് പറഞ്ഞാണ് അന്ന് അദ്ദേഹം അവിടെനിന്നും മടങ്ങിയത്. നാലാം ദിനം പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ മുക്തിയോട് വെറുതേ ഇവിടെ നിന്ന് സമയം കളയേണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്രേ. പക്ഷെ, തീരുമാനമാകാതെ തിരികെപോകാന്‍ അയാള്‍ തയ്യാറായിരുന്നില്ല.

തുടര്‍ന്ന് 7 ദിവസത്തിനുള്ളില്‍ മുക്തിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനം അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അറിയിക്കും എന്ന ഉറപ്പ് നല്‍കാന്‍ പിഎംഒ തയ്യാറായി. എന്നാല്‍ പ്രതീക്ഷാവഹമായ തീരുമാനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരം നടത്താനാണ് മുക്തി ബിസ്വാളിന്‍റെ തീരുമാനം.

This post was last modified on June 29, 2018 5:07 pm